ഇന്ത്യയിലെ ജനനനിരക്ക് കുത്തനെ താഴേക്ക്;

ന്ത്യയിലെ പ്രത്യുത്പാദന നിരക്കിൽ റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിയതിൽ ആശങ്ക പ്രകടിപ്പിച്ച് ടെക് ശതകോടീശ്വരനും ടെസ്‌ല, സ്‌പേസ് എക്‌സ് എന്നിവയുടെ സിഇഒയുമായ ഇലോൺ മസ്‌ക് രംഗത്ത്. ഇന്ത്യയിലെ ജനനനിരക്ക് ജനസംഖ്യാ സ്ഥിരത നിലനിർത്താൻ ആവശ്യമായ പരിധിയിലും താഴെയാണെന്നും, പ്രത്യേകിച്ച് ഏറ്റവും കൂടുതൽ വിദ്യാഭ്യാസം നേടിയവർക്കിടയിൽ വർഷങ്ങൾക്ക് മുമ്പ് തന്നെ ജനനനിരക്ക് ഈ പരിധിക്കും താഴെയായിട്ടുണ്ടെന്നും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സിൽ’ കുറിച്ചു. ലോകമെമ്പാടുമുള്ള ജനസംഖ്യാ ശോഷണത്തെക്കുറിച്ച് നിരന്തരം ആശങ്കപ്പെടുന്ന മസ്‌ക്, ലോകത്ത് ജനസംഖ്യ കൂടുതലാണെന്ന പൊതുധാരണ തെറ്റാണെന്നും ജപ്പാൻ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾ ജനസംഖ്യ കുറയുന്നത് മൂലം വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്നും മുൻപും വ്യക്തമാക്കിയിട്ടുണ്ട്. ഒന്നിലധികം കുട്ടികളുള്ള ജീവനക്കാർക്ക് തന്റെ സ്ഥാപനങ്ങളിൽ പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച മസ്‌കിന് ഒമ്പത് കുട്ടികളാണുള്ളത്.

ദേശീയതലത്തിലെ പ്രത്യുത്പാദന നിരക്ക് (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് – TFR) ഒരു സ്ത്രീക്ക് 2.1 എന്ന ജനസംഖ്യാ സ്ഥിരതയ്ക്കുള്ള മാനദണ്ഡത്തിൽ നിന്നും താഴ്ന്ന് 1.9 ൽ എത്തിയെന്നതാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന പുതിയ കണക്ക്. ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് ജനസംഖ്യ കൂടുകയോ കുറയുകയോ ചെയ്യാതെ നിലനിർത്താൻ ആവശ്യമായ ശരാശരി നിരക്കാണിത്. നിലവിൽ ബീഹാർ (2.9), ഉത്തർപ്രദേശ് (2.6) എന്നീ സംസ്ഥാനങ്ങൾ ഒഴികെ ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രത്യുത്പാദന നിരക്ക് റീപ്ലേസ്‌മെന്റ് ലെവലിനും താഴെയാണ്. ഇന്ത്യയിൽ ഏറ്റവും കുറവ് ജനനനിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിലാണ് (1.2). തൊട്ടുപിന്നാലെ 1.3 പോയിന്റുമായി കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളാണ് ഉള്ളത്.

ജനസംഖ്യാ ഇടിവ് ലോകത്തിന് ഭീഷണിയാകുമ്പോൾ, നിർമ്മിതബുദ്ധി ഈ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന രസകരമായൊരു പ്രവചനവും മസ്‌ക് ഇതോടൊപ്പം പങ്കുവെക്കുന്നു. എഐ സാങ്കേതികവിദ്യയുടെ വളർച്ച ഭാവിയിൽ മനുഷ്യന്റെ ജനനനിരക്ക് വർദ്ധിപ്പിക്കാൻ കാരണമാകുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ തനിക്ക് പൂർണ്ണ ഉറപ്പുണ്ടെന്നും സംശയമുള്ളവർ തന്റെ ഈ വാക്കുകൾ കുറിച്ചുവെച്ചോളൂ എന്നും അദ്ദേഹം ആത്മവിശ്വാസത്തോടെ പറയുന്നു. വികസിത രാജ്യങ്ങളിലെ ജനങ്ങൾ ജനസംഖ്യ വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്ന് ആഹ്വാനം ചെയ്യുന്ന മസ്‌കിന്റെ ഈ പ്രതികരണങ്ങൾ ആഗോളതലത്തിൽ വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് ഇപ്പോൾ വഴിവെച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *