പാവങ്ങളെ പിരികേറ്റിവിട്ട് ഗോവിന്ദനും ,ഐസ ക്കും
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ മാസപ്പടി (CMRL-Exalogic) കേസിൽ വിജിലൻസ് അന്വേഷണവുമായി മുന്നോട്ടു പോകാം എന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവോടെ വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയാണ് ഇടതുമുന്നണിയിൽ രൂപപ്പെട്ടിരിക്കുന്നത്. ലാവലിൻ കേസ് മുതൽ ഇന്നുവരെ എല്ലാ നിയമനടപടികളെയും “പാർട്ടിയെ തകർക്കാനുള്ള കേന്ദ്ര ഏജൻസി ഗൂഢാലോചന” എന്ന് വരുത്തിതീർക്കാനാണ് നേതൃത്വം നിരന്തരം ശ്രമിക്കുന്നത്. എന്നാൽ ഈ രാഷ്ട്രീയ നാടകം യഥാർത്ഥത്തിൽ പാർട്ടിയെ രക്ഷിക്കാനാണോ, അതോ ഒരു വ്യക്തിയുടെ കുടുംബപരമായ നിയമപ്രശ്നങ്ങൾക്ക് സാധാരണ സഖാക്കളെ ബലിയാടുകളാക്കാനാണോ എന്ന ചോദ്യം ഇന്ന് കേരളത്തിലെ ഓരോ രാഷ്ട്രീയ നിരീക്ഷകനും ചോദിക്കുന്നുണ്ട്.
എത്രയോ വർഷങ്ങളായി പിണറായി വിജയൻ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യമുണ്ട് - "എനിക്കെതിരെയുള്ള കേസുകൾ എന്നിലൂടെ പാർട്ടിയെ തകർക്കാനാണ്." ലാവലിൻ കേസിലും സമാനമായ രീതിയിൽ സഖാക്കളുടെ തലച്ചോറിലേക്ക് ഈ ചിന്ത അടിച്ചേൽപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നാൽ, ഒരു വ്യക്തിക്കെതിരെ നിയമപരമായ ആരോപണങ്ങൾ വരുമ്പോൾ അതിനെ കോടതിയിൽ നിയമപരമായി നേരിട്ട് നിരപരാധിത്വം തെളിയിക്കുകയല്ലേ വേണ്ടത്? അതിനുപകരം പാവപ്പെട്ട സഖാക്കളെ തെരുവിലിറക്കി പോലീസിന്റെ അടിവാങ്ങിക്കുകയും, വർഷങ്ങളോളം കോടതികളുടെ വരാന്തകളിൽ കയറിയിറങ്ങാൻ അവരെ നിർബന്ധിക്കുകയും ചെയ്യുന്നത് എന്ത് ന്യായമാണ്? പിണറായി വിജയൻ പാർട്ടി സംസ്ഥാന സെക്രട്ടറിയായത് മുതൽ ഇന്നുവരെ സിപിഎമ്മിന്റെ മുന്നിലുള്ള ഏക അജണ്ട അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിക്കുക എന്നത് മാത്രമായി ചുരുങ്ങിയിരിക്കുന്നു. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ഇഡിയും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ശരിവെച്ചിട്ടും, ഇതേ പല്ലവി തന്നെയാണ് എം.വി. ഗോവിന്ദനും, തോമസ് ഐസക്കും, എ.കെ. ബാലനും ഇപ്പോഴും ആവർത്തിക്കുന്നത്.
കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL), എക്സാലോജിക് സൊല്യൂഷൻസ് എന്നീ സ്ഥാപനങ്ങൾ തമ്മിൽ നടന്ന സാമ്പത്തിക ഇടപാടുകളുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ (VACB) രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ പ്രധാന വിവരങ്ങളും നിയമപരമായ വശങ്ങളും നമുക്കൊന്ന് പരിശോധി്ക്കാം.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ED) കണ്ടെത്തലുകളുടെയും ഹൈക്കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തിൽ രണ്ട് വെവ്വേറെ എഫ്ഐആറുകളാണ് വിജിലൻസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്:
- ഒന്നാം കേസ് (കൈക്കൂലി, അഴിമതി, ഗൂഢാലോചന):
*അതിലെ പ്രധാന പ്രതികൾ: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ (ഒന്നാം പ്രതി), മകൾ ടി. വീണ (രണ്ടാം പ്രതി), സിഎംആർഎൽ എം.ഡി. ശശിധരൻ കർത്ത, സുരേഷ് കുമാർ, എക്സാലോജിക് സൊല്യൂഷൻസ്, എംപവർ ഇന്ത്യ തുടങ്ങിയവർ.
*ഇവർക്കെതിരെയുള്ള ആരോപണമെന്നുറയുന്നത് : പൊതുപ്രവർത്തകൻ എന്ന നിലയിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വ്യക്തിതാൽപ്പര്യങ്ങൾക്കായി പ്രവർത്തിച്ചു. സേവനങ്ങളൊന്നും നൽകാതെ 2016-2020 കാലയളവിൽ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്ക് സിഎംആർഎൽ കോടിക്കണക്കിന് രൂപ കൈക്കൂലിയായി നൽകി. ഇതിനായി പ്രതികൾ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. - രണ്ടാം കേസ് (ഹവാല, കള്ളപ്പണം വെളുപ്പിക്കൽ):
- പ്രധാന പ്രതികൾ: മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് (ഒന്നാം പ്രതി), ടി. വീണ (രണ്ടാം പ്രതി) എന്നിവരും റിയാസിന്റെ സുഹൃത്തുക്കളായ മറ്റ് വ്യക്തികളും.
- ആരോപണം: മാസപ്പടിയായി ലഭിച്ച അഴിമതിപ്പണം ഹവാല ഇടപാടുകളിലൂടെയും കുഴൽപ്പണ മാർഗ്ഗങ്ങളിലൂടെയും വിദേശത്തേക്ക് കടത്തുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്തുവെന്നാണ് രണ്ടാമത്തെ എഫ്ഐആറിലെ പ്രധാന ഉള്ളടക്കം.
- ഇനി ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന നിയമ വകുപ്പുകൾ നോക്കാം
- അഴിമതി നിരോധന നിയമം (Prevention of Corruption Act): പൊതുപ്രവർത്തകൻ സ്വാധീനവും പദവിയും ദുരുപയോഗം ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കൽ, കൈക്കൂലി വാങ്ങൽ എന്നീ ഗുരുതരമായ കുറ്റങ്ങൾ അഴിമതി നിരോധന നിയമപ്രകാരം ചുമത്തിയിട്ടുണ്ട്.
കുറ്റകരമായ ഗൂഢാലോചന (Criminal Conspiracy) അടക്കമുള്ള വകുപ്പുകളാണ് ഐപിസി പ്രകാരം ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇനി ഇതിന്റെ നിർണായകമായ നിയമപരമായ വശങ്ങൾ പരിശോധിക്കുകയാണെങ്കിൽ
: മുൻപ് കേസിൽ സർക്കാരിന്റെ ഭാഗത്തുനിന്നും പ്രാഥമിക അന്വേഷണം നടത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചിരുന്നു. എന്നാൽ, വ്യക്തമായ തെളിവുകളുള്ള കേസിൽ പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും, വിജിലൻസ് നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശിക്കുകയായിരുന്നു.
: തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്ത വിജിലൻസ് നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പിണറായി വിജയനും കുടുംബവും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയെങ്കിലും കോടതി ആ ഹർജി തള്ളിക്കളഞ്ഞു.
: കോടതി ഉത്തരവും വ്യക്തമായ എഫ്ഐആറും നിലവിലുള്ളതിനാൽ വിജിലൻസിനും ഇഡിക്കും അന്വേഷണ നടപടികളുമായി തടസ്സമില്ലാതെ മുന്നോട്ടു പോകാം. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പോലും പിണറായി വിജയന്റെ വാദങ്ങൾ അംഗീകരിക്കാൻ തയ്യാറായില്ല. വിജിലൻസിന് അന്വേഷണവുമായി മുന്നോട്ടു പോകാം എന്നാണ് കോടതി വ്യക്തമാക്കിയത്. എന്നാൽ തോമസ് ഐസക്കിനെയും ഗോവിന്ദനെയും പോലുള്ള നേതാക്കൾക്ക് വ്യക്തിപരമായി നഷ്ടപ്പെടാൻ ഒന്നുമില്ല. അവരുടെ മക്കളും കുടുംബവും ഉന്നത നിലവാരത്തിലും വിദേശത്തുമാണ് കഴിയുന്നത്. അവർക്ക് സാമ്പത്തികമായോ വ്യക്തിപരമായിയോ യാതൊരു ബാധ്യതയുമില്ല. എന്നാൽ അവരുടെ ആഹ്വാനം കേട്ട് റോഡിലിറങ്ങുന്നത് ദിവസക്കൂലിക്ക് പണിയെടുത്തു ജീവിക്കുന്ന സാധാരണക്കാരായ സഖാക്കളാണ്.
കഴിഞ്ഞകാല സമരങ്ങളുടെ ചരിത്രം പരിശോധിച്ചാൽ ഇത് വ്യക്തമാകും. വീണാ വിജയനുമായി ബന്ധപ്പെട്ട ഇഡി പരിശോധനയ്ക്കെതിരെ തിരുവനന്തപുരത്ത് നടന്ന സമരത്തിൽ പങ്കെടുത്ത ഐ.പി. ബിനു അടക്കമുള്ള 26 പേർ 60 ദിവസത്തോളമാണ് വെട്ടം കാണാതെ ജയിലിൽ കഴിഞ്ഞത്. എന്നാൽ തന്റെ മകൾക്ക് വേണ്ടി ജയിൽവാസം അനുഭവിച്ച ആ സാധാരണ പ്രവർത്തകരെ തിരിഞ്ഞുനോക്കാനോ ഒന്ന് ആശ്വസിപ്പിക്കാൻ പോലും പിണറായി വിജയനോ പാർട്ടി നേതൃത്വമോ തയ്യാറായില്ല. നാളെയും ഇതേ നേതാക്കളുടെ പ്രകോപനപരമായ ആഹ്വാനങ്ങൾ കേട്ട് തെരുവിൽ ഇറങ്ങുന്ന സാധാരണ സഖാക്കൾ വീണ്ടും കേസുകളിലും ശിക്ഷകളിലും കുടുങ്ങി ജീവിതം തകർന്നുപോകുന്ന അവസ്ഥയാണ് ഉണ്ടാവുക. നേതാക്കൾ എകെജി സെന്ററിന്റെ സുരക്ഷിതത്വത്തിലിരുന്ന് സമരങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ, ബലിയാടുകളാകുന്നത് പാവപ്പെട്ട അണികളാണ്. പിണറായി വിജയന് ആർജ്ജവമുണ്ടെങ്കിൽ സഖാക്കളുടെ തലയിൽ ഈ പ്രശ്നങ്ങൾ കെട്ടിവെക്കാതെ, നിയമപരമായി കോടതിയിൽ പോയി തന്റെ നിരപരാധിത്വം തെളിയിക്കുകയാണ് വേണ്ടത്. രാഷ്ട്രീയമായി നേരിടാമെന്ന് പറയുമ്പോൾ തന്നെ, പാവപ്പെട്ട സഖാക്കളെ ഇളക്കിവിട്ട് അവരുടെ ജീവിതം കുരുതി കഴിക്കുന്ന ഈ പ്രവണതയ്ക്കതിരെ ഓരോ പാർട്ടി പ്രവർത്തകനും സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇനിയും ഇത്തരം മണ്ടൻ വാക്കുകൾ കേട്ട് റോഡിലിറങ്ങി അടിമേടിക്കുന്നവർ ലോകപൊട്ടന്മാരായി മാറുമെന്ന തിരിച്ചറിവാണ് ഈ സാഹചര്യം നൽകുന്നത്.
