സംസ്ഥാനത്ത് എക്സൈസ് വകുപ്പിൽ കോടികളുടെ കോഴയിടപാടുകൾക്കും അഴിമതിക്കുമെതിരെ ചരിത്രപരമായ നീക്കവുമായി സർക്കാർ. മന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരം എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവറാവുവിന്റെ നേതൃത്വത്തിൽ കോട്ടയത്ത് നടത്തിയ രഹസ്യ ഓപ്പറേഷനിൽ ഡെപ്യൂട്ടി കമ്മീഷണറും കീഴുദ്യോഗസ്ഥരും ഉൾപ്പെട്ട കൈക്കൂലി സംഘം കുരുങ്ങി. ഒണാക്കാലത്ത് ‘കോംപ്ലിമെന്റ് സിസ്റ്റം’ എന്ന പേരിൽ ബാറുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും വ്യാപകമായി പണം പിരിച്ച അഴിമതിയാണ് ചുരുളഴിഞ്ഞിരിക്കുന്നത്.
കോട്ടയം ജില്ലയിലെ ബാറുകൾ സമയപരിധി കഴിഞ്ഞും പ്രവർത്തിക്കുന്നതായും ഉദ്യോഗസ്ഥർ വൻതോതിൽ പണം പിരിക്കുന്നതായും വ്യാപക പരാതികൾ ഉയർന്നിരുന്നു. ഇതേത്തുടർന്ന് അവലോകന യോഗത്തിൽ മന്ത്രി എം.ലിജു പരസ്യമായി താക്കീത് നൽകിയിട്ടും ഉദ്യോഗസ്ഥർ പിരിവ് തുടർന്നതോടെയാണ് അതീവ രഹസ്യമായ നീക്കങ്ങൾക്ക് തുടക്കമായത്. തിരുവനന്തപുരത്തുനിന്നും ഔദ്യോഗിക വാഹനം ഒഴിവാക്കി കർണാടകയിലേക്ക് എന്ന് വരുത്തി തീർത്താണ് കമ്മീഷണർ കോട്ടയത്ത് രഹസ്യമായി എത്തിയത്. തുടർന്ന് ഒരു ബാർ ഹോട്ടലിൽ മുറിയെടുത്ത് മൂന്ന് ദിവസത്തോളം നീക്കങ്ങൾ നേരിട്ട് നിരീക്ഷിക്കുകയായിരുന്നു.ഒന്നാം ഘട്ടത്തിൽ ചങ്ങനാശ്ശേരിയിലെ ന്യൂയോർക്ക് സ്ക്വയർ, പഞ്ചവടി എന്നീ ബാറുകളിലെ മാനേജർമാരിൽ നിന്നും ജീവനക്കാരിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു. നാല് ബാറുകളിൽ നിന്നായി ഡെപ്യൂട്ടി കമ്മീഷണർ എസ്. അശോക് കുമാർ 55,000 രൂപ കൈപ്പറ്റിയെന്നും, സിവിൽ എക്സൈസ് ഓഫീസർമാരായ എ.എസ്. വിശാഖ്, ലാലു തങ്കച്ചൻ എന്നിവർ കവറുകളിലായി 26,000 രൂപ വാങ്ങിയെന്നും വ്യക്തമായ തെളിവുകൾ ലഭിച്ചു. ഹോട്ടലുകളിലെ സി.സി.ടി.വി ദൃശ്യങ്ങളും എക്സൈസ് ഉദ്യോഗസ്ഥർ മദ്യം കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും പരിശോധിച്ചാണ് വിവരങ്ങൾ സ്ഥിരീകരിച്ചത്.
അന്വേഷണത്തിന്റെ നിർണായക ഘട്ടത്തിൽ ചങ്ങനാശ്ശേരിയിലെ ഇടനിലക്കാരന്റെ വീട്ടിൽ കമ്മീഷണർ പരിശോധന നടത്തുന്നതിനിടെ അയാളുടെ ഫോണിലേക്ക് ഡെപ്യൂട്ടി കമ്മീഷണറുടെ വാട്സാപ്പ് കോളെത്തിയത് കേസിൽ വഴിതിരിവായി. ‘കമ്മീഷണറുണ്ട് സൂക്ഷിക്കണം’ എന്നായിരുന്നു മുന്നറിയിപ്പ്. ഈ കോൾ കമ്മീഷണർ തത്സമയം റെക്കോർഡ് ചെയ്യുകയായിരുന്നു. ചോദ്യംചെയ്യലിനിടെ തന്റെ ഫോണിലെ ചാറ്റുകൾ ഡെപ്യൂട്ടി കമ്മീഷണർ ഡിലീറ്റ് ചെയ്തെങ്കിലും, ഇടനിലക്കാരന്റെ ഫോണിൽ നിന്നും റെക്കോർഡ് ചെയ്ത ദൃശ്യങ്ങൾ കമ്മീഷണർ മുന്നിൽ വെച്ചതോടെ ഉദ്യോഗസ്ഥൻ കുറ്റം സമ്മതിക്കുകയായിരുന്നു. വകുപ്പിൽ നടപ്പിലാക്കിയ മിന്നൽ നീക്കം അഴിമതിക്കാർക്കിടയിൽ വലിയതോതിൽ ഭീതി പരത്തിയിട്ടുണ്ട്.
