ഒരു മാസം നീണ്ടുനിന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ അവസാനിച്ചതിന് തൊട്ടുപിന്നാലെ വിഷയത്തിൽ ആദ്യമായി ഔദ്യോഗിക പ്രതികരണവുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ രംഗത്ത്. ഒരു അഭിമുഖത്തിലാണ് ഓരോ തലമുറയിലെയും യുവാക്കൾ തങ്ങൾ നീതിരഹിതമായി കാണുന്ന വിഷയങ്ങൾക്കെതിരെ പ്രതിഷേധിക്കാറുണ്ടെന്നും, സർക്കാർ ഒരിക്കലും ഈ പ്രതിഷേധങ്ങളെ തടയാൻ ശ്രമിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കിയത്. ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെഎൻയു) താൻ പഠിച്ചിരുന്ന കാലത്തും ഇത്തരം പ്രതിഷേധങ്ങൾ ഉണ്ടായിരുന്നതായും, യുവതയ്ക്ക് ശരിയായ പ്രതികരണങ്ങളും സമയബന്ധിതമായ നടപടികളുമാണ് ആവശ്യമെന്നും ധനമന്ത്രി ചൂണ്ടിക്കാണിച്ചു.
പ്രതിഷേധത്തോട് പ്രതികരിക്കാനും അതിന്റെ തീവ്രത മനസ്സിലാക്കാൻ സർക്കാർ വൈകിയെന്ന വാദം തെറ്റാണെന്നും, പ്രതിഷേധങ്ങളെ സർക്കാർ എപ്പോഴും ബഹുമാനിച്ചിട്ടുണ്ടെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി. സമരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സർക്കാർ ആവശ്യമായ അനുമതി നൽകിയിരുന്നുവെന്നും ഒരു സമയത്തും പ്രക്ഷോഭം തടയാൻ ശ്രമിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തുഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയകളിൽ സജീവമായ പുതിയ തലമുറയിലെ യുവാക്കൾ പുതിയൊരു പദാവലിയാണ് ഉപയോഗിക്കുന്നതെന്നും, അവരുടെ ഭാഷയും ആശയവിനിമയ ശൈലിയും മനസ്സിലാക്കി പ്രതികരിക്കാൻ സർക്കാരും തയ്യാറാകണമെന്നും അവർ അഭിപ്രായപ്പെട്ടു. എന്നാൽ, സർക്കാർ സംസാരിക്കുമ്പോൾ അത് എപ്പോഴും കോടതികളുടെ നിയമപരമായ പരിശോധനയ്ക്ക് വിധേയമാണെന്നും, കോടതികൾക്ക് വ്യാഖ്യാനിക്കാൻ അവ്യക്തമായതോ ലഘുവായതോ ആയ കാര്യങ്ങൾ പറയാൻ സർക്കാരിന് ചില പരിമിതികളുണ്ടെന്നും അവർ തുറന്നുപറഞ്ഞു.
രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിച്ച വിദ്യാർത്ഥി പ്രക്ഷോഭങ്ങളെയും യുവാക്കളുടെ പ്രതികരണങ്ങളെയും കുറിച്ചുള്ള ധനമന്ത്രിയുടെ ഈ തുറന്ന പറച്ചിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. യുവതലമുറയുടെ വികാരങ്ങൾ മാനിച്ചുകൊണ്ട് സർക്കാർ ഭാവിയിൽ എന്ത് നിലപാടുകൾ സ്വീകരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ.
