പ്രതിഷേധിച്ചതിന് കശ്മീരികളെ പട്ടിണിക്കിട്ട് പാകിസ്ഥാൻ! 

പാക് അധിനിവേശ കശ്മീരിൽ പാകിസ്ഥാൻ ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രദേശത്ത് നാളുകളായി പുകയുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ഇസ്ലാമാബാദ് ഭരണകൂടം ആയുധമാക്കുന്നത് ക്രൂരമായ പട്ടിണി തന്ത്രമാണ്. ജനങ്ങൾക്ക് അവശ്യവസ്തുക്കളായ ഭക്ഷണം, ഇന്ധനം, ജീവൻ രക്ഷാ മരുന്നുകൾ എന്നിവ ലഭിക്കുന്നത് മനഃപൂർവ്വം തടസ്സപ്പെടുത്തിക്കൊണ്ട്, പ്രതിഷേധക്കാരെ പട്ടിണിക്കിട്ട് കീഴടക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്.

മേഖലയിലേക്കുള്ള പ്രധാന പാതകളെല്ലാം ഉപരോധിച്ചുകൊണ്ട് അവശ്യസാധനങ്ങൾ വഹിച്ചെത്തുന്ന ട്രക്കുകളും മറ്റ് വാഹനങ്ങളും അതിർത്തികളിൽ വെച്ച് പാക് സൈന്യവും പോലീസും തടയുകയാണെന്ന് പ്രാദേശിക മാധ്യമങ്ങളും അന്താരാഷ്ട്ര വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്യുന്നു. ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി നയിക്കുന്ന മേഖലാവ്യാപകമായ സമരവും അടച്ചുപൂട്ടലും നിലനിൽക്കുന്ന സാഹചര്യത്തിൽ, പാകിസ്ഥാൻ ഭരണകൂടം ഏർപ്പെടുത്തിയ ഈ കൃത്രിമ ഉപരോധം കശ്മീരി ജനതയുടെ ജീവിതം നരകതുല്യമാക്കി മാറ്റിയിരിക്കുകയാണ്.

ഈ വൻ പ്രതിഷേധങ്ങൾക്ക് പിന്നിൽ പാകിസ്ഥാൻ നടത്തുന്ന ജനാധിപത്യ വിരുദ്ധമായ കള്ളക്കളികളാണുള്ളത്. ഇന്ത്യൻ ഭരണത്തിലുള്ള കശ്മീരിൽ നിന്നുള്ള അഭയാർത്ഥികൾക്കായി പിഒകെ നിയമസഭയിൽ മാറ്റിവെച്ചിരിക്കുന്ന 12 സംവരണ സീറ്റുകളെച്ചൊല്ലിയാണ് ഇപ്പോഴത്തെ തർക്കങ്ങൾ. ഈ സീറ്റുകൾ ദുരുപയോഗം ചെയ്തുകൊണ്ട് തങ്ങളുടെ ആജ്ഞാനുവർത്തികളായ നിഴൽ സർക്കാരുകളെ പ്രതിഷ്ഠിക്കാനും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും പാകിസ്ഥാൻ നിരന്തരം ശ്രമിക്കുന്നുവെന്നാണ് കശ്മീരി ജനതയുടെ ആരോപണം. ഇതിനെതിരെ ശബ്ദമുയർത്തിയ JAAC-യെ പാകിസ്ഥാൻ ‘തീവ്രവാദ സംഘടന’യായി പ്രഖ്യാപിക്കുകയും, നടത്തിയ ക്രൂരമായ വേട്ടയാടലുകളിൽ ഇതിനകം 58-ലധികം നിരപരാധികൾ കൊല്ലപ്പെടുകയും ചെയ്തു.

ഭരണകൂട ഭീകരതയെത്തുടർന്ന് പിഒകെയിലെ ദൈനംദിന ജീവിതം പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. കറാച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ദിനപത്രമായ ‘ഡോൺ’, ‘ബിബിസി ഉറുദു’, ‘എഎഫ്പി’ എന്നിവയുടെ റിപ്പോർട്ടുകൾ പ്രകാരം പൂഞ്ച്, മുസാഫറാബാദ്, റാവലകോട്ട്, ബാഗ്, വിദൂര നീലം താഴ്‌വര എന്നിവിടങ്ങളിലെല്ലാം അതിരൂക്ഷമായ ഭക്ഷ്യ-ഇന്ധന ക്ഷാമമാണ് അനുഭവപ്പെടുന്നത്. കൂടാതെ ജനങ്ങൾ ലോകത്തോട് വിവരങ്ങൾ പങ്കുവെക്കാതിരിക്കാൻ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളും പാക് അധികൃതർ വ്യാപകമായി വിച്ഛേദിച്ചിട്ടുണ്ട്.

പ്രാദേശിക തലസ്ഥാനമായ മുസാഫറാബാദിൽ നിന്നുള്ള കാഴ്ചകൾ അതീവ ദയനീയമാണ്. ജീവൻ രക്ഷാ മരുന്നുകൾ പോലും കിട്ടാതെ ജനങ്ങൾ തെരുവിൽ അലയുകയാണ്. “ഞാൻ എന്റെ രോഗത്തിന് മരുന്ന് അന്വേഷിച്ച് നഗരത്തിൽ എല്ലായിടത്തും നടന്നു, പക്ഷേ ഒരു ഫാർമസി പോലും തുറന്നിട്ടില്ല, വലിയ കടകളിൽ പോലും സ്റ്റോക്കില്ല,” 64 കാരനായ മുഹമ്മദ് മസ്‌കീൻ എന്ന വൃദ്ധൻ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പിയോട് തന്റെ ദുരവസ്ഥ വിവരിച്ചു.ഭക്ഷണത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. നീലം ജില്ലയിലെ താമസക്കാരനായ അലിഫ് ദിൻ ബിബിസി ഉറുദുവിനോട് വെളിപ്പെടുത്തിയത് പാക് ഭരണകൂടത്തിന്റെ ക്രൂരതയുടെ ആഴം വ്യക്തമാക്കുന്നതാണ്. “കഴിഞ്ഞ 15 ദിവസമായി ഞാൻ റേഷൻ ഡിപ്പോയിൽ പണം കെട്ടിവെച്ച് നടക്കുകയാണ്, എന്നാൽ ഇതുവരെ ഒരു കിലോ ഗോതമ്പ് മാവ് പോലും എനിക്ക് തന്നിട്ടില്ല,” അലിഫ് ദിൻ പറയുന്നു. വിപണിയിൽ ബാക്കിയുള്ള ചുരുക്കം ചില കടകളിൽ ലഭ്യമായ മാവിനാകട്ടെ സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്തത്ര കരിഞ്ചന്ത വിലയുമാണ് ഈടാക്കുന്നത്.

പി ഒ കെ-യിലെ റേഷൻ സംഭരണങ്ങളെല്ലാം തീർന്നുപോയതോടെ, സ്വന്തം കുടുംബത്തെ പട്ടിണിയിൽ നിന്ന് രക്ഷിക്കാൻ ജനങ്ങൾ അതിർത്തി കടന്ന് പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലേക്കും റാവൽപിണ്ടിയിലേക്കും ഇസ്ലാമാബാദിലേക്കും വലിഞ്ഞുതുടങ്ങി. അവിടെനിന്ന് കഷ്ടപ്പെട്ട് വാങ്ങുന്ന മാവും അരിയും പഞ്ചസാരയും മരുന്നുകളുമായി തിരികെ വരുമ്പോൾ, പി ഒ കെ അതിർത്തിയിലെ ചെക്ക്‌പോസ്റ്റുകളിൽ വെച്ച് പാക് പോലീസ് ഇവ കടിച്ചുകീറി നശിപ്പിക്കുകയും പിടിച്ചെടുക്കുകയും ചെയ്യുകയാണ്.

റാവൽപിണ്ടിയിൽ നിന്ന് ഗർഭിണിയായ ഭാര്യയ്ക്കും കുടുംബത്തിനുമായി ഭക്ഷണവും മരുന്നും വാങ്ങി മടങ്ങിയ നവീദ് എന്ന യുവാവിന് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത അടിച്ചമർത്തലാണ്. ആസാദ് പട്ടാൻ ചെക്ക്‌പോസ്റ്റിൽ വെച്ച് പോലീസ് അയാളുടെ വാഹനം തടഞ്ഞു. “എന്റെ വീട്ടിൽ ആളുകൾ പട്ടിണിയിലാണ്, ദൈവത്തെയോർത്ത് ഇത് കൊണ്ടുപോകാൻ അനുവദിക്കണമെന്ന് ഞാൻ പോലീസുകാരുടെ കാലുപിടിച്ച് അപേക്ഷിച്ചു, എന്നാൽ അവർ കൂട്ടാക്കിയില്ല. ഒന്നുകിൽ ഈ ഭക്ഷണവും മരുന്നും നിന്റെ സ്വന്തം കൈകൊണ്ട് റോഡിൽ വലിച്ചെറിയുക, അല്ലെങ്കിൽ തിരിച്ചുപോവുക എന്നായിരുന്നു അവരുടെ ഭീഷണി,” നവീദ് കണ്ണീരോടെ മാധ്യമങ്ങളോട് പറഞ്ഞു.

വ്യക്തിഗത വാഹനങ്ങളെ മാത്രമല്ല, പി ഒ കെ-യിലേക്ക് വലിയ തോതിൽ ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും കൊണ്ടുപോകുന്ന വാണിജ്യ ട്രക്കുകളെയും പാകിസ്ഥാൻ മനഃപൂർവ്വം തടഞ്ഞിട്ടിരിക്കുകയാണ്. ആസാദ് പട്ടാൻ, ഫഗ്വാരി, മിർപൂർ തുടങ്ങിയ പ്രധാന പ്രവേശന കവാടങ്ങളിലെ ചെക്ക്‌പോസ്റ്റുകളിൽ പഞ്ചാബ് പോലീസ് ട്രക്കുകൾ ദിവസങ്ങളോളം തടഞ്ഞിട്ടിരിക്കുന്നതിനാൽ പച്ചക്കറികളും മറ്റ് ഭക്ഷ്യവസ്തുക്കളും ചീഞ്ഞുനാറുകയാണ്. അതിർത്തികളിൽ കിലോമീറ്ററുകളോളം നീളത്തിൽ കുടുങ്ങിക്കിടക്കുന്ന ട്രക്കുകളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പാക് ഭരണകൂടത്തിന്റെ ഈ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ പാകിസ്ഥാനിലെ പ്രതിപക്ഷ പാർട്ടികൾ തന്നെ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് -ന്റെ പി ഒ കെ ഘടകം ഈ ഉപരോധത്തെ അതിശക്തമായി അപലപിച്ചു. ആസാദ് പട്ടാൻ പോലുള്ള പാതകളിൽ യാത്രാക്കാരെ തടഞ്ഞുനിർത്തി കുടിവെള്ളവും ജീവൻ രക്ഷാ മരുന്നുകളും നിഷേധിക്കുന്ന പാക് സർക്കാരിന്റെ നടപടി ചരിത്രത്തിലെ ഏറ്റവും മോശമായ “ഫറവോനിക് അടിച്ചമർത്തലിന്” തുല്യമാണെന്ന് അവർ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.എന്നാൽ, ലോകത്തിന് മുന്നിൽ നാണംകുടാതിരിക്കാൻ തങ്ങൾ കശ്മീരികളെ പട്ടിണിക്കിടുന്നില്ലെന്ന പതിവ് കള്ളം ആവർത്തിക്കുകയാണ് പാകിസ്ഥാൻ ഔദ്യോഗിക വൃത്തങ്ങൾ. പി ഒ കെ പോലീസ് മേധാവിയും പൂഞ്ച്, മുസാഫറാബാദ് ജില്ലകളിലെ അഡ്മിനിസ്ട്രേറ്റർമാരും മേഖലയിലേക്കുള്ള അവശ്യവസ്തുക്കളുടെ നീക്കം തടഞ്ഞിട്ടില്ലെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, വസ്തുതകൾ മറിച്ചാണ്. സമരക്കാരെ നേരിടാൻ ഇസ്ലാമാബാദ് സ്വീകരിച്ചിരിക്കുന്ന പ്രധാന തന്ത്രങ്ങളിലൊന്ന് പ്രതിഷേധക്കാരിലേക്ക് എത്തുന്ന ഭക്ഷണത്തിന്റെ ഉറവിടം ഇല്ലാതാക്കുക എന്നത് തന്നെയാണെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉന്നത പാക് ഉദ്യോഗസ്ഥൻ തന്നെ ‘ഡോൺ’ പത്രത്തോട് സമ്മതിച്ചിട്ടുണ്ട്.

പാകിസ്ഥാൻ സൈന്യവും ഭരണകൂടവും എത്രയൊക്കെ പട്ടിണിക്കിട്ടും തോക്കിൻമുനയിൽ നിർത്തിയും അടിച്ചമർത്താൻ ശ്രമിച്ചിട്ടും, പിഒകെ-യിലെ ജനങ്ങളുടെ സ്വാതന്ത്ര്യ മോഹവും സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളും കൂടുതൽ ശക്തിപ്രാപിക്കുകയാണ്. റാവലകോട്ടിലെ ഈദ്ഗാഹ് മൈതാനത്ത് നടക്കുന്ന ബഹുജന കുത്തിയിരിപ്പ് സമരത്തിലേക്ക് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഒഴുകിയെത്തിയത് 70,000-ത്തിലധികം പ്രതിഷേധക്കാരാണ്. കശ്മീരിന്റെ മണ്ണിൽ പാകിസ്ഥാൻ നടത്തുന്ന ചൂഷണങ്ങൾ ഇനി അനുവദിക്കില്ലെന്ന ഉറച്ച പ്രഖ്യാപനമാണ് ഈ ജനക്കൂട്ടം നൽകുന്നത്.

പ്രക്ഷോഭം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി റാവലകോട്ടിൽ നിന്ന് ഭരണ തലസ്ഥാനമായ മുസാഫറാബാദിലേക്ക് ഒരു ലക്ഷത്തിലധികം ആളുകളെ അണിനിരത്തിക്കൊണ്ട് വമ്പിച്ച ലോംഗ് മാർച്ച് നടത്തുമെന്ന് JAAC (ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി) നേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വന്തം ജനതയ്ക്ക് നേരെ പാകിസ്ഥാൻ നടത്തുന്ന ഈ മാരകമായ സാമ്പത്തിക-ഭക്ഷണ ഉപരോധം പ്രക്ഷോഭങ്ങളെ അടിച്ചമർത്തുമോ, അതോ പാക് വിരുദ്ധ വികാരം കത്തിപ്പടർന്ന്, ഇന്ത്യയുടെ ഭാഗമാകാനുള്ള പി ഒ കെ ജനതയുടെ ആഗ്രഹത്തിന് കൂടുതൽ കരുത്തുപകരുമോ എന്ന് വരും ദിവസങ്ങളിൽ ലോകം കാണാനിരിക്കുന്നതേയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *