തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷം; മേയറുടെ കാലിൽ പ്ലാസ്റ്ററിട്ടു

തിരുവനന്തപുരം നഗരസഭയിലുണ്ടായ വൻ സംഘർഷത്തിൽ പരുക്കേറ്റ മേയർ വി.വി. രാജേഷിന്റെ കാലിൽ പ്ലാസ്റ്ററിട്ടു. മേയറും ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥും ഉൾപ്പെടെ ബി.ജെ.പി – എ.എൽ.ഡി.എഫ് വശങ്ങളിൽ നിന്നായി 16 പേരാണ് പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇതിൽ ഡെപ്യൂട്ടി മേയർ ആശാനാഥിന് തലയ്ക്കാണ് പരുക്കേറ്റതെന്നും അവർ രണ്ട് വട്ടം ഛർദ്ദിച്ചതായും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വ്യക്തമാക്കി. മേയർക്കും ഡെപ്യൂട്ടി മേയർക്കും ഉൾപ്പെടെ ഒൻപത് ബി.ജെ.പി പ്രതിനിധികൾക്ക് എൽ.ഡി.എഫ് ആസൂത്രിത ആക്രമണത്തിലൂടെ ഗുരുതരമായി പരുക്കേൽപ്പിച്ചു എന്ന് ആരോപിച്ച സുരേന്ദ്രൻ, സംഭവത്തെ കടുത്ത ഭാഷയിൽ അപലപിച്ചു.

അതേസമയം, സംഘർഷത്തിന് പിന്നിൽ മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി ഗുണ്ടായിസമാണെന്ന കടുത്ത ആരോപണവുമായി മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. എൽ.ഡി.എഫ് കൗൺസിലർമാർ സമാധാനപരമായി നടത്തിയ സത്യാഗ്രഹത്തോട് മാന്യത കാണിക്കാൻ മേയർ തയ്യാറായില്ലെന്നും, ഒരുപറ്റം ആർ.എസ്.എസുകാരെ കൂട്ടി വന്ന് മേയർ കരുതിക്കൂട്ടി അക്രമം അഴിച്ചുവിടുകയായിരുന്നെന്നും കടകംപള്ളി കുറ്റപ്പെടുത്തി. തങ്ങൾ മേയറെ തടഞ്ഞിട്ടില്ലെന്നും കടത്തിവിടുകയാണ് ചെയ്തതെന്നും പറഞ്ഞ അദ്ദേഹം, ആറ് എൽ.ഡി.എഫ് കൗൺസിലർമാർക്ക് ബി.ജെ.പി ആക്രമണത്തിൽ പരുക്കേറ്റതായും ആർ.എസ്.എസുകാരെ കൊണ്ടുവന്ന് ചവിട്ടി ഒതുക്കാമെന്ന് ബി.ജെ.പി കരുതേണ്ടെന്നും മുന്നറിയിപ്പ് നൽകി.ചട്ടങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഹൈക്കോടതി മരവിപ്പിച്ച 19 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഇന്നലെ നഗരസഭയിൽ വീണ്ടും നടത്തിയതുമായി ബന്ധപ്പെട്ടാണ് ഈ തർക്കങ്ങളുടെ തുടക്കം. കാപ്പ കേസിൽ പെട്ട് ജയിലിൽ കഴിയുന്ന ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ഒഴികെയുള്ളവരുടെ സത്യപ്രതിജ്ഞയാണ് ഇന്നലെ രണ്ടാമതും നടത്തിയത്. ജയിലിലുള്ള സുഗതനെ ഒഴിവാക്കി നടത്തിയ ഈ സത്യപ്രതിജ്ഞാ ചടങ്ങ് നിയമവിരുദ്ധമാണെന്ന് കാണിച്ച് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ മേയറുടെ ഓഫീസിന് മുന്നിൽ എൽ.ഡി.എഫ് കൗൺസിലർമാർ ആരംഭിച്ച ഉപരോധ സമരമാണ് ഒടുവിൽ ഇരുവിഭാഗവും തമ്മിലുള്ള ചോരക്കളിയിലേക്ക് വഴിമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *