ആക്ഷൻ കിംഗ് അർജുൻ സർജയെ നായകനാക്കി സുഭാഷ് കെ. രാജ് സംവിധാനം ചെയ്ത ‘ബ്ലാസ്റ്റ്’ തിയേറ്ററുകളിൽ വൻ കുതിപ്പ് തുടരുന്നു. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്ന ചിത്രം ബോക്സ് ഓഫീസിൽ പുതിയ കളക്ഷൻ റെക്കോർഡുകൾ കുറിക്കുകയാണ്. മെയ് 28-ന് ആഗോള റിലീസായെത്തിയ ഈ ഫാമിലി എന്റർടൈനർ ചിത്രം ഇതിനകം തന്നെ ലാഭവിഹിതത്തിൽ വലിയ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.
വെറും 18 കോടി രൂപ നിർമ്മാണച്ചെലവിൽ ഒരുങ്ങിയ ചിത്രം റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ആഗോളതലത്തിൽ 53 കോടി രൂപയുടെ കളക്ഷൻ നേടി ബോക്സ് ഓഫീസിനെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യയില് നിന്ന് മാത്രം 41 കോടി രൂപയാണ് ബ്ലാസ്റ്റ് നേടിയിരിക്കുന്നത്. വിദേശത്ത് നിന്ന് മാത്രം 12 കോടി ബ്ലാസ്റ്റ് നേടിയിരിക്കുന്നു. ഒരു കരാട്ടെ മാസ്റ്ററും അയാളുടെ കുടുംബവും, അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ചില വ്യക്തികളും തുടർന്നുണ്ടാകുന്ന ഉദ്വേഗഭരിതമായ സംഭവങ്ങളുമാണ് ‘ബ്ലാസ്റ്റ്’ എന്ന ചിത്രത്തിന്റെ ഇതിവൃത്തം.അർജുൻ സർജ, പ്രീതി മുകുന്ദൻ, അഭിരാമി എന്നിവരുടെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ കരുത്തായി പ്രേക്ഷകർ വിലയിരുത്തുന്നത്. പ്രശസ്ത സംഗീത സംവിധായകൻ രവി ബസ്റൂർ ആണ് ചിത്രത്തിന് പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കിയിരിക്കുന്നത്.
എജിഎസ് എന്റർടൈൻമെന്റ് നിർമ്മിച്ച ഈ ചിത്രത്തിൽ അർജുൻ ചിദംബരം, ദിലീപൻ, ബാല ഹസൻ, ജോൺ കോക്കൻ, രമേശ് നാരായണൻ, പവൻ, വിവേക് പ്രസന്ന, വിനോദ് സാഗർ എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. അരുൺ രാധാകൃഷ്ണൻ ഛായാഗ്രഹണവും പ്രദീപ് രാഘവ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.
