ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെതിരെ രൂക്ഷമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ചൈന ഇറാന് ആയുധങ്ങൾ കൈമാറിയാൽ ഷി ജിൻപിങ്ങിനോട് തനിക്ക് കടുത്ത നിരാശ തോന്നുമെന്ന് ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ 60 മുതൽ 70 ദശലക്ഷം ഡോളർ വരെ വിലമതിക്കുന്ന ചൈനീസ് നിർമ്മിത വ്യോമപ്രതിരോധ മിസൈൽ ലോഞ്ചറുകൾ ഇറാനിൽ എത്തുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത്തരമൊരു നീക്കത്തിൽ പങ്കാളിയാകില്ലെന്ന് ചൈന തനിക്ക് വ്യക്തിപരമായി ഉറപ്പുനൽകിയിരുന്നതാണെന്നും, ഇറാൻ തങ്ങളുടെ ആക്രമണ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഈ ആയുധങ്ങൾ വാങ്ങാൻ തയ്യാറെടുക്കുന്നത് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളും സൂചിപ്പിക്കുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അമേരിക്കൻ സൈനിക സ്ഥാനങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും ട്രംപ് ആവർത്തിച്ചു വ്യക്തമാക്കി. അമേരിക്കൻ പ്രതിരോധ സംവിധാനം ഇറാൻ തൊടുത്തുവിട്ട എല്ലാ മിസൈലുകളും വിജയകരമായി തകർത്തുവെങ്കിലും, ഇത്തവണ തങ്ങളുടെ ഊഴമാണെന്നും ഇറാനെ വളരെ ശക്തമായി തന്നെ പ്രഹരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ആക്രമണം നടത്തരുതെന്ന് ഇറാൻ ഭാഗത്തുനിന്ന് അഭ്യർത്ഥനകൾ വരുന്നുണ്ടെങ്കിലും തിരിച്ചടി ഉറപ്പാണെന്നാണ് ട്രംപിന്റെ നിലപാട്. അമേരിക്കയുമായി ചർച്ച നടത്തുന്ന വിഭാഗമല്ല, മറിച്ച് ഇറാൻ ഭരണകൂടത്തിലെ മറ്റൊരു കൂട്ടരാണ് ഈ ആക്രമണത്തിന് പിന്നിലെന്നും, അവർ മാപ്പ് പറഞ്ഞെങ്കിലും കനത്ത തിരിച്ചടി ഒഴിവാക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോള രാഷ്ട്രീയത്തെയും വൻശക്തികളുടെ ബന്ധത്തെയും ഒരുപോലെ പിടികുലുക്കാൻ പോന്ന ഈ സംഭവവികാസം മിഡിൽ ഈസ്റ്റിലെ സംഘർഷ സാധ്യതകൾ കൂടുതൽ വർദ്ധിപ്പിച്ചിരിക്കുകയാണ്. ചൈനയുടെ ആയുധക്കൈമാറ്റവും അമേരിക്കയുടെ കനത്ത തിരിച്ചടി മുന്നറിയിപ്പും അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
