സംസ്ഥാനത്ത് വീണ്ടും ആശങ്കയുണർത്തിക്കൊണ്ട് കൊല്ലം ജില്ലയിൽ ഷിഗെല്ല ബാക്ടീരിയ അണുബാധ (ഷിഗെല്ലോസിസ്) സ്ഥിരീകരിച്ചു. രണ്ട് വിദ്യാർത്ഥികൾക്കാണ് നിലവിൽ രോഗബാധ കണ്ടെത്തിയിരിക്കുന്നത്. പ്രധാനമായും വയറിളക്കത്തിനും മറ്റ് കടുത്ത ശാരീരിക അസ്വസ്ഥതകൾക്കും കാരണമാകുന്ന ഷിഗെല്ല, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലാണ് ഏറ്റവും കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മനുഷ്യരിലേക്ക് വളരെ വേഗത്തിൽ പകരുന്ന രോഗമാണിത്. അതിനാൽ അതീവ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
രക്തമോ കഫമോ കലർന്ന വയറിളക്കം, കഠിനമായ വയറുവേദന, മലബന്ധം, പനി, ഛർദ്ദി, കടുത്ത ക്ഷീണം എന്നിവയാണ് ഷിഗെല്ലയുടെ പ്രധാന ലക്ഷണങ്ങൾ. രോഗബാധിതരായവർ ഉപയോഗിച്ച പ്രതലങ്ങളിൽ സ്പർശിക്കുന്നതിലൂടെ കുട്ടികളിലേക്ക് ഈ രോഗാണുക്കൾ എളുപ്പത്തിൽ പടരാൻ സാധ്യതയുണ്ട്. അതിനാൽ പ്രതിരോധത്തിന്റെ ഭാഗമായി കുട്ടികളുടെയും മുതിർന്നവരുടെയും വ്യക്തിശുചിത്വം ഉറപ്പാക്കുകയാണ് ഏറ്റവും പ്രധാനം. ഇടവിട്ട് സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകാൻ ശ്രദ്ധിക്കണം. ഭക്ഷണം തയ്യാറാക്കുന്നതിനും കഴിക്കുന്നതിനും മുൻപും, ബാത്ത്റൂം ഉപയോഗിച്ചതിന് ശേഷവും കൈകൾ വൃത്തിയാക്കണം. ചെറിയ കുട്ടികൾ ബാത്ത്റൂം ഉപയോഗിച്ച ശേഷം സോപ്പിട്ട് കൈ കഴുകുന്നുണ്ടെന്ന് മുതിർന്നവർ ഉറപ്പാക്കേണ്ടതുണ്ട്. കുഞ്ഞുങ്ങളുടെ ഡയപ്പർ മാറ്റിയ ശേഷം മുതിർന്നവരും ഒപ്പം കുഞ്ഞിന്റെ കൈകളും സോപ്പുപയോഗിച്ച് കഴുകണം. രോഗവ്യാപനം തടയുന്നതിനായി വയറിളക്കമോ മറ്റ് ലക്ഷണങ്ങളോ ഉള്ള കുട്ടികളെ യാതൊരു കാരണവശാലും സ്കൂളുകളിലോ ഡേ കെയറുകളിലോ വിടരുത്. പൊതു ജലാശയങ്ങളിൽ നിന്നോ കുളങ്ങളിൽ നിന്നോ ഉള്ള വെള്ളം കുടിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുകയും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുട്ടികൾക്ക് കുടിക്കാൻ നൽകുകയും ചെയ്യുക. കുട്ടികളിൽ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ വൈദ്യസഹായം തേടണം. രോഗം മൂലമുണ്ടാകുന്ന കടുത്ത നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളവും ഒ.ആർ.എസ് ലായനിയും നൽകാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
