ഡി.എം.കെ-ടി.വി.കെ പോരിൽ തിളച്ചുമറിഞ്ഞ് തമിഴ്നാട് രാഷ്ട്രീയം! 

പ്രതിപക്ഷ നേതാവും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെ തമിഴ്നാട്ടിൽ രാഷ്ട്രീയ പോര് കനക്കുന്നു. ഇതിനിടെ, തമിഴ്നാട് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് അവതരിപ്പിക്കും. ധനമന്ത്രി മരിയ വിൽസൻ അവതരിപ്പിക്കുന്ന ബജറ്റിൽ സ്ത്രീകൾക്കായി പ്രത്യേക പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ട്. കൂടാതെ, മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമോയെന്നതും ഏവരും ഉറ്റുനോക്കുന്നുണ്ട്.

കാവേരി വിഷയത്തിൽ തഞ്ചാവൂരിൽ നടന്ന പൊതുയോഗത്തിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെയും സർക്കാരിനെതിരെയും ഉദയനിധി പ്രസംഗിച്ചിരുന്നു. ഇതിനിടയിൽ സദസ്സിൽ നിന്ന് നടി തൃഷയുടെ പേര് ഉയർന്നപ്പോൾ ഉദയനിധി നടത്തിയ പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്ന ദ്വയാർത്ഥ പ്രയോഗമാണെന്ന് ആരോപിച്ചാണ് തഞ്ചാവൂർ ഈസ്റ്റ് പോലീസ് കേസെടുത്തത്. ടി.വി.കെ വനിതാ വിഭാഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടിയും തുടർന്ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതും.

എന്നാൽ താൻ കാവേരി നദിയെക്കുറിച്ചാണ് സംസാരിച്ചതെന്നും, എഡിറ്റ് ചെയ്ത വീഡിയോ ഉപയോഗിച്ച് തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്നുമാണ് ഡി.എം.കെയും ഉദയനിധി സ്റ്റാലിനും ഇതിനോടകം വ്യക്തമാക്കിയിട്ടുള്ളത്. ഈ സംഭവത്തോടെ സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ പോര് കൂടുതൽ ശക്തമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *