കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ സ്കൂൾ പദ്ധതിയിൽ ഒപ്പുവെച്ച ശേഷം ഇപ്പോൾ അതിൽ നിന്ന് പിന്മാറാൻ ശ്രമിക്കുന്ന മുൻ പിണറായി വിജയൻ സർക്കാരിന്റെ നിലപാടുകളെ രൂക്ഷമായി വിമർശിച്ച് എം.കെ. മുനീർ. കരാറിലെ കടുത്ത വ്യവസ്ഥകൾ മൂലം കേരളത്തിന് ഇതിൽ നിന്ന് പെട്ടെന്ന് ഊരിപ്പോകാൻ കഴിയില്ലെന്നും സംസ്ഥാനത്തിന് വലിയ വീഴ്ചയാണ് സംഭവിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ കടന്നുകയറ്റം ചെറുക്കാൻ കേരളം സ്വന്തമായി ബദൽ മാർഗ്ഗങ്ങൾ തേടണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
പദ്ധതി നടപ്പാക്കിയതിലെ ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പാണ് എം.കെ. മുനീർ പ്രധാനമായും ചൂണ്ടിക്കാണിച്ചത്. പിഎം ശ്രീ പദ്ധതിയെ ഇടതുപക്ഷം പുറമെ എതിർക്കുകയും എന്നാൽ അകത്ത് കേന്ദ്രവുമായി കൈകോർക്കുകയുമാണ് ചെയ്തത്. കരാർ ഒപ്പിടുന്നതിന് മുൻപ് അതിലെ വ്യവസ്ഥകളിൽ മാറ്റം വരുത്താൻ സംസ്ഥാനത്തിന് വ്യക്തമായ അവസരമുണ്ടായിരുന്നു. എന്നാൽ ഇടതു സർക്കാർ അത് ചെയ്തില്ല. ഒരു ഉപസമിതി രൂപീകരിച്ച് പദ്ധതിയെക്കുറിച്ച് പഠിക്കാൻ പോലും തയ്യാറാകാതെ സംസ്ഥാനത്തിന്റെ പരമാധികാരം പണയം വെക്കുകയാണ് ചെയ്തത്.
കരാറിൽ നിന്ന് പിന്മാറാനുള്ള പൂർണ്ണ അധികാരം കേന്ദ്രത്തിന് മാത്രമാണ് നൽകിയിരിക്കുന്നത്. കേന്ദ്രത്തിന് മാത്രം പിന്മാറാൻ അവകാശമുള്ള ഈ പദ്ധതിയിൽ നിന്ന് ‘കേരളം പിന്മാറി’ എന്ന് പറയുന്നതിൽ പിന്നെ എന്ത് യുക്തിയാണുള്ളതെന്നും മുനീർ ചോദിച്ചു. കേന്ദ്രത്തിന്റെ വിദ്യാഭ്യാസ നയങ്ങളെയും കടന്നുകയറ്റങ്ങളെയും പ്രതിരോധിക്കാൻ വാചകക്കസർത്തിനപ്പുറം ഭരണഘടനാപരവും പ്രായോഗികവുമായ ബദൽ മാർഗ്ഗങ്ങൾ എം.കെ. മുനീർ മുന്നോട്ടുവെച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന് പകരം ശക്തമായ ഒരു ‘കേരള വിദ്യാഭ്യാസ നയം’ രൂപീകരിക്കുക. കരാറിലെ ഭേദഗതിക്ക് സമ്മർദ്ദം ചെലുത്തുക. പിഎം ശ്രീ പദ്ധതി വഴി ലഭിക്കുന്ന പണം വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് മാത്രമായി പരിമിതപ്പെടുത്തി ഉപയോഗിക്കുക. കേന്ദ്രത്തെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാൻ കേരളം സ്വന്തമായി ഒരു ‘സ്വതന്ത്ര വിദ്യാഭ്യാസ ഫണ്ട്’ രൂപീകരിക്കുക. ഭരണഘടനാപരവും പ്രായോഗികവും ആയ പ്രതിരോധം തീർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
