ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ പോലീസിനും അന്വേഷണ ഉദ്യോഗസ്ഥർക്കും നേരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സർക്കാർ ഒന്ന് നാറിക്കോട്ടെ എന്ന ഉദ്ദേശം നിങ്ങൾക്കുണ്ടോ എന്നും ആഭ്യന്തര വകുപ്പിന്റെ ശോഭ ഇല്ലാതാക്കാനാണോ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു. കേസ് പരിഗണിക്കുന്നതിനിടെ കോടതി മുറിയിലെ ഓൺലൈൻ മൈക്ക് ഓഫ് ചെയ്യാൻ ശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടിയെയും ജഡ്ജി ശക്തമായി വിമർശിച്ചു. സുപ്രധാന കേസ് വരുമ്പോൾ എന്തിനാണ് മൈക്ക് ഓഫ് ചെയ്യുന്നതെന്ന് ചോദിച്ച കോടതി ഉടൻ തന്നെ മൈക്ക് ഓൺ ചെയ്യിപ്പിച്ചു.
പ്രതിക്ക് സുപ്രീം കോടതി വരെ പോകാൻ അവസരമൊരുക്കിയത് പോലീസിന്റെ വീഴ്ചയാണെന്ന് കോടതി നിരീക്ഷിച്ചു. പോലീസ് അവരുടെ ഉത്തരവാദിത്തം നിർവ്വഹിക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടു. അന്വേഷണ മേൽനോട്ടം എന്താണെന്ന് അറിയാമോ എന്ന് ക്രൈംബ്രാഞ്ച് എസ്.പിയോട് ചോദിച്ച കോടതി, എല്ലാ കാര്യങ്ങളിലും കോടതി നിർദ്ദേശം നൽകേണ്ട സാഹചര്യം ഉണ്ടാക്കരുതെന്നും വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് അറിയിക്കാൻ എ.ഡി.ജി.പിക്ക് കോടതി നിർദ്ദേശം നൽകി. സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതി നേരിട്ട് അന്വേഷണത്തിന് ഉത്തരവിടുമെന്നും മുന്നറിയിപ്പ് നൽകി. ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാൻ മാറ്റി.
