1937-ൽ തഹിതിയിലെ ബോട്ടാണിക്കൽ ഗാർഡനിൽ വെറുമൊരു അലങ്കാരച്ചെടിയായി നട്ടുവളർത്തിയ ‘മൈക്കോണിയ’ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ അധിനിവേശ സസ്യങ്ങളിൽ ഒന്നായി മാറി. മനോഹരമായ വലിയ ഇലകളും പർപ്പിൾ നിറവുമുള്ള ഈ സസ്യം ഇന്ന് ഓസ്‌ട്രേലിയയിലെ ക്വീൻസ്ലാന്റിലുള്ള ലോക പൈതൃക മഴക്കാടുകൾക്ക് കടുത്ത ജൈവസുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ നിന്നെത്തി പിന്നീട് തഹിതിയിലും ഹവായിയിലും പടർന്നുപിടിച്ച ഈ ചെടി അവിടുത്തെ പ്രാദേശിക സസ്യജാലങ്ങളെ പൂർണ്ണമായും നശിപ്പിച്ചിരുന്നു.
ഒരു സീസണിൽ 200-ഓളം കായ്കൾ കായ്ക്കുന്ന ഒരു മൈക്കോണിയ മരത്തിന് 89 ലക്ഷത്തിലധികം വിത്തുകൾ വരെ ഉൽപ്പാദിപ്പിക്കാൻ കഴിയും. പടർന്നുപന്തലിക്കുന്ന വലിയ ഇലകൾ കാരണം മഴക്കാടുകളുടെ അടിത്തട്ടിൽ വളരുന്ന മറ്റ് കുറ്റിച്ചെടികൾക്കും ഓർക്കിഡുകൾക്കും സൂര്യപ്രകാശം ലഭിക്കാതെ നശിച്ചുപോകുന്നു. ആഴമില്ലാത്ത വേരുകളുള്ള ഈ മരങ്ങൾ കാരണം ശക്തമായ മഴയിൽ കുന്നിൻചരിവുകളിൽ മണ്ണൊലിപ്പുണ്ടാകുന്നു. ഇത്തരത്തിൽ പുഴകളിലേക്ക് ഒഴുകിയെത്തുന്ന ചെളി ഒടുവിൽ കടലിലെ പവിഴപ്പുറ്റുകളെ വരെ നശിപ്പിക്കുന്നു.ക്വീൻസ്ലാന്റിലെ ബയോസെക്യൂരിറ്റി ആക്ട് 2014 പ്രകാരം മൈക്കോണിയയുടെ മൂന്ന് ഇനങ്ങളെ നിയന്ത്രിത അധിനിവേശ സസ്യങ്ങളായി തരംതിരിച്ചിട്ടുണ്ട്. പക്ഷികൾ, വെള്ളം, യന്ത്രങ്ങൾ, പാദരക്ഷകൾ എന്നിവ വഴി ഇതിന്റെ വിത്തുകൾ വേഗത്തിൽ പടരുന്നു. ഓസ്‌ട്രേലിയൻ സർക്കാരിന്റെ നാഷണൽ ട്രോപ്പിക്കൽ വീഡ്സ് ഇറാഡിക്കേഷൻ പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് മൈക്കോണിയയെ പൂർണ്ണമായി തുടച്ചുനീക്കുക എന്നതാണ്. വനങ്ങളിലോ പറമ്പുകളിലോ ഈ ചെടി കണ്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്ന് ബയോസെക്യൂരിറ്റി വിഭാഗം അഭ്യർത്ഥിച്ചു.
