സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി കഴിയണമെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‍ല്യാരുടെ പരാമർശത്തിന് മറുപടിയുമായി മുതിർന്ന സി.പി.എം നേതാവ് പാലൊളി മുഹമ്മദ് കുട്ടി. ഇത്തരം കാര്യങ്ങളിൽ ഉപദേശം നൽകേണ്ടത് സ്ത്രീകൾക്കല്ല, പുരുഷന്മാർക്കാണെന്ന് പാലൊളി പറഞ്ഞു. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് കൂടുന്ന ഇടങ്ങളിൽ തെറ്റായ പ്രവണതകൾ കാണിക്കുന്നതിൽ പുരുഷന്മാരാണ് മുൻപിലുള്ളതെന്നും അതിനാൽ പുരുഷന്മാർക്കാണ് അച്ചടക്കവും അവബോധവും സംബന്ധിച്ച ഉപദേശം നൽകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകൾ മാത്രം അടങ്ങിയൊതുങ്ങി ഇരിക്കണമെന്നത് പ്രശ്നത്തിന്റെ പരിഹാരമല്ലെന്നും പാലൊളി പറഞ്ഞു. പുരുഷമേധാവിത്വം സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്നും അത് മുസ്‍ലിം സമുദായത്തിൽ കൂടുതൽ ശക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാന്തപുരത്തിന്റെ പ്രസ്താവനയെ പൂർണമായി തെറ്റാണെന്ന് പറയുന്നില്ലെന്നും സ്ത്രീകൾ ശ്രദ്ധിക്കണമെന്നത് ശരിയാണെന്നും എന്നാൽ പ്രശ്നത്തിനുത്തരവാദികൾ സ്ത്രീകൾ മാത്രമാണെന്ന രീതിയിലുള്ള വാദം അംഗീകരിക്കാനാവില്ലെന്നും പാലൊളി വ്യക്തമാക്കി.
സ്ത്രീകൾ പുറത്തിറങ്ങരുതെന്നത് സമൂഹത്തിന് ഗുണകരമല്ല”
മതപണ്ഡിതർ അവരുടെ വീക്ഷണത്തിലുള്ള കാര്യങ്ങൾ പറയുമെന്നും അത് പൂർണമായി ശരിവെക്കേണ്ടതില്ലെന്നും പാലൊളി പറഞ്ഞു. സ്ത്രീകൾ പൊതുരംഗത്തേക്ക് ഇറങ്ങരുതെന്ന തരത്തിലുള്ള നിർദേശം സമൂഹത്തിന് ഉപകാരപ്രദമായ പ്രസ്താവനയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്‍ലിം സ്ത്രീകൾക്ക് ചരിത്രത്തിൽ നിർണായകമായ പങ്കുണ്ടായിരുന്നെന്നും യുദ്ധങ്ങളിൽ പോലും അവർ പങ്കെടുത്തിട്ടുണ്ടെന്നും, എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ അടിച്ചമർത്തൽ അനുഭവിക്കുന്ന വിഭാഗങ്ങളിലൊന്നാണ് മുസ്‍ലിം സ്ത്രീകളെന്നും പാലൊളി ചൂണ്ടിക്കാട്ടി.
ഇതിനിടെ മുസ്‍ലിം ലീഗിനെയും പാലൊളി വിമർശിച്ചു. അധികാരക്കസേരയ്ക്ക് കോട്ടംതട്ടുന്ന കാര്യങ്ങളൊന്നും ലീഗ് നേതാക്കൾ പറയാറില്ലെന്നും അതാണ് അവരുടെ രീതിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. സ്ത്രീകളുടെ പൊതുസാന്നിധ്യവുമായി ബന്ധപ്പെട്ട കാന്തപുരത്തിന്റെ പരാമർശം നേരത്തെ തന്നെ രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ ചർച്ചയായിരിക്കെയാണ് പാലൊളിയുടെ പ്രതികരണവും എത്തുന്നത്.
