വില കൂട്ടിയിട്ടും രക്ഷയില്ല; കേന്ദ്രത്തിന്റെ ഞെട്ടിക്കുന്ന കണക്കുകൾ;

രാജ്യത്ത് പാചകവാതക വില അടിക്കടി വർദ്ധിച്ചിട്ടും എണ്ണക്കമ്പനികൾ കടുത്ത സാമ്പത്തിക നഷ്ടത്തിലാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം ഗാർഹിക പാചകവാതകത്തിന് 29 രൂപ കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചിരുന്നു. ഇതോടെ ഡൽഹിയിൽ സിലിണ്ടർ വില 942 രൂപയായും കോഴിക്കോട് 950.50 രൂപയായും ഉയർന്നു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടർ വിലയാകട്ടെ നിലവിൽ 3000 രൂപയും കടന്ന് കുതിക്കുകയാണ്. എന്നാൽ, ഇത്തരത്തിൽ വില കൂട്ടിയിട്ടും 14.2 കിലോഗ്രാമിന്റെ ഒരു ഗാർഹിക സിലിണ്ടർ വിൽക്കുമ്പോൾ എണ്ണക്കമ്പനികൾക്ക് 700 രൂപയുടെ ഭീമമായ നഷ്ടമാണ് ഉണ്ടാകുന്നതെന്നാണ് മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.

അന്താരാഷ്ട്ര വിപണിയിൽ ഫെബ്രുവരി 28 മുതൽ എൽപിജിയുടെ സൗദി കോൺട്രാക്ട് പ്രൈസ് ബെഞ്ച്മാർക്ക് വില 46 ശതമാനം വർദ്ധിച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണം. ഇതോടെ ഇന്ത്യയിൽ ഒരു സിലിണ്ടർ വിതരണം ചെയ്യുന്നതിനുള്ള യഥാർത്ഥ ചെലവ് 1600 രൂപയ്ക്ക് മുകളിലായി ഉയർന്നിട്ടുണ്ട്. നിലവിൽ ഈ വൻ നഷ്ടം പൊതുമേഖലാ എണ്ണക്കമ്പനികളും കേന്ദ്രസർക്കാരുമാണ് സംയുക്തമായി വഹിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷാവസാനത്തോടെ ആഭ്യന്തര എൽപിജിയുടെ മൊത്തം അണ്ടർ-റിക്കവറി മുൻവർഷത്തെ 1338 കോടിയിൽ നിന്നും 60,000 കോടി രൂപയായി കുതിച്ചുയർന്നു. ഇതേത്തുടർന്ന് എണ്ണക്കമ്പനികൾക്കുണ്ടായ ആഘാതം കുറയ്ക്കാൻ 30,000 കോടി രൂപയുടെ പ്രത്യേക നഷ്ടപരിഹാര പാക്കേജിന് കേന്ദ്രസർക്കാർ അടിയന്തര അംഗീകാരം നൽകിയിട്ടുണ്ട്.

പാചകവാതകത്തിന് പുറമെ പെട്രോൾ, ഡീസൽ വിപണിയിലും എണ്ണക്കമ്പനികൾ കനത്ത നഷ്ടത്തിലാണ് മുന്നോട്ട് പോകുന്നതെന്ന് ഈ മേഖലയിലെ സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ വിപണി സാഹചര്യത്തിൽ കമ്പനികൾക്ക് പെട്രോൾ ലിറ്ററിന് 5.5 രൂപയും ഡീസൽ ലിറ്ററിന് 4.5 രൂപയും വീതമാണ് നഷ്ടം വരുന്നത്. അതായത്, പ്രതിദിനം 550 മുതൽ 600 കോടി രൂപയുടെ വരെ ഭീമമായ നഷ്ടമാണ് ഇന്ധന വിപണിയിൽ മാത്രം രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തിൽ കമ്പനികൾക്ക് ലാഭമില്ലാതെ, നഷ്ടമില്ലാത്ത അവസ്ഥയിൽ എങ്കിലുമെത്താൻ ഇന്ധനവിലയിൽ കുറഞ്ഞത് 5 രൂപയുടെയെങ്കിലും വർദ്ധനവ് ഇനിയും വരുത്തേണ്ടി വരുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. ഇത് വരും ദിവസങ്ങളിൽ സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ വീണ്ടും പ്രതിസന്ധിയിലാക്കുമെന്ന സൂചനയാണ് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *