യെമൻ പ്രധാനമന്ത്രി ഷയ അൽ സിന്ദാനി ഹൂതികളുടെ മിസൈൽ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഏദനിലെ അൽ-മാഷിഖ് പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെയായിരുന്നു ഹൂതികളുടെ മിസൈൽ ആക്രമണമുണ്ടായത്. ആക്രമണ സമയത്ത് കൊട്ടാരത്തിൽ ഉണ്ടായിരുന്ന പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും സുരക്ഷിതരായി പുറത്തുകടക്കുകയായിരുന്നുവെന്ന് യെമൻ സർക്കാർ ഔദ്യോഗികമായി അറിയിച്ചു. എന്നാൽ ഈ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
ഏദനിലെ സൗദി സൈനിക പ്രവർത്തന ആസ്ഥാനമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് ആക്രമണത്തിന് ശേഷം ഹൂതി പ്രതിനിധികൾ വ്യക്തമാക്കി. സൗദി സൈനിക സന്നാഹങ്ങൾ എവിടെയുണ്ടോ അതെല്ലാം ലക്ഷ്യമിടാനാണ് പദ്ധതിയെന്നും, എന്ത് വന്നാലും പിന്നോട്ടില്ലെന്നുമാണ് ഹൂതികളുടെ നിലപാട്. എന്നാൽ ഹൂതികളുടെ ഇത്തരം ആക്രമണങ്ങൾ യുദ്ധക്കുറ്റകൃത്യങ്ങളാണെന്ന് സൗദി അറേബ്യ രൂക്ഷമായി വിമർശിച്ചു. രാജ്യത്തെ സിവിലിയൻ കേന്ദ്രങ്ങൾക്കും വിമാനത്താവളങ്ങൾക്കും നേരെ നടത്തുന്ന ആക്രമണങ്ങൾ ധാർമ്മികവും മതപരവുമായ എല്ലാ സീമകളും ലംഘിക്കുന്നതാണെന്ന് സൗദി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വലീദ് എൽഖെരിജി പറഞ്ഞു.പുണ്യനഗരങ്ങളായ മക്കയെയും മദീനയെയും തീർത്ഥാടകരെയും ലക്ഷ്യം വെച്ചുകൊണ്ട് ഹൂതികൾ തുടർച്ചയായി മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തുകയാണെന്ന് സൗദി അറേബ്യ കുറ്റപ്പെടുത്തി. ഇത്തരം ആക്രമണങ്ങളെ കർശനമായി പ്രതിരോധിക്കുന്നതിന് എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. യെമൻ സർക്കാരിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് ആവർത്തിച്ച സൗദി സഖ്യസേന, മേഖലയിലെ ഭീകരവാദ നീക്കങ്ങൾക്കെതിരെ ശക്തമായ തിരിച്ചടി നൽകുമെന്ന സൂചനയും നൽകിയിട്ടുണ്ട്.
