രാജ്യത്തെ ആദ്യ ഇലക്ട്രിക് ട്രക്ക് ഇടനാഴിക്ക് കേരളം ഒരുങ്ങുന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന എൻ.എച്ച്.66ൽ ഇലക്ട്രിക് ട്രക്കുകൾക്കായി 90 ചാർജറുകളും ആകെ 12.5 മെഗാവാട്ട് ചാർജിങ് ശേഷിയും ഒരുക്കാൻ തുടക്കത്തിൽ 19 കോടി രൂപയുടെ നിക്ഷേപം മതിയെന്നാണ് പഠനത്തിലെ കണ്ടെത്തൽ. പി.എം. ഇ-ഡ്രൈവ് പദ്ധതിയിൽ പൊതു ചാർജിങ് സൗകര്യങ്ങൾക്കായി അനുവദിച്ച 2000 കോടി രൂപയുടെ ഒരു ശതമാനത്തിൽ താഴെയാണ് ഈ തുക. 622 കിലോമീറ്റർ ദേശീയപാതയിൽ കെ.എസ്.ഇ.ബിയും ഇന്റർനാഷനൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്പോർട്ടേഷനും ചേർന്നാണ് പഠനം നടത്തിയത്. നിലവിൽ കേരളത്തിൽ ചാർജിങ് ശൃംഖല സ്ഥാപിക്കാൻ അനുവദിച്ച 63.12 കോടി രൂപയും ഇതിനായി ഉപയോഗിക്കാനാകും.
2030ഓടെ ഈ ലക്ഷ്യം കൈവരിക്കാനാണ് പദ്ധതി. 2050ഓടെ ചാർജറുകളുടെ എണ്ണം 1939 ആയും സ്ഥാപിത ചാർജിങ് ശേഷി 204.5 മെഗാവാട്ട് ആയും ഉയർത്തേണ്ടിവരും. ഇതിനായി ആകെ 338 കോടി രൂപയുടെ നിക്ഷേപമാണ് ആവശ്യമായി വരിക. ഇന്ത്യയിലെ ചരക്ക് ഗതാഗത പാതയിൽ ഇലക്ട്രിക് ട്രക്കുകൾക്കായി എത്ര ചാർജറുകൾ വേണം, ഏത് തരത്തിലുള്ള ചാർജറുകൾ വേണം, എവിടെയൊക്കെ സ്ഥാപിക്കണം എന്നിവ കണ്ടെത്തുന്നതിനായി നടത്തിയ ആദ്യ പഠനമാണിതെന്ന് റിപ്പോർട്ട് പറയുന്നു.ദേശീയപാത 66ലെ നാല് ടോൾ പ്ലാസകളിൽ നിന്നുള്ള ഫാസ്റ്റാഗ് വിവരങ്ങൾ, രാജ്യത്തുടനീളമുള്ള ട്രക്കുകളുടെ വിന്യാസം, 13,355 ട്രക്കുകളിൽ നിന്നുള്ള ജി.പി.എസ് വിവരങ്ങൾ, 3,39,692 പാർക്കിങ് സ്റ്റേഷനുകളിലെ വിവരങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് പഠനം. കൊച്ചി, കോഴിക്കോട്, കൊല്ലം എന്നിവ പ്രധാന ചാർജിങ് കേന്ദ്രങ്ങളായി ഉയർന്നുവരും. തിരുവങ്ങാട്–കുമ്പളം മേഖലയിൽ മാത്രം 2050ൽ 76.4 മെഗാവാട്ട് ചാർജിങ് ശേഷി ആവശ്യമായി വരുമെന്നാണ് പഠനം കണക്കാക്കുന്നത്.
ഇലക്ട്രിക് ട്രക്കുകളുടെ ആവശ്യം ഉയരുന്നതിന് മുമ്പ് തന്നെ മുൻഗണനാ കേന്ദ്രങ്ങളിലെ വൈദ്യുതി വിതരണ ശൃംഖല നവീകരിക്കുന്നതിനുള്ള ആസൂത്രണം നടത്താൻ കെ.എസ്.ഇ.ബി പ്രതിജ്ഞാബദ്ധമാണെന്ന് ഡയറക്ടർ എം.പി. രാജൻ പറഞ്ഞു. ഇലക്ട്രിക് ട്രക്കുകൾ നിരത്തിലിറങ്ങിയ ശേഷമാണ് ചാർജിങ് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ തുടങ്ങുന്നതെങ്കിൽ പദ്ധതി വൈകാൻ സാധ്യതയുണ്ടെന്ന് ഐസിസിടി ഗവേഷക ഹർസിമ്രൻ കൗറും വ്യക്തമാക്കി. അതുകൊണ്ടുതന്നെ ട്രക്കുകൾ എത്തുംമുമ്പ് തന്നെ ചാർജിങ് ശൃംഖല ഒരുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
