അമേരിക്ക ഭയക്കുന്ന ആ കറുത്ത ഏട്

മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധമേഘങ്ങൾ അതിശക്തമായി ഉരുണ്ടുകൂടുമ്പോൾ നമ്മളെല്ലാവരും സ്ഥിരമായി ചിന്തിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ഒരു പ്രധാന ചോദ്യമുണ്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള ഈ സംഘർഷം മുന്നോട്ട് പോകുമ്പോൾ, അമേരിക്ക ശരിക്കും ഇറാനിലേക്ക് തങ്ങളുടെ കരസേനയെ പൂർണ്ണമായി വിന്യസിച്ച് ഒരു വലിയ കരയുദ്ധത്തിന് തയ്യാറെടുക്കുകയാണോ? അതോ ഇത് കേവലം വ്യോമാക്രമണങ്ങളും സാമ്പത്തിക ഉപരോധങ്ങളും ഭീഷണിപ്പെടുത്തലുകളും മാത്രമായി ഒതുങ്ങിപ്പോകുമോ?
സത്യം പറഞ്ഞാൽ, അന്താരാഷ്ട്ര സൈനിക വിദഗ്ദ്ധരും അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരും പറയുന്നത് അമേരിക്ക തിടുക്കപ്പെട്ട ഒരു നേരിട്ടുള്ള കരയുദ്ധത്തിലേക്ക് കടക്കാൻ സാധ്യതയില്ല എന്ന് തന്നെയാണ്. ഒറ്റനോട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാണ് അമേരിക്ക എന്ന് തോന്നുമായിരിക്കും. എന്നാൽ ഇറാന്റെ മണ്ണിലേക്ക് തങ്ങളുടെ കരസേനയെ നേരിട്ട് ഇറക്കുന്നത് അമേരിക്കൻ സൈന്യത്തിന് അത്ര എളുപ്പമുള്ള പണിയായിരിക്കില്ല. വേണമെങ്കിൽ പറയാം, അത്തരമൊരു നീക്കം വലിയൊരു കെണിയായി അമേരിക്കയ്ക്ക് മാറും.

   എന്തുകൊണ്ടാണ് അമേരിക്ക ഒരു വലിയ കരയുദ്ധത്തിന് മടിക്കുന്നത് എന്ന് ചോദിച്ചാൽ, പ്രധാനമായും മൂന്ന് വൻ കാരണങ്ങളാണ് സൈനിക തന്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നത്.

അതിൽ ഒന്നാമത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം, ഇറാന്റെ ഭൂപ്രകൃതി തന്നെയാണ്. ഭൂവിസ്തൃതിയുടെ കാര്യത്തിൽ ലോകത്ത് പതിനേഴാം സ്ഥാനത്തുള്ള വലിയൊരു രാജ്യമാണ് ഇറാൻ. കൂറ്റൻ പർവ്വതനിരകളും വിശാലവും കഠിനവുമായ മരുഭൂമികളും നിറഞ്ഞതാണ് അവിടുത്തെ മണ്ണ്. ഈ പരിസ്ഥിതിയെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെ ഇറങ്ങുന്ന അമേരിക്കൻ സൈന്യത്തിന് അത് ബാലികേറ മലയായി മാറും. പർവ്വതങ്ങൾക്കിടയിലെ ഗുഹകളിൽ ഒളിഞ്ഞിരുന്ന് ഗറില്ലാ ആക്രമണം നടത്താൻ ഇറാനിയൻ സൈന്യത്തിന് വലിയ മിടുക്കും ശേഷിയുമുണ്ട്. മുൻപ് വിയറ്റ്നാമിലോ ഇറാഖിലോ അഫ്ഗാനിസ്ഥാനിലോ അമേരിക്കൻ സൈന്യത്തിന് നേരിടേണ്ടി വന്നതിനേക്കാൾ വലിയ തിരിച്ചടിയായിരിക്കും ഇവിടെ ഉണ്ടാകുക.
രണ്ടാമത്തെ വലിയ ഘടകം എന്ന് പറയുന്നത് ഇതിനായി ആവശ്യമായി വരുന്ന സൈനികരുടെ ഭീമമായ എണ്ണമാണ്. ഇറാൻ സർക്കാരിനെ അട്ടിമറിച്ച് അവിടെ ഒരു സമ്പൂർണ്ണ അധിനിവേശം നടത്തണമെങ്കിൽ കുറഞ്ഞത് 3 ലക്ഷം മുതൽ 5 ലക്ഷം വരെ സൈനികരെ അമേരിക്കയ്ക്ക് അവിടെ എത്തിക്കേണ്ടിവരും. ഇത്രയും വലിയൊരു സേനാനിരയെ മിഡിൽ ഈസ്റ്റിലേക്ക് എത്തിക്കുക എന്നത് അമേരിക്കയെ സംബന്ധിച്ച് വൻ ലോജിസ്റ്റിക്കൽ വെല്ലുവിളിയാണ്. പോരാത്തതിന്, മുൻപ് ഇറാഖ് യുദ്ധത്തിൽ ഉപയോഗിച്ചതിനേക്കാൾ കൂടുതൽ മാനുഷിക വിഭവങ്ങൾ ഇതിനായി ചെലവഴിക്കേണ്ടി വരും. ഉണ്ടാകാൻ പോകുന്ന ജീവഹാനിയും നാശനഷ്ടങ്ങളും കണക്കുകൂട്ടാൻ കഴിയുന്നതിലും അപ്പുറമായിരിക്കും.
മൂന്നാമത്തെ കാരണം, ഇതിന് വേണ്ടിവരുന്ന വൻ തുകയുടെ ചെലവാണ്. ഇപ്പോൾ തന്നെ തങ്ങൾക്ക് ആവശ്യമില്ലാത്ത യുദ്ധങ്ങൾക്കായി ശതകോടക്കണക്കിന് ഡോളർ ചെലവഴിക്കുന്ന അമേരിക്കൻ സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ സ്വന്തം ജനതയ്ക്കിടയിൽ നിന്ന് വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നുവരുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ, മറ്റൊരു വലിയ സൈനിക നീക്കത്തിനും കരയുദ്ധത്തിനും അമേരിക്ക തയ്യാറെടുക്കും എന്ന് കരുതാൻ കഴിയില്ല.

   അപ്പോൾ സ്വാഭാവികമായും നിങ്ങളുടെ മനസ്സിൽ ഒരു സംശയം തോന്നാം—അമേരിക്ക ഒരു സമ്പൂർണ്ണ കരയുദ്ധത്തിന് പോകുന്നില്ലെങ്കിൽ പിന്നെ എന്താണ് ചെയ്യാൻ പോകുന്നത്?
   ഒരു സമ്പൂർണ്ണ അധിനിവേശത്തിന് പകരം, ഇറാന്റെ സാമ്പത്തിക നട്ടെല്ല് തകർക്കുന്ന തരത്തിലുള്ള ചില തന്ത്രപ്രധാനമായ ദ്വീപുകളും എണ്ണകേന്ദ്രങ്ങളും പിടിച്ചെടുക്കാനായിരിക്കും അമേരിക്കൻ സൈന്യം തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നത്.

അതിൽ പെന്റഗണിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷ്യമാണ് ഗാർഗ് ദ്വീപ് (Kharg Island). ഇറാന്റെ തീരത്തുനിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ വടക്കൻ അറേബ്യൻ ഗൾഫിലാണ് ഈ ഗാർഗ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇറാന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് എന്നാണ് ഈ ദ്വീപ് അറിയപ്പെടുന്നത്. കാരണം, ഇറാന്റെ അസംസ്കൃത എണ്ണ കയറ്റുമതിയുടെ 90 ശതമാനവും പ്രോസസ്സ് ചെയ്യുന്നതും കപ്പലുകളിൽ കയറ്റി അയക്കുന്നതും ഈ ഒരു ചെറിയ ദ്വീപിലൂടെയാണ്! ഇത് പിടിച്ചെടുക്കാൻ കഴിഞ്ഞാൽ ഇറാന്റെ പ്രാഥമിക വരുമാനസ്രോതസ്സ് ഒറ്റയടിക്ക് ഇല്ലാതാക്കാനും, അതുവഴി വാഷിംടണിന് വളരെ ശക്തമായ ഒരു രാഷ്ട്രീയ ആയുധം ലഭിക്കുകയും ചെയ്യും.
ഇതുപോലെ തന്നെ അമേരിക്കയുടെ കണ്ണിലുള്ള മറ്റ് രണ്ട് തന്ത്രപ്രധാന സ്ഥലങ്ങളാണ് ഹോർമൂസ് കടലിടുക്കിൽ സ്ഥിതി ചെയ്യുന്ന ഖഷം (Qeshm), ലാറക് (Larak) എന്നീ ദ്വീപുകൾ. വാണിജ്യ കപ്പലുകൾക്കും സൈനിക ഷിപ്പിങ്ങിനും വലിയ ഭീഷണിയാകുന്ന തരത്തിൽ, വലിയ ഭൂഗർഭ തുരങ്കശൃംഖലകളും മിസൈൽ ബങ്കറുകളും റഡാർ സംവിധാനങ്ങളും ഇറാൻ ഈ ദ്വീപുകളിൽ സ്ഥാപിച്ചിട്ടുണ്ട്. ഇവ പിടിച്ചെടുത്ത് ഹോർമൂസ് കടലിടുക്കിൽ കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുക എന്നതും അമേരിക്കയുടെ പ്രധാന പദ്ധതികളിൽ ഒന്നാണ്.

   പക്ഷേ ഇതൊന്നും അമേരിക്ക വിചാരിക്കുന്നത് പോലെ അത്ര എളുപ്പത്തിൽ നടക്കുമോ? തീർച്ചയായും ഇല്ല! കാരണം, ഇറാൻ പതിറ്റാണ്ടുകളായി ഇങ്ങനെയൊരു അമേരിക്കൻ അധിനിവേശത്തെയും ആക്രമണത്തെയും നേരിടാൻ കൃത്യമായി തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്.

വിയറ്റ്നാമിലും ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്കൻ സൈന്യം നടത്തിയ ഓരോ സൈനിക ഓപ്പറേഷനുകളെക്കുറിച്ചും ഇറാനിയൻ സൈന്യം സമഗ്രമായി പഠിച്ചിട്ടുണ്ട്. പോരാത്തതിന് ചൈനയിൽ നിന്നും റഷ്യയിൽ നിന്നും ആധുനികമായ പരിശീലനങ്ങളും ആയുധങ്ങളും അവർക്ക് ലഭിച്ചിട്ടുമുണ്ട്. ഇറാന്റെ റെവല്യൂഷണറി ഗാർഡിലെ സൈനികർക്ക് സിറിയയിലും ലെബനനിലും പോരാടി വലിയ യുദ്ധപരിചയവുമുണ്ട്.
ഗാർഗ് ദ്വീപ് അടക്കമുള്ള പ്രധാന ലാൻഡിങ് സൈറ്റുകളിലെല്ലാം ഇറാൻ ഇതിനകം മൈനുകൾ സ്ഥാപിച്ചുകഴിഞ്ഞു. തങ്ങളുടെ ശേഖരത്തിലെ ഏറ്റവും മികച്ച മിസൈലുകൾ തന്നെ ഈ ഒരു സാഹചര്യം നേരിടാനായി ഇറാൻ മാറ്റിവെച്ചിട്ടുണ്ട്. അത് മാത്രമല്ല, ചെങ്കടലിലെ പാതകൾ അടച്ചുപൂട്ടാൻ യമനിലെ ഹൂതികളും, ലെബനനിലെ ഹിസ്ബുള്ള അടക്കമുള്ള ഇറാന്റെ പ്രോക്സി ഗ്രൂപ്പുകളും ഏതു നിമിഷവും ആക്രമണത്തിന് തയ്യാറായി നിൽക്കുകയാണ്. അമേരിക്ക ഇറാനിലേക്ക് കടന്നുകയറിയാൽ ഗൾഫ് മേഖലയിലുള്ള യു.എസ്. സൈനിക താവളങ്ങൾക്ക് നേരെ വിനാശകാരികളായ ആക്രമണങ്ങൾ അഴിച്ചുവിടാൻ ഇവർക്ക് സാധിക്കും.

ഇതിനെല്ലാം പുറമെ അമേരിക്കൻ പ്രതിരോധ വിദഗ്ദ്ധരെ ഭയപ്പെടുത്തുന്ന വലിയൊരു കറുത്ത ചരിത്രം കൂടിയുണ്ട്—1979-ൽ നടന്ന ആ പ്രശസ്തമായ ബന്ദിയാക്കൽ പ്രതിസന്ധി! ഇറാൻ-യു.എസ്. ബന്ധത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ഏടുകളിൽ ഒന്നാണിത്.
1979 ഒക്ടോബറിൽ ഇറാനിൽ ഇസ്ലാമിക വിപ്ലവം നടക്കുന്ന സമയത്ത്, അവിടെ നിന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഇറാൻ ഭരണാധികാരി ഷാ മുഹമ്മദ് റസാ പഹലവിക്ക് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അമേരിക്കയിൽ അഭയം നൽകി. ക്യാൻസർ ബാധിതനായ ഷായെ വിചാരണ നേരിടാനായി ഇറാനിലേക്ക് തിരിച്ചയക്കണം എന്ന് വിപ്ലവ വിദ്യാർത്ഥികൾ അമേരിക്കയോട് ആവശ്യപ്പെട്ടെങ്കിലും കാർട്ടർ അത് നിരസിച്ചു.
ഇതിൽ കടുത്ത അമർഷവും ക്രോധവും പൂണ്ട പ്രക്ഷോഭകാരികൾ ടെഹ്റാനിലെ അമേരിക്കൻ എംബസി ഇരച്ചുകയറി പിടിച്ചടക്കുകയും, അവിടുത്തെ നയതന്ത്രജ്ഞരും എംബസി ജീവനക്കാരും അടങ്ങുന്ന 66 അമേരിക്കക്കാരെ ബന്ദികളാക്കുകയും ചെയ്തു! പിന്നീട് 13 പേരെ മോചിപ്പിച്ചെങ്കിലും ബാക്കിവന്ന 53 ഓളം ആളുകളെ നീണ്ട 444 ദിവസമാണ് ഇറാൻ ദാരുണമായി തടങ്കലിൽ പാർപ്പിച്ചത്!
അന്ന് തങ്ങളുടെ പൗരന്മാരെ മോചിപ്പിക്കുന്നതിനായി 1980 ഏപ്രിലിൽ ‘ഓപ്പറേഷൻ ഈഗിൾ ക്ലോ’ (Operation Eagle Claw) എന്ന പേരിൽ ഒരു സാഹസിക രക്ഷാപ്രവർത്തനത്തിന് അമേരിക്കൻ സൈന്യം മുതിർന്നു. എന്നാൽ ഇറാനിയൻ മരുഭൂമിയിലുണ്ടായ ശക്തമായ പൊടിക്കാറ്റും, അമേരിക്കൻ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് 8 സൈനികർ കൊല്ലപ്പെടുകയും ചെയ്തതോടെ ആ ദൗത്യം വൻ പരാജയമായി അവസാനിച്ചു. ഈ ഒരൊറ്റ തിരിച്ചടിയുടെ പേരിൽ ജിമ്മി കാർട്ടർക്ക് അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കടുത്ത തോൽവി തന്നെ നേരിടേണ്ടി വന്നു! ഒടുവിൽ 1981 ജനുവരി 20-ന് റൊണാൾഡ് റീഗൻ പ്രസിഡന്റായി സ്ഥാനമേറ്റ മിനിറ്റുകൾക്ക് ശേഷമാണ് അൾജീരിയൻ മധ്യസ്ഥതയിൽ ചർച്ചകൾ പൂർത്തിയായി ഈ ബന്ദികൾ മോചിപ്പിക്കപ്പെട്ടത്.

ചരിത്രം പോലും തങ്ങൾക്ക് അനുകൂലമല്ല എന്ന് അമേരിക്കൻ പ്രതിരോധ വിദഗ്ദ്ധർക്ക് കൃത്യമായ ബോധ്യമുണ്ട്. ഇറാനുമായി ഒരു യുദ്ധത്തിൽ ഏർപ്പെടുക എന്നതിനേക്കാൾ ഇന്ന് അമേരിക്കൻ സൈനിക ഉപദേശകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, ഇത്തരമൊരു പൂർണ്ണ കരയുദ്ധത്തിലേക്ക് ഇറങ്ങിപ്പുറപ്പെടുന്നത് എത്രത്തോളം വലിയ അപകടവും മണ്ടത്തരവുമാണെന്ന് തങ്ങളുടെ ഭരണാധികാരികളെ ബോധ്യപ്പെടുത്തുക എന്നത് മാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *