പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നടന്ന റെയ്ഡിനുശേഷം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചന നടന്നതിന് തെളിവുകൾ കണ്ടെത്താനായില്ലെന്ന് പൊലീസിന്റെ റിപ്പോർട്ട്. പ്രതികളുടെ ഫോൺ കോളുകളിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഇനിയും 20-ഓളം പേർ പിടിയിലാകാനുണ്ടെന്നും, ഒരാൾ ഇതിനകം വിദേശത്തേക്ക് കടന്നതായും പൊലീസ് വ്യക്തമാക്കി. കൂടുതൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി അയക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അതേസമയം, കേസിലെ പ്രതികളായ മൂന്ന് സിപിഐഎം പ്രവർത്തകരുടെ ജാമ്യാപേക്ഷകൾ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. മൂന്നാം പ്രതി ജീവൻ, പതിമൂന്നാം പ്രതി നന്ദു, ഇരുപത്തിമൂന്നാം പ്രതി ഷൈജു എന്നിവരുടെ അപേക്ഷകളാണ് കോടതി നിരസിച്ചത്. ഉദ്യോഗസ്ഥരെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമണം നടന്നതെന്ന് നിരീക്ഷിച്ച കോടതി, പ്രതികൾക്ക് ആസൂത്രണത്തിന് ആവശ്യത്തിന് സമയം ലഭിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ജാമ്യം അനുവദിക്കുന്നത് കുറ്റകൃത്യത്തിന്റെ ഗൗരവത്തെ ബാധിക്കുമെന്നും കോടതി വിലയിരുത്തി.എന്നാൽ, പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്നാണ് പ്രതിഭാഗത്തിന്റെ വാദം. പ്രതിഷേധിക്കാനാണ് പിണറായി വിജയന്റെ വീടിനു മുന്നിൽ എത്തിയത്, ഉദ്യോഗസ്ഥരെ ആക്രമിക്കണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും പ്രതികൾ കോടതിയിൽ ബോധിപ്പിച്ചു. നേരത്തെ, ഗൂഢാലോചന നടന്നതിന് തെളിവുകളുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നുവെങ്കിലും, പുതിയ റിപ്പോർട്ടിൽ ഗൂഢാലോചന തെളിയിക്കുന്ന വിവരങ്ങൾ കണ്ടെത്താനായില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്.
