ജനിച്ചു വീണ് രണ്ടാഴ്ച മാത്രം പ്രായമുള്ള സ്വന്തം പെൺകുഞ്ഞിനെ വീട്ടുപറമ്പിലെ ഭൂഗർഭ ജലസംഭരണിയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പിതാവ് അറസ്റ്റിൽ. കർണാടകയിലെ ചിക്കബെല്ലാപൂർ സ്വദേശിയായ എം. ഇമ്രാൻ (28) ആണ് പോലീസിന്റെ പിടിയിലായത്. രണ്ടാമതും പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
ജൂലൈ 23 വ്യാഴാഴ്ച പുലർച്ചെ കുടുംബാംഗങ്ങൾ ഉറങ്ങിക്കിടക്കുമ്പോഴാണ് ഇമ്രാൻ കുഞ്ഞിനെ കിടക്കയിൽ നിന്ന് എടുത്ത് വീട്ടുവളപ്പിലെ വാട്ടർ ടാങ്കിലേക്ക് എറിഞ്ഞത്. രാവിലെ ഉണർന്ന അമ്മ മുസ്കാൻ കുഞ്ഞിനെ കാണാതെ ഭർത്താവിനോട് തിരക്കിയെങ്കിലും തനിക്കൊന്നുമറിയില്ലെന്ന് ഇയാൾ നടിക്കുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾക്കൊപ്പം കുഞ്ഞിനെ തിരയുന്ന നാടകത്തിലും ഇയാൾ പങ്കാളിയായി. തിരച്ചിൽ ഫലം കാണാതായതോടെ സംശയം തോന്നിയ ബന്ധുക്കൾ വാട്ടർ ടാങ്കിലെ വെള്ളം വറ്റിച്ചു പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.ഉടൻതന്നെ ചിക്കബെല്ലാപൂർ ടൗൺ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പിതാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ്, തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ ഇമ്രാനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആൺകുഞ്ഞിനെ പ്രതീക്ഷിച്ചിരുന്ന ഇമ്രാൻ, രണ്ടാമതും പെൺകുഞ്ഞ് ജനിച്ചതിൽ അസ്വസ്ഥനായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കൊലപാതക കുറ്റത്തിന് കേസെടുത്ത പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. കുടുംബത്തിൽ മുൻപ് തർക്കങ്ങൾ ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
