വിചിത്ര സാമ്പത്തിക സിദ്ധാന്തവുമായി സുരേഷ് ഗോപി!

ന്ധനവില വർധനയെക്കുറിച്ചുള്ള തർക്കങ്ങൾക്കിടയിൽ തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്തെത്തിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മോദി സർക്കാരിന്റെ പന്ത്രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോട്ടയത്ത് സംഘടിപ്പിച്ച ബിജെപി പരിപാടിയിൽ സംസാരിക്കവെയാണ്, റോഡ് വികസനം ഇന്ധനവില കുറയുന്നതിന് തുല്യമാണെന്ന വിചിത്രമായ വാദം അദ്ദേഹം ഉന്നയിച്ചത്. നിലവിൽ തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാൻ 9 മുതൽ 10 മണിക്കൂർ വരെ സമയമെടുക്കുന്നുണ്ടെന്നും, എന്നാൽ റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ യാത്രാസമയം പകുതിയായി കുറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സമയലാഭത്തെ പെട്രോൾ വില കുറയുന്നതായി കണക്കാക്കാമെന്നും, സാമ്പത്തികശാസ്ത്രവും ഗണിതവും അറിയാവുന്നവർ തന്റെ ഈ വാദത്തെ തള്ളിക്കളയുകയില്ലെന്നുമാണ് സുരേഷ് ഗോപി ആത്മവിശ്വാസത്തോടെ പറഞ്ഞത്.

ഇതേസമയം, ഇന്ധനവിലയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി നൽകിയ മറുപടി സർക്കാർ നയങ്ങളിൽ ഊന്നിയുള്ളതായിരുന്നു. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിപണിയിൽ വലിയ ചലനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ കാര്യമായ വർധനയുണ്ടായിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. 2021-ലും 2022-ലും വിവിധ ഘട്ടങ്ങളിലായി കേന്ദ്ര എക്സൈസ് നികുതി കുറച്ചതിലൂടെ ലിറ്ററിന് 10 രൂപ വീതം സർക്കാർ ബാധ്യത ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യ-യുക്രൈൻ യുദ്ധത്തിന് ശേഷം പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് വലിയ വില വർധനയുണ്ടായിട്ടില്ലെന്നും, ആകെ വർധന 7.60 രൂപ മാത്രമാണെന്നും മന്ത്രി പറഞ്ഞു. ഹോർമുസ് കടലിടുക്കിലെ സംഘർഷം മൂലം എണ്ണ കമ്പനികൾക്ക് പ്രതിദിനം ആയിരം കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ടെങ്കിലും ആ ഭാരം ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപ്പിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. 193 രാജ്യങ്ങളിൽ ജപ്പാൻ ഒഴികെ മറ്റെല്ലാ രാജ്യങ്ങളെക്കാളും കുറഞ്ഞ വില വർധനയാണ് ഇന്ത്യയിലുണ്ടായതെന്നും അദ്ദേഹം അവകാശവാദം ഉന്നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *