ഇന്ത്യൻ സിനിമ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന നിതേഷ് തിവാരി ചിത്രം ‘രാമായണ’യുടെ പുതിയ ഇംഗ്ലീഷ് ട്രെയിലർ പുറത്തിറങ്ങി. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ഈ ദൃശ്യവിസ്മയത്തിന്റെ ഒന്നാം ഭാഗം നവംബർ 5-നാണ് തിയേറ്ററുകളിൽ എത്തുന്നത്. ഇന്ത്യൻ സിനിമാപ്രേമികളെ മാത്രമല്ല, അന്താരാഷ്ട്ര തലത്തിലുള്ള പ്രേക്ഷകരെയും ലക്ഷ്യമിട്ടാണ് ഇംഗ്ലീഷ് പതിപ്പ് അണിയറപ്രവർത്തകർ സജ്ജമാക്കിയിരിക്കുന്നത്. സോണി പിക്ചേഴ്സ് എന്റർടെയ്ൻമെന്റിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ട്രെയിലറിന് ചുരുങ്ങിയ സമയത്തിനുള്ളിൽ 58 ലക്ഷത്തിലധികം കാഴ്ചക്കാരെയും ആയിരക്കണക്കിന് മികച്ച കമന്റുകളെയുമാണ് നേടാനായത്. യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിലും ഈ ട്രെയിലർ മുൻപന്തിയിൽ ഇടംപിടിച്ചിട്ടുണ്ട്.
നേരത്തെ പുറത്തിറങ്ങിയ നാല് മിനിറ്റിലേറെ ദൈർഘ്യമുള്ള ഹിന്ദി ട്രെയിലറുമായി താരതമ്യം ചെയ്യുമ്പോൾ, 2.36 മിനിറ്റ് ദൈർഘ്യമുള്ള ഏറെ ലളിതവും ആകർഷകവുമായ ട്രെയിലറാണ് ഇംഗ്ലീഷിൽ ഒരുക്കിയിരിക്കുന്നത്. സീനുകളുടെ ക്രമീകരണത്തിലും അവതരണ ശൈലിയിലും മാറ്റങ്ങൾ വരുത്തി തയ്യാറാക്കിയ ഈ പതിപ്പ് ആഗോള തലത്തിൽ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ട് തവണ ഓസ്കർ പുരസ്കാരം നേടിയ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജിയും കന്നഡ സൂപ്പർ താരം യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് വമ്പൻ ബജറ്റിൽ നിർമ്മിക്കുന്ന ഈ ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ സോണി പിക്ചേഴ്സും ഉത്തരേന്ത്യയിൽ ധർമ്മ പ്രൊഡക്ഷൻസുമാണ് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.ഇന്ത്യൻ സിനിമയിലെ പ്രമുഖ താരനിരയാണ് ഈ ഇതിഹാസ ചിത്രത്തിനായി അണിനിരക്കുന്നത്. ധർമ്മബോധത്തിന്റെ പ്രതീകമായ ശ്രീരാമനായി രൺബീർ കപൂർ എത്തുമ്പോൾ, സീതാദേവിയായി സായ് പല്ലവിയാണ് വേഷമിടുന്നത്. ലാളിത്യവും കരുത്തും അനുകമ്പയും സമന്വയിപ്പിച്ചാണ് സായ് പല്ലവിയുടെ കഥാപാത്രസൃഷ്ടി. നിർമ്മാണ പങ്കാളി കൂടിയായ പാൻ-ഇന്ത്യൻ സൂപ്പർ താരം ‘റോക്കിംഗ് സ്റ്റാർ’ യഷ്, ലോക സിനിമ കണ്ട ഏറ്റവും ശക്തനായ പ്രതിനായക കഥാപാത്രമായ രാവണനായി വേഷമിടുന്നു. വിസ്മയിപ്പിക്കുന്ന വിഷ്വൽ ഇഫക്ട്സുകളും അതിഗംഭീര പ്രകടനങ്ങളുമായി എത്തുന്ന രാമായണം ഇന്ത്യൻ സിനിമാ ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കുമെന്നാണ് വിലയിരുത്തൽ.
