ക്യാമറയുടെ ഫ്ലാഷ് ലൈറ്റുകൾക്ക് മുന്നിൽ വന്നിരുന്ന് വികസനത്തിന്റെ വലിയ വലിയ ഡയലോഗുകൾ അടിക്കുകയും, പൊതുജനങ്ങളെ നന്നാക്കാനാണ് തങ്ങൾ ജനിച്ചതെന്ന് പറഞ്ഞ് കണ്ണീരൊഴുക്കുകയും ചെയ്യുന്ന ചില കപട രാഷ്ട്രീയക്കാരുടെ യഥാർത്ഥ മുഖംമൂടിയാണ് ഇന്ന് ഈ എപ്പിസോഡിലൂടെ നമ്മൾ അഴിക്കാൻ പോകുന്നത്. ശമ്പളവും പെൻഷനും കൃത്യമായി കിട്ടാതെ കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ കുടുംബങ്ങൾ കട്ടപ്പട്ടിണിയിലും കണ്ണീരിലും കഴിയുമ്പോൾ, അവർ നീതിക്കായി തെരുവിൽ സമരം ചെയ്യുമ്പോൾ, ആനവണ്ടിയുടെ പേരിൽ അണിയറയിൽ കോടികളുടെ കമ്മീഷൻ കച്ചവടം ഉറപ്പിച്ച ചില ‘വെളുത്ത ഖദറിട്ട സിംഹങ്ങളുടെ’ ഞെട്ടിക്കുന്ന കൊള്ളക്കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്.
ജനങ്ങളുടെ പോക്കറ്റിൽ നിന്ന്, പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന രാഷ്ട്രീയ കള്ളന്മാരോട് എനിക്ക് ഒന്നേ പറയാനുള്ളൂ… നിങ്ങൾ ജനങ്ങളെ ഭിക്ഷക്കാരാക്കി മാറ്റുമ്പോൾ നിങ്ങളുടെ തലമുറകൾക്ക് ഇരിക്കാൻ കോടികളുടെ കൊട്ടാരങ്ങളാണ് പണിയുന്നത്. ജനങ്ങളെ പറ്റിച്ചുണ്ടാക്കുന്ന ഈ പണം കൊണ്ട് നിങ്ങൾ സുഖിക്കുമ്പോൾ ഓർത്തു വെച്ചോളൂ, ഈ വിയർപ്പിന്റെ വില ചോദിക്കാൻ ജനങ്ങൾ തെരുവിലിറങ്ങുന്ന കാലം ദൂരെയല്ല!”
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത്, നമ്മുടെ മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അധികാര കസേരയിലിരിക്കെ കെ.എസ്.ആർ.ടി.സി.യിൽ നടന്നത് കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള വമ്പൻ പർച്ചേസ് തട്ടിപ്പാണ്, കോടികളുടെ പകൽക്കൊള്ളയാണ്! ഒരേ ദിവസം, ഒരേ കമ്പനിയുടെ, ഒരേ മോഡൽ ബസുകൾ പല വിലയ്ക്ക് വാങ്ങി ഖജനാവ് വെട്ടിപ്പൊളിച്ച വമ്പൻ അഴിമതിയുടെ ഫയലുകൾ ഓരോന്നായി പുറത്തെത്തിയിരിക്കുകയാണ്. സാധാരണ നമ്മൾ ഒരു കടയിൽ പോയി പത്തോ ഇരുപതോ സാധനം ഒരുമിച്ച് വാങ്ങുമ്പോൾ കടക്കാരൻ നമുക്ക് വലിയ ഡിസ്കൗണ്ട് തരും, വില കുറച്ചു തരും. അതിനെയാണ് നമ്മൾ ഹോൾസെയിൽ റേറ്റ് എന്ന് വിളിക്കുന്നത്. എന്നാൽ പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിലും ഗണേഷ് കുമാറിന്റെ വകുപ്പിലും കഥ നേരെ തിരിച്ചാണ്. ഇവിടെ കൂടുതൽ വാങ്ങുന്തോറും വില കൂടുന്ന അത്ഭുത പ്രതിഭാസമാണ് നടക്കുന്നത്. കൂടുതൽ വണ്ടി വാങ്ങുമ്പോൾ ഖജനാവിലെ കോടികൾ ചോർന്ന് നേതാക്കളുടെ അക്കൗണ്ടിലേക്ക് വീഴുന്ന മാന്ത്രിക വിദ്യയാണ് ഇവിടെ അരങ്ങേറിയിരിക്കുന്നത്. അഴിമതിക്കെതിരെ സീറോ ടോളറൻസ് എന്ന് പ്രസംഗിക്കുന്ന മുഖ്യമന്ത്രിയും പാർട്ടിയും ഇപ്പോൾ എവിടെ ഒളിച്ചിരിക്കുകയാണ് എന്ന് ജനങ്ങൾ ചോദിച്ചു തുടങ്ങി കഴിഞ്ഞു.
നോക്കണേ ഇവരുടെ ഒരു അഴിമതിരഹിത ഭരണം! സാധാരണക്കാരൻ ഒരു രൂപയുടെ നികുതി അടച്ചില്ലെങ്കിൽ ജയിലിലടയ്ക്കുന്ന നിയമ വ്യവസ്ഥയാണ് ഇവിടെയുള്ളത്. എന്നാൽ മന്ത്രിമാരും ഭരണകർത്താക്കളും ചേർന്ന് കോടികൾ വിഴുങ്ങുമ്പോൾ അവർക്ക് ചുറ്റും രാഷ്ട്രീയ സംരക്ഷണത്തിന്റെ വലിയൊരു കാവൽവലയമാണ് ഒരുക്കുന്നത്. ഇതാണോ സാർ നിങ്ങളുടെ ഇരട്ടച്ചങ്കൻ വികസന മാതൃക?”
ഒരു വശത്ത് വികസന നായകൻ എന്ന് സ്വയം പുകഴ്ത്തുകയും മറു വശത്ത് ഖജനാവ് വെട്ടിപ്പൊളിക്കുകയും ചെയ്യുന്ന ഈ കപട രാഷ്ട്രീയ നാടകത്തിന്റെ പൂർണ്ണമായ കണക്കുകൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. വണ്ടിക്കച്ചവടത്തിന്റെ മറവിൽ നടന്ന ആ കോടികളുടെ കൊള്ളയുടെ കൃത്യമായ കണക്കുകൾ എന്താണ്… എന്താണ് ഇവിടെ യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് നമുക്ക് വിശദമായി തന്നെ നോക്കാം…
കെ.എസ്.ആർ.ടി.സി.യിലേക്ക് ടാറ്റ കമ്പനിയുടെ നൂറ്റിയെൺപത്തിയൊന്ന് ബസുകൾ വാങ്ങിയതിലെ കണക്കുകളിലാണ് വൻ പൊരുത്തക്കേടുകളും തട്ടിപ്പും ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രണ്ടായിരത്തി ഇരുപത്തിയഞ്ച് നവംബർ ഇരുപത്തിയൊന്നാം തീയതി കെ.എസ്.ആർ.ടി.സി. ഒരൊറ്റ ദിവസം കൊണ്ട് രണ്ട് വ്യത്യസ്ത വിലയ്ക്കാണ് ഒരേ മോഡൽ ബസുകൾ വാങ്ങിക്കൂട്ടിയത്. ഒരു വശത്ത് ഒരു ബസിന് ഇരുപത്തിയൊൻപത് ലക്ഷത്തി എൺപത്തിരണ്ടായിരത്തി പതിനഞ്ച് രൂപ നിരക്കിൽ എട്ട് ബസുകൾ വാങ്ങിയപ്പോൾ, അതേ ദിവസം തന്നെ ഇതേ മോഡലിലുള്ള അഞ്ച് ബസുകൾ വാങ്ങിയത് വെറും ഇരുപത്തിയേഴ് ലക്ഷത്തി എഴുപത്തിനാലായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റിമൂന്ന് രൂപയ്ക്കാണ്. അതായത്, ഒരൊറ്റ ദിവസം കൊണ്ട് ഒരൊറ്റ വണ്ടിക്ക് മാത്രം അധികമായി നൽകിയത് രണ്ട് ലക്ഷത്തി ഏഴായിരത്തി ഇരുന്നൂറ്റി ഇരുപത്തിരണ്ട് രൂപയാണ്. ഈ ഒരൊറ്റ ദിവസത്തെ പർച്ചേസിലൂടെ മാത്രം പതിനാറര ലക്ഷത്തിലധികം രൂപയാണ് അധിക വിലയായി നൽകി തട്ടിയെടുത്തിരിക്കുന്നത്.
പാർട്ടി അണികളോട് എനിക്ക് ഒന്നേ പറയാനുള്ളൂ… നിങ്ങളീ തെരുവിൽ വെയിൽ കൊണ്ട് മുദ്രാവാക്യം വിളിക്കുന്നതും കല്ലേറ് കൊള്ളുന്നതും അണികളാകാൻ വേണ്ടിയല്ല, ദാ ഇതുപോലെ നേതാക്കൾക്ക് എ.സി. കാറിലിരിക്കാനും, വണ്ടിക്കച്ചവടത്തിൽ കോടികൾ കമ്മീഷൻ അടിച്ച് തലമുറകൾക്ക് സമ്പാദിക്കാനും വേണ്ടിയാണ്! നേതാക്കൾ തടുത്തു കൊഴുക്കുമ്പോൾ അണികൾ ഇപ്പോഴും തെരുവിൽ തന്നെയാണ്!”
ഈ കൊള്ള നവംബറിലും ഡിസംബറിലും രണ്ടായിരത്തി ഇരുപത്തിയാറ് ഫെബ്രുവരി വരെ നടത്തിയ എല്ലാ പർച്ചേസുകളിലും ഇവർ ആവർത്തിച്ചു കൊണ്ടിരുന്നു. എട്ട് ബസുകൾ വില കുറച്ചും പതിനാറ് ബസുകൾ വൻ തുക അധികം നൽകിയുമാണ് ഇവർ വാങ്ങിക്കൂട്ടിയത്. ഡിസംബർ പതിമൂന്നിനും ഇതേ രീതിയിൽ ഒരേ മോഡൽ ബസുകൾ ചിലത് ഇരുപത്തിയേഴ് ലക്ഷത്തിനും മറ്റ് ചിലത് മുപ്പത് ലക്ഷത്തിനുമൊക്കെയാണ് മാറിമാറി വാങ്ങിയത്. ഫെബ്രുവരി വരെയുള്ള ആകെ കണക്ക് നോക്കിയാൽ ഇരുപത്തിയേഴ് ലക്ഷത്തി എഴുപത്തിനാലായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റിമൂന്ന് രൂപ നിരക്കിൽ പതിനാല് ബസുകളും, ഇരുപത്തിയേഴ് ലക്ഷത്തി തൊണ്ണൂറ്റിയാറായിരത്തി എഴുന്നൂറ്റി പതിനെട്ട് രൂപ നിരക്കിൽ മുപ്പത് ബസുകളും വാങ്ങി. എന്നാൽ അതിനുശേഷം വില കുത്തനെ കൂട്ടി ഇരുപത്തിയൊൻപത് ലക്ഷത്തി എൺപത്തിരണ്ടായിരത്തി പതിനഞ്ച് രൂപ നിരക്കിൽ അൻപത്തിനാല് ബസുകളും, ഏറ്റവും ഉയർന്ന തുകയായ മുപ്പത് ലക്ഷത്തി അയ്യായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റിയൊൻപത് രൂപ നിരക്കിൽ എൺപത്തിമൂന്ന് ബസുകളുമാണ് ഖജനാവിലെ പണം വാരിയെറിഞ്ഞ് വാങ്ങിക്കൂട്ടിയത്. ഇങ്ങനെ നൂറ്റിയെൺപത്തിയൊന്ന് ബസുകൾ പല വിലയ്ക്ക് മാറിമാറി വാങ്ങിയതിലൂടെ ആകെ മൊത്തം നാല് കോടിയിലധികം രൂപയുടെ വമ്പൻ തട്ടിപ്പാണ് ഇവിടെ നടന്നിരിക്കുന്നത്
ഇത്രയൊക്കെ വലിയ ക്രമക്കേട് നടന്നിട്ടും ഇതുമായി ബന്ധപ്പെട്ട് യാതൊരുവിധത്തിലുള്ള അന്വേഷണമോ ഓഡിറ്റോ നടന്നിട്ടില്ല എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. മുൻപും ഇത്തരം വലിയ തട്ടിപ്പുകൾ നടന്നതായി ആരോപണമുയർന്നിരുന്നു എങ്കിലും യാതൊരുവിധ അന്വേഷണവുമില്ലാതെ രാഷ്ട്രീയ സംരക്ഷണത്തോടെ കേസ് അങ്ങ് ഒതുക്കുകയായിരുന്നു. ഇപ്പോൾ ഈ പുറത്തുവന്ന നാല് കോടിയുടെ അഴിമതിയെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ നിലവിലെ ഗതാഗത മന്ത്രി സി.പി. ജോൺ നൽകിയ മറുപടിയാണ് ഇതിലും വലിയ കോമഡി. സംഭവം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നാണ് മന്ത്രി പ്രതികരിച്ചത്. കോടികളുടെ ഫയലുകൾ മുകളിലൂടെ പറക്കുമ്പോൾ മന്ത്രിമാർ ഉറക്കത്തിലായിരിക്കും എന്നതിന് ഇതിലും വലിയ തെളിവ് വേണോ?
ഇനി ഇതിനുശേഷം നമ്മുടെ നാട്ടിൽ സ്ഥിരമായി നടക്കാറുള്ള ചില രാഷ്ട്രീയ നാടകങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. ഈ കോടികളുടെ അഴിമതിക്കഥ പുറത്തുവന്നതോടെ വരും ദിവസങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ സെക്രട്ടേറിയറ്റിന് മുന്നിലേക്കും കെ.എസ്.ആർ.ടി.സി. ചീഫ് ഓഫീസിലേക്കും മാർച്ചുകൾ നടത്തും. കല്ലേറും ലാത്തിച്ചാർജും ജലപീരങ്കിയുമൊക്കെയായി തെരുവ് കുറച്ചുദിവസം യുദ്ധക്കളമാകും. ചാനൽ ചർച്ചകളിൽ വന്നിരുന്ന് ന്യായീകരണ തൊഴിലാളികൾ പുതിയ പുതിയ ക്യാപ്സൂളുകൾ ഇറക്കി ഈ കൊള്ളയെ ന്യായീകരിക്കാൻ പരമാവധി ശ്രമിക്കും. “മുൻ ഗതാഗത മന്ത്രിയുടെ കാലത്ത് വണ്ടി വാങ്ങിയതിൽ യാതൊരു അഴിമതിയും നടന്നിട്ടില്ല, ഇത് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ മാധ്യമങ്ങൾ ചമച്ചുണ്ടാക്കിയ കള്ളക്കഥയാണ്” എന്നാവും അവരുടെ സ്ഥിരം പല്ലവി. ഇത്രയൊക്കെ വലിയ തെളിവുകൾ പുറത്തുവന്നിട്ടും ജനങ്ങളെ വിഡ്ഢികളാക്കുന്ന ഇത്തരം ന്യായീകരണങ്ങൾ കേൾക്കുമ്പോൾ സാധാരണക്കാരന് ചിരിക്കണോ അതോ കരയണോ എന്ന് അറിയാത്ത അവസ്ഥയാണ്.
