സി.എം.ആര്.എല്.- എക്സാലോജിക് കേസില് ആരോപണവിധേയനായ സി.പി.എം. നേതാവ് പിണറായി വിജയനെതിരെയുള്ള കോണ്ഗ്രസ് നിലപാടുകളില് വന് മാറ്റം സംഭവിക്കുന്നതായി സൂചന. മുഖ്യമന്ത്രി വി.ഡി. സതീശന്, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രി കെ. മുരളീധരന്, വൈദ്യുത മന്ത്രി സണ്ണി ജോസഫ് എന്നിവര് ഒരുമിച്ച് പിണറായി വിജയന് അനുകൂലമായ നിലപാടിലേക്ക് എത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളില് വന് ചര്ച്ചയായിരിക്കുകയാണ്. മുന്പ് സര്ക്കാരിനെതിരേ പ്രധാന ആയുധമാക്കിയ കേസില് ഇപ്പോള് നേതാക്കള് തിരിഞ്ഞുനില്ക്കുന്നത് അണികള്ക്കിടയില് കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.
സി.എം.ആര്.എല്.- എക്സാലോജിക് കേസില് കോണ്ഗ്രസും സി.പി.എമ്മും തമ്മില് പരസ്പര സഹകരണത്തിലാണെന്ന സംശയം ഇതോടെ ശക്തമായിരിക്കുകയാണ്. പ്രതിപക്ഷവും ഭരണപക്ഷവും ഒത്തുതീര്പ്പ് രാഷ്ട്രീയത്തിലാണ് മുന്നോട്ടുപോകുന്നതെന്ന വികാരം ജനങ്ങളില് ശക്തമാകുന്നത് വരും ദിവസങ്ങളില് ബി.ജെ.പിക്ക് സംസ്ഥാനത്ത് രാഷ്ട്രീയമായി വലിയ അടിത്തറയുണ്ടാക്കാനും മുന്നേറാനും മറ്റൊരു സുവര്ണ്ണാവസരമായി മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര് വിലയിരുത്തുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില് സി.എം.ആര്.എല്.- എക്സാലോജിക് വിഷയം പ്രധാന പ്രചരണ വിഷയമാക്കിയാണ് യു.ഡി.എഫ്. നേതാക്കള് വോട്ട് തേടിയതും വിജയിച്ച് അധികാരത്തിലെത്തിയതും. എന്നാല് ഇപ്പോള് കേസില് ഒന്നുമില്ലെന്ന് കോണ്ഗ്രസ് നേതാക്കള് തന്നെ പരോക്ഷമായി സമ്മതിക്കുന്ന സ്ഥിതിയാണുള്ളത്. ഇതോടെ മുന്പ് ഉന്നയിച്ച കുറ്റാരോപണങ്ങളെല്ലാം വോട്ടര്മാരെ പറ്റിക്കാനുള്ള പ്രചരണം മാത്രമായിരുന്നോ എന്ന ചോദ്യമാണ് ഉയരുന്നത്.
ഇത്തരമൊരു മാറിയ രാഷ്ട്രീയ സാഹചര്യത്തില്, സി.എം.ആര്.എല്.- എക്സാലോജിക് കേസിന്റെ പേരില് ഇനി കോണ്ഗ്രസുകാര് ആരും പിണറായി വിജയനെ കുറ്റം പറയരുതെന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. പത്രസമ്മേളനത്തില് തുടങ്ങിയ അഭിപ്രായവ്യത്യാസങ്ങള് ഒടുവില് കോണ്ഗ്രസ് പാര്ലമെന്ററി പാര്ട്ടി യോഗത്തില് കടുത്ത വാക്കേറ്റത്തിലേക്കാണ് വഴിമാറിയത്. കേസില് സ്വീകരിച്ച അയഞ്ഞ നിലപാടിനെ ചോദ്യംചെയ്ത മാത്യു കുഴല്നാടന് എം.എല്.എ. യോഗത്തില് പൂര്ണ്ണമായും ഒറ്റപ്പെട്ടു.പിണറായി വിജയനെതിരേ ആദ്യമേ എഫ്.ഐ.ആര്. ഇട്ട് കേസ് രജിസ്റ്റര് ചെയ്യാന് മടിച്ചത് തെറ്റാണെന്ന് മാത്യു കുഴല്നാടന് എം.എല്.എ. രാവിലെ നടന്ന പത്രസമ്മേളനത്തില് കുറ്റപ്പെടുത്തിയിരുന്നു. എന്നാല് മാത്യുവിന്റെ ഈ നിലപാട് തെറ്റാണെന്നും സര്ക്കാര് നിലപാടാണ് ശരിയെന്നും വ്യക്തമാക്കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പരസ്യമായി രംഗത്തെത്തി. ഇതോടെ കേസിന്റെ കാര്യത്തില് കോണ്ഗ്രസിനുള്ളിലെ ഭിന്നത പരസ്യമായി.രാവിലെ തുടങ്ങിയ ഈ തര്ക്കം വൈകീട്ട് നടന്ന കോണ്ഗ്രസ് പാര്ലമെന്ററി പാര്ട്ടി യോഗത്തിലും വലിയ പ്രതിഷേധത്തിന് ഇടയാക്കി. യോഗത്തില് കുഴല്നാടന് തന്റെ കടുത്ത പ്രതിഷേധം അറിയിച്ചെങ്കിലും, സര്ക്കാരിന്റെ പ്രവര്ത്തനത്തിന് വികാരമല്ല വിവേകമാണ് വേണ്ടതെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്. മുഖ്യമന്ത്രിയുടെ ഈ നിലപാടിനെ യോഗത്തില് വച്ച് മറ്റ് പ്രമുഖ നേതാക്കളും പിന്തുണയ്ക്കുകയാണുണ്ടായത്.
മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. മുരളീധരന്, സണ്ണി ജോസഫ് എന്നിവര് മുഖ്യമന്ത്രിയുടെ നിലപാടിന് പൂര്ണ്ണ പിന്തുണ പ്രഖ്യാപിച്ചു. മാത്രവുമല്ല, യോഗത്തിലുണ്ടായിരുന്ന ഭൂരിപക്ഷം എം.എല്.എ.മാരും സര്ക്കാരിന്റെയും പാര്ട്ടിയുടെയും തന്ത്രപരമായ നിലപാടിനൊപ്പമാണെന്ന് ഉറപ്പിച്ചു പറഞ്ഞു. ഇതോടെ കേസില് ഉറച്ച നിലപാട് ആവശ്യപ്പെട്ട മാത്യു കുഴല്നാടന് പൂര്ണ്ണമായും ഒറ്റപ്പെടുകയും യോഗം അവസാനിക്കുന്നതിന് മുന്പ് ഇറങ്ങിപ്പോവുകയും ചെയ്തു.എക്സാലോജിക് കേസില് താന് ഒറ്റയാള്പ്പോരാട്ടമാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കുഴല്നാടന് സംസാരിച്ചു തുടങ്ങിയത്. കേസ് നടത്തിയതിന്റെ പേരില് വലിയ വേട്ടയാടലുകള് താന് നേരിട്ടുവെന്നും വിജിലന്സ് അന്വേഷണം വരെയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന് ചാണ്ടിക്ക് കൊടുക്കാത്ത നീതി പിണറായിക്ക് ഈ സര്ക്കാര് നല്കേണ്ടതില്ലെന്നും കേസില് ഇപ്പോഴത്തെ സര്ക്കാരിന്റെ നടപടി ഒട്ടും ശരിയല്ലെന്നും ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രിക്ക് കത്തുനല്കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
എന്നാല്, മാത്യു കുഴല്നാടന് സ്വന്തം നിലയ്ക്ക് എല്ലാ എം.എല്.എ.മാരുടെയും വികാരം അവതരിപ്പിക്കേണ്ടതില്ലെന്ന രൂക്ഷമായ മറുപടിയാണ് ജ്യോതികുമാര് ചാമക്കാല നല്കിയത്. ഇതോടെ പാര്ട്ടി യോഗത്തില് വിഷയം കൂടുതല് ചൂടുപിടിച്ചു. നേതാക്കള് തമ്മിലുള്ള അഭിപ്രായവ്യത്യാസം യോഗത്തില് പ്രകടമായി പുറത്തുവരുകയും ചെയ്തു.കാര്യങ്ങള് കൂടിയാലോചിച്ചാണ് തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് യോഗത്തില് വിശദീകരിച്ചു. നിയമപരമായി മാത്രമല്ല, രാഷ്ട്രീയമായും വിഷയം പരിശോധിച്ചിട്ടുണ്ടെന്നും ഇ.ഡി. നല്കിയ കത്തില് തിടുക്കപ്പെട്ട് കേസുമായി പോകുന്നത് രാഷ്ട്രീയമായി ശരിയായ രീതിയാവില്ലെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. മുന്പ് കേസിനു പോയത് പിണറായിക്ക് ഗുണമാവുകയാണ് ചെയ്തതെന്നും, പ്രതിപക്ഷത്തായിരുന്നപ്പോള് എല്ലാവരെയും പിണറായി സര്ക്കാര് വേട്ടയാടിയ കാര്യവും മുഖ്യമന്ത്രി ഓര്മ്മിപ്പിച്ചു.
കെ.പി.സി.സി. പ്രസിഡന്റായ കാലം മുതല് തന്നെ കേസില്പ്പെടുത്താന് ശ്രമങ്ങള് നടക്കുന്നുണ്ടെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. മാത്യു കേസിനുപോകുന്നത് താന് അറിഞ്ഞിരുന്നില്ലെന്നും ആലോചിച്ചിരുന്നെങ്കില് വേണ്ടെന്ന് പറയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. തനിക്ക് കത്തുനല്കിയ കാര്യം ശരിയാണെന്നും എന്നാല് കേസിന്റെ കാര്യത്തില് നേതാക്കളുമായി കൃത്യമായ കൂടിയാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വാദത്തെ മുരളീധരനും സണ്ണി ജോസഫും ശരിവെക്കുകയും ചെയ്തു.
