എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് പിണറായി സർക്കാർ സ്വീകരിച്ച സമീപനത്തിനെതിരെ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശനം. മുൻ എൽഡിഎഫ് സർക്കാർ വെള്ളാപ്പള്ളിയോട് മൃദുസമീപനം പുലർത്തിയെന്നും, വർഗീയ പരാമർശങ്ങൾ നടത്തിയപ്പോൾ ശക്തമായി പ്രതികരിക്കാൻ സർക്കാർ തയാറായില്ലെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. ഈ നിലപാടിൽ സർക്കാരിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് സമ്മേളനം വിലയിരുത്തി.
മുൻ മന്ത്രി ജി. സുധാകരനെതിരെ നടന്ന പ്രതിഷേധങ്ങളിൽ ഡിവൈഎഫ്ഐയുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവവും സമ്മേളനത്തിൽ വിമർശനത്തിന് വിധേയമായി. ദേശീയ തലത്തിൽ സിജെപി നടത്തുന്ന ഇടപെടലുകളുമായി താരതമ്യം ചെയ്യുമ്പോൾ ഡിവൈഎഫ്ഐയുടെ പ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. പുതുതലമുറയെ ആകർഷിക്കാൻ ദേശീയതലത്തിൽ സംഘടന എന്ത് ക്രിയാത്മകമായ കാര്യമാണ് ചെയ്തതെന്ന ചോദ്യവും ഉയർന്നു.സംഘടനയ്ക്കുള്ളിലെ ഇരട്ടപ്പദവികളെയും പ്രതിനിധികൾ ചോദ്യം ചെയ്തു. അഖിലേന്ത്യാ പ്രസിഡന്റ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ ചുമതല കൂടി വഹിക്കുന്നതിനെതിരെയായിരുന്നു പ്രധാന വിമർശനം. ഒരാൾക്ക് ഒരേസമയം രണ്ട് പദവികൾ വഹിക്കാൻ എങ്ങനെ സാധിക്കുമെന്നും, അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനത്തിന് പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്തതുകൊണ്ടാണോ ഈ ചുമതല നൽകിയതെന്നും പ്രതിനിധികൾ പരിഹസിച്ചു.
