പുനലൂരിൽമണ്ണിടിച്ചിൽ! 

കൊല്ലം പുനലൂർ നെല്ലിപ്പള്ളിയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിലും കെട്ടിടം തകരലിലും ഒരാൾ മരിച്ചു. വന്മള സ്വദേശി സിജു തോമസ് (42) ആണ് അപകടത്തിൽപ്പെട്ടത്. നെല്ലിപ്പള്ളിയിലെ പെട്രോൾ പമ്പിന് പിൻഭാഗത്തായി പ്രവർത്തിച്ചിരുന്ന സർവീസ് സ്റ്റേഷൻ കെട്ടിടവും സംരക്ഷണ മതിലും തകർന്ന് സമീപത്തുണ്ടായിരുന്ന ടോറസ് ലോറിക്ക് മുകളിലേക്ക് വീഴുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് പുറത്തെടുത്തെങ്കിലും വാഹനത്തിനുള്ളിൽ കുടുങ്ങിയ സിജുവിന്റെ ജീവൻ രക്ഷിക്കാനായില്ല.

ചൊവ്വാഴ്ച ഉച്ചമുതൽ പ്രദേശത്ത് തുടരുന്ന കനത്ത കാറ്റിലും മഴയിലുമാണ് വൈകുന്നേരത്തോടെ കൂറ്റൻ കോൺക്രീറ്റ് മതിൽ നിലംപൊത്തിയത്. സർവീസ് സ്റ്റേഷന് പുറമെ സമീപത്തെ കള്ളുഷാപ്പിന് മുകളിലേക്കും കെട്ടിടാവശിഷ്ടങ്ങൾ പതിച്ചിട്ടുണ്ട്. ഒരു സ്കൂൾ ബസും സ്കൂട്ടറും ഉൾപ്പെടെയുള്ള വാഹനങ്ങൾ മണ്ണടിയിലായതായാണ് വിവരം. കൂടുതൽ ആളുകൾ അപകടത്തിൽപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള പരിശോധനകൾ തുടരുകയാണ്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയോരത്താണ് നാടിനെ നടുക്കിയ ഈ ദുരന്തമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *