തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക മാറ്റങ്ങൾക്ക് വഴിതുറന്ന് നിയമസഭാ സ്പീക്കറായി തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവ് ജെ.സി.ഡി. പ്രഭാകറിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. ചെന്നൈ തൗസൻഡ് ലൈറ്റ്സ് മണ്ഡലത്തിൽ നിന്ന് ഡി.എം.കെയിലെ കരുത്തനായ സ്ഥാനാർത്ഥി ഡോ. എഴിലൻ നാഗനാഥനെ 12,000-ത്തോളം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് എഴുപത്തിമൂന്നുകാരനായ പ്രഭാകർ നിയമസഭയിലെത്തിയത്.
പ്രോ-ടെം സ്പീക്കർ എം.വി. കറുപ്പയ്യയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൗതുകകരമായ കാഴ്ചകൾക്കും സഭ സാക്ഷ്യം വഹിച്ചു. മുഖ്യമന്ത്രി വിജയ്യും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും ചേർന്നാണ് പുതിയ സ്പീക്കറെ ആനയിച്ചത്. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ടി.വി.കെ എം.എൽ.എ എം. രവിശങ്കറിനെ ഡെപ്യൂട്ടി സ്പീക്കറായും എതിരില്ലാതെ തിരഞ്ഞെടുത്തു.പതിറ്റാണ്ടുകളുടെ രാഷ്ട്രീയ അനുഭവസമ്പത്തുള്ള ജെ.സി.ഡി. പ്രഭാകർ മുൻപ് എ.ഐ.എ.ഡി.എം.കെയിലെ പ്രമുഖ നേതാവായിരുന്നു. പിന്നീട് വിജയ്ക്കൊപ്പം ചേർന്ന അദ്ദേഹം പാർട്ടിയുടെ പ്രകടനപത്രിക തയ്യാറാക്കുന്നതിലും സംഘടനാ രൂപീകരണത്തിലും നിർണ്ണായക പങ്ക് വഹിച്ചു. നിയമസഭയിൽ ഭൂരിഭാഗവും പുതുമുഖങ്ങളായ ടി.വി.കെ എം.എൽ.എമാരെ നയിക്കാൻ പ്രഭാകറിന്റെ പരിചയസമ്പത്ത് സഹായിക്കുമെന്ന വിജയ്യുടെ കണക്കുകൂട്ടലാണ് ഈ നിയമനത്തിന് പിന്നിൽ.
