മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് രണ്ടു ലക്ഷം രൂപയുടെ അധിക ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് പിഎംഎവൈ പദ്ധതി നഗരം-2 നടപ്പാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. കൂടാതെ, കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള 2025–26 വർഷത്തെ ബോണസ് വിതരണത്തിനുള്ള മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്നുള്ള കയറ്റുമതി–ഇറക്കുമതി ചരക്കുനീക്കം ഓഗസ്റ്റ് 18-ന് ഔദ്യോഗികമായി ആരംഭിക്കും. ഇതുവരെ വിഴിഞ്ഞത്ത് ട്രാൻസ്ഷിപ്പ്മെന്റ് മാത്രമാണ് നടന്നിരുന്നതെന്നും, അതിൽ 60 ശതമാനത്തോളം കണ്ടെയ്നറുകളും മറ്റ് രാജ്യങ്ങളുടേതായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തുറമുഖത്തിന്റെ ഗുണഫലം പൂർണ്ണമായും നാടിന് ലഭ്യമാക്കുന്നതിനുള്ള ആദ്യത്തെ പ്രധാന ചുവടുവയ്പാണിത്.
