അന്തരിച്ച നടൻ സലിം കുമാറിന്റെ സംസ്‌കാരച്ചടങ്ങിനിടെ ചില യൂട്യൂബ് ചാനലുകളും ക്യാമറക്കണ്ണുകളും കാട്ടിയ അതിരുകടന്ന പെരുമാറ്റത്തിനെതിരെ നിർമാതാവും മുൻ മാധ്യമപ്രവർത്തകയുമായ സുപ്രിയ മേനോൻ രംഗത്ത്. പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ തകർന്നിരിക്കുന്ന ഒരു കുടുംബത്തിന്റെ സ്വകാര്യതയിലേക്ക് ഇരയെ ലക്ഷ്യമിട്ടെത്തുന്ന കഴുകന്മാരെപ്പോലെയാണ് ഇക്കൂട്ടർ പാഞ്ഞടുത്തതെന്ന് സുപ്രിയ രൂക്ഷമായി വിമർശിച്ചു. ഇത് പത്രപ്രവർത്തനമല്ലെന്നും, മറിച്ച് അശ്ലീലവും അസഭ്യവും നിറഞ്ഞ ശുദ്ധ അതിക്രമമാണെന്നും അവർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
പറവൂരിലെ ‘ലാഫിങ്ങ് വില്ല’യിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരച്ചടങ്ങുകൾ നടക്കുന്നതിനിടയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സലിം കുമാറിന്റെ ഭൗതിക ശരീരത്തിന് തൊട്ടടുത്ത് വന്ന് ക്ലോസപ്പ് ദൃശ്യങ്ങളും ചിത്രങ്ങളും പകർത്താൻ ചിലർ മത്സരിക്കുകയായിരുന്നു. കുടുംബാംഗങ്ങൾക്ക് ഒന്നു തിരിഞ്ഞുനിൽക്കാൻ പോലും ഇടമില്ലാത്ത വിധം തള്ളിക്കയറ്റം രൂക്ഷമായതോടെ, സലിം കുമാറിന്റെ മകൻ ചന്തു നിയന്ത്രണം നഷ്ടപ്പെട്ട് പൊട്ടിത്തെറിച്ചു. “ഒന്ന് മാറി നിൽക്കാൻ അല്ലേ പറയുന്നത്, എന്താണ് നിങ്ങൾക്ക് വേണ്ടത്?” എന്ന് നിറകണ്ണുകളോടെ അലറിയ ചന്തുവിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഗാർഡ് ഓഫ് ഓണർ നൽകാനെത്തിയ പൊലീസുകാർ പോലും ഈ ജനക്കൂട്ടവും ക്യാമറകളും കാരണം ഏറെ ബുദ്ധിമുട്ടി.
ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് സുപ്രിയ മേനോന്റെ ശക്തമായ പ്രതികരണം വന്നത്. “വീണ്ടും ഒരു കുടുംബം തങ്ങളുടെ പ്രിയപ്പെട്ടവരോട് വിടപറയാൻ ശ്രമിക്കുമ്പോൾ, ആ അവസാന നിമിഷം ക്ലോസപ്പിൽ പകർത്താൻ മൈക്കുകളും ക്യാമറകളുമായി തിരക്കുകൂട്ടുകയാണ്. ഒന്നു സമാധാനത്തോടെ കരയാൻ മകൻ കെഞ്ചുന്നു. ലൈവായി എല്ലാം കാണാനുള്ള ഈ ആർത്തിയിൽ നാം എങ്ങോട്ടാണ് പോകുന്നത്? ആളുകളെ സമാധാനത്തോടെ ദുഃഖിക്കാൻ അനുവദിക്കൂ,” സുപ്രിയ കുറിച്ചു.
മുമ്പ് നടൻ ശ്രീനിവാസന്റെ മരണാനന്തര ചടങ്ങുകളിലും സമാനമായ രീതിയിൽ സെൽഫിയെടുക്കാനും ദൃശ്യങ്ങൾ പകർത്താനും ആളുകൾ തിരക്കുകൂട്ടിയപ്പോൾ സുപ്രിയ ഇതിനെതിരെ പ്രതികരിച്ചിരുന്നു. മരണം വെറുമൊരു കാഴ്ചയല്ലെന്നും ബാക്കിവെച്ചു പോകുന്നവരുടെ വേദനയെ മാനിക്കാൻ സമൂഹം തയാറാകണമെന്നും അവർ ഓർമ്മിപ്പിക്കുന്നു. ചന്തുവിന്റെ വൈകാരികമായ പ്രതികരണത്തെ അനുകൂലിച്ചും, സ്വകാര്യതയെ മാനിക്കാത്ത സോഷ്യൽ മീഡിയാ കൾച്ചറിനെതിരെയും വലിയ രീതിയിലുള്ള ജനരോഷമാണ് ഇപ്പോൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഉയരുന്നത്.
