അന്താരാഷ്ട്ര അംഗീകാരത്തിന്റെ തിളക്കത്തിൽ കൊച്ചി മെട്രോ;

രാജ്യാന്തര ശ്രദ്ധയാകർഷിച്ച് കൊച്ചി മെട്രോ. പൊതുഗതാഗത മേഖലയിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര അംഗീകാരങ്ങളിലൊന്നായ ‘യുഐടിപി ഇംപാക്ട് അവാർഡ് 2026’ കൊച്ചി മെട്രോ കരസ്ഥമാക്കി. ബെൽജിയത്തിലെ ബ്രസ്സൽസിൽ ജൂൺ 23-ന് നടന്ന ചടങ്ങിലാണ് കൊച്ചി മെട്രോ ഈ നേട്ടം കൈവരിച്ചത്. പൊതുഗതാഗത മേഖലയിലെ ആഗോള സംഘടനയായ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്‌പോർട്ടാണ് ഈ പുരസ്‌കാരം നൽകുന്നത്.

മെട്രോ റെയിൽ, കൊച്ചി വാട്ടർ മെട്രോ, ഇലക്ട്രിക് ഫീഡർ ബസുകൾ, നടപ്പാതകൾ, സൈക്കിൾ ഷെയറിംഗ് സംവിധാനം, ഡിജിറ്റൽ മൊബിലിറ്റി സേവനങ്ങൾ എന്നിവയെ ഒരൊറ്റ ശൃംഖലയിലേക്ക് ഏകോപിപ്പിച്ചുകൊണ്ടുള്ള നൂതനമായ ‘മൾട്ടിമോഡൽ ഇന്റഗ്രേഷൻ’ പദ്ധതിക്കാണ് ഈ അംഗീകാരം ലഭിച്ചത്. ‘Kochi Metro Rail: A Sustainable Multi Modal Integration Project for Better Connectivity’ എന്ന പദ്ധതിയിലൂടെ യാത്രക്കാർക്ക് തടസ്സമില്ലാത്തതും പരിസ്ഥിതി സൗഹൃദവുമായ യാത്രാനുഭവം ഒരുക്കാൻ കെഎംആർഎല്ലിന് സാധിച്ചു.ഈ നേട്ടം കൊച്ചിയുടെ സംയോജിത ഗതാഗത ശൃംഖലയ്ക്കുള്ള വലിയൊരു അന്താരാഷ്ട്ര അംഗീകാരമാണെന്ന് കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്‌റ പറഞ്ഞു. കെഎംആർഎല്ലിലെ ജീവനക്കാരുടെയും പങ്കാളികളുടെയും ഒപ്പം ഈ സംവിധാനത്തെ ഹൃദയപൂർവ്വം സ്വീകരിച്ച കേരള ജനതയുടെയും കൂട്ടായ വിജയമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള നൂതനമായ പൊതുഗതാഗത മാതൃകകളെ വിലയിരുത്തിയാണ് യുഐടിപി ഈ പുരസ്‌കാരം നിർണ്ണയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *