തമിഴ് സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിലമ്പരശൻ ടി.ആർ–വെട്രിമാരൻ കൂട്ടുകെട്ടിലെ ‘അരസൻ’ 2027 പൊങ്കലിന് എത്തില്ല. സിനിമയുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ മികച്ച രീതിയിൽ പൂർത്തിയാക്കുന്നതിനാണ് റിലീസ് മാറ്റിയതെന്ന് ചിമ്പു വ്യക്തമാക്കി. ചെന്നൈയിലെ സത്യഭാമ കോളേജിൽ നടന്ന ചടങ്ങിലാണ് ചിത്രത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ താരം പങ്കുവെച്ചത്. ബോളിവുഡിലെ ‘ധുരന്ധർ’ ഇന്ത്യയിലുടനീളം വലിയ ഇംപാക്ട് ഉണ്ടാക്കിയതുപോലെ തമിഴ് സിനിമയുടെ അഭിമാനം ഉയർത്തുന്ന ചിത്രമാകണം ‘അരസൻ’ എന്നാണ് ലക്ഷ്യമിടുന്നതെന്നും ചിമ്പു പറഞ്ഞു.
തിടുക്കത്തിൽ ചിത്രീകരണം പൂർത്തിയാക്കുന്നത് വലിയ തെറ്റായിരിക്കുമെന്നും ചിമ്പു വ്യക്തമാക്കി. വെട്രിമാരൻ പെർഫെക്ഷൻ ആഗ്രഹിക്കുന്ന സംവിധായകനായതിനാലാണ് സിനിമയ്ക്ക് കൂടുതൽ സമയം വേണ്ടിവരുന്നത്. യഥാർത്ഥ ലൊക്കേഷനുകളിൽ ചിത്രീകരിച്ച ‘അരസൻ’ പൂർണമായും റിയലിസ്റ്റിക് രീതിയിലായിരിക്കും തിയേറ്ററുകളിലെത്തുക. നായകന്റെ ചെറുപ്പകാലം മുതൽ വാർദ്ധക്യം വരെയുള്ള ജീവിതയാത്ര പറയുന്ന ചിത്രത്തിൽ ചിമ്പുവിന് ആറ് വ്യത്യസ്ത ഗെറ്റപ്പുകളുണ്ട്. ഇതിൽ മൂന്ന് കഥാപാത്രങ്ങളുടെ ചിത്രീകരണം ഇതിനകം പൂർത്തിയായി. ഈ കാത്തിരിപ്പ് വെറുതെയാകില്ലെന്നും സിനിമ കാണുമ്പോൾ ആരാധകർക്ക് അഭിമാനം തോന്നുമെന്നും താരം ഉറപ്പ് നൽകി.ഇതിനിടെ, ചിത്രീകരിച്ച ഭാഗങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ ഉൾപ്പെടുത്തി ‘ദി വേൾഡ് ഓഫ് അരസൻ’ എന്ന പ്രത്യേക വീഡിയോ ദീപാവലിക്ക് പുറത്തിറക്കുമെന്നും ചിമ്പു അറിയിച്ചു. വെട്രിമാരന്റെ ‘വട ചെന്നൈ’ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണ് ‘അരസൻ’. ചിത്രത്തിൽ വിജയ് സേതുപതി പുതിയ കഥാപാത്രമായി എത്തുമ്പോൾ, ആൻഡ്രിയ ജെറമിയ, സമുദ്രക്കനി, കിഷോർ, അമീർ എന്നിവർ ‘വട ചെന്നൈ’യിലെ തങ്ങളുടെ കഥാപാത്രങ്ങളെ വീണ്ടും അവതരിപ്പിക്കും.
വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപ്പുലി എസ്. താണുവാണ് ചിത്രം നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതവും ആർ. വേൽരാജ് ഛായാഗ്രഹണവും ആർ. രാമർ എഡിറ്റിംഗും നിർവഹിക്കുന്നു. പീറ്റർ ഹെയ്ൻ ആക്ഷൻ കൊറിയോഗ്രാഫി കൈകാര്യം ചെയ്യുന്നു. റിലീസ് വൈകിയെങ്കിലും കൂടുതൽ മികച്ചൊരു ‘അരസൻ’ സമ്മാനിക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമമെന്നാണ് ചിമ്പുവിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്
