ലോകത്തിലെ ഏറ്റവും സ്മാർട്ടായ രണ്ടാമത്തെ നഗരമെന്ന അഭിമാനകരമായ നേട്ടം സ്വന്തമാക്കി ദുബായ്. ന്യൂയോർക്ക്, വാഷിംഗ്ടൺ, ആംസ്റ്റർഡാം തുടങ്ങിയ മുൻനിര ആഗോള നഗരങ്ങളെ പിന്തള്ളിയാണ് സാങ്കേതിക മികവിൽ ദുബായ് ഈ ചരിത്രനേട്ടം കൈവരിച്ചത്.
ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ ‘ഇന്റലിജന്റ് സിറ്റീസ് ഇൻഡക്സ്’ റിപ്പോർട്ടിലാണ് ദുബായ് ഈ വിജയം കൊയ്തത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ സാങ്കേതികവിദ്യ, കാര്യക്ഷമമായ ഭരണം എന്നിവയിലൂടെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ ദുബായ് നടത്തിയ മുന്നേറ്റങ്ങളാണ് ഈ വിലയിരുത്തലിന് ആധാരം. ലോകത്തിലെ പ്രധാനപ്പെട്ട 61 ആഗോള നഗരങ്ങളെ ഉൾപ്പെടുത്തിയായിരുന്നു പഠനം.അതേസമയം യുഎഇ തലസ്ഥാനമായ അബുദാബിയും ആഗോളതലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് 20-ാം റാങ്ക് സ്വന്തമാക്കി. മികച്ച ഇൻഫ്രാസ്ട്രക്ചർ, ഫണ്ടിംഗ്, സാങ്കേതിക മുന്നേറ്റം എന്നിവ കണക്കിലെടുത്ത് പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തിൽ അബുദാബി ലോകത്തിലെ ആദ്യ 10 നഗരങ്ങളിൽ ഇടം നേടിയിട്ടുണ്ട്. ഡിജിറ്റൽ ഭരണസംവിധാനങ്ങളും എഐ പ്ലാറ്റ്ഫോമുകളും നഗരജീവിതത്തിൽ നടപ്പിലാക്കിയതാണ് യുഎഇയിലെ നഗരങ്ങൾക്ക് ഈ നേട്ടം സമ്മാനിച്ചത്.
