സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബിയുടെ കീഴിലുള്ള 5 പ്രധാന ഡാമുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലെ കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ എന്നിവയ്ക്ക് പുറമേ പത്തനംതിട്ട മൂഴിയാർ, തൃശൂർ പെരിങ്ങൽകുത്ത് ഡാമുകളിലാണ് റെഡ് അലേർട്ടുള്ളത്. കുറ്റ്യാടി ഡാമിൽ ഓറഞ്ച് അലേർട്ടും നിലനിൽക്കുന്നുണ്ട്. കല്ലാർകുട്ടി, പാംബ്ല, മലങ്കര ഉൾപ്പെടെയുള്ള ഡാമുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കിവിടുന്നതിനാൽ തീരദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഇടുക്കിയിൽ ഇന്ന് മഴയുടെ ശക്തി കുറഞ്ഞ് ഇടവിട്ട് പെയ്യുന്ന സാഹചര്യമാണെങ്കിലും മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്. മുൻകരുതലിന്റെ ഭാഗമായി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ അടയ്ക്കുകയും രാത്രിയാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തുകയും ചെയ്തു.
