തിരഞ്ഞെടുപ്പ് തോൽവികളുടെ ഉത്തരവാദിത്തം നേതാക്കൾ നേരിട്ട് ഏറ്റെടുക്കണമെന്ന കർശന നിർദേശവുമായി സിപിഐഎം. തെറ്റായ തീരുമാനങ്ങളുടെ ഉത്തരവാദിത്തം കമ്മിറ്റികളുടെ മേൽ മാത്രം കെട്ടിവെക്കാനാകില്ലെന്നാണ് വിശാല സംസ്ഥാന കമ്മിറ്റിക്കുള്ള പാർട്ടി രേഖ വ്യക്തമാക്കുന്നത്. ജനങ്ങളോടും അണികളോടും നേതാക്കൾ വിനയമുള്ളവരായിരിക്കണമെന്നും പ്രസംഗങ്ങൾ കാര്യമാത്രപ്രസക്തമാകണമെന്നും നിർദേശത്തിലുണ്ട്. സെപ്റ്റംബർ 7 നും 8 നും കോഴിക്കോട് വെച്ചാണ് സിപിഐഎമ്മിന്റെ വിശാല സംസ്ഥാന കമ്മിറ്റി ചേരുന്നത്.
തളിപ്പറമ്പിൽ പി.കെ. ശ്യാമള പരാജയപ്പെട്ടപ്പോൾ സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് ജില്ലാ കമ്മിറ്റിയാണെന്നായിരുന്നു എം.വി. ഗോവിന്ദന്റെ ന്യായീകരണം. എന്നാൽ പയ്യന്നൂരിലും തളിപ്പറമ്പിലുമടക്കം സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ചയുണ്ടായെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ കണ്ടെത്തൽ. ബ്രാഞ്ച് തലം മുതൽ സംസ്ഥാന കമ്മിറ്റി വരെ നേതാക്കൾക്ക് വീഴ്ച പറ്റിയെന്ന് പ്രവർത്തകർ ചർച്ച ചെയ്തിരുന്നു. ഇതിനിടെ, തളിപ്പറമ്പിലും പയ്യന്നൂരിലും നടന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ ജനങ്ങൾക്കും അനുഭാവികൾക്കും തെറ്റിദ്ധാരണ ഉണ്ടായെന്ന മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
തോൽവിയുടെ ഉത്തരവാദിത്തം തങ്ങൾക്കില്ലെന്ന് വരുത്തിതീർക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്. വിഷയത്തിൽ പാർട്ടി നേതാക്കൾക്കിടയിലെ ഭിന്നാഭിപ്രായം വിഭാഗീയ ചർച്ചകളിലേക്കും വഴിമാറിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് വീഴ്ചകളിൽ നേതൃത്വത്തിന് തെറ്റ് പറ്റിയെന്നും അത് തിരുത്തണമെന്നുമാണ് തോമസ് ഐസക്, പി. ജയരാജൻ തുടങ്ങിയവരുടെ നിലപാട്. എന്നാൽ പിണറായി വിജയനെ പിന്തുണയ്ക്കുന്ന സമീപനമാണ് എം.വി. ഗോവിന്ദൻ, സജി ചെറിയാൻ തുടങ്ങിയവർ സ്വീകരിച്ചിരിക്കുന്നത്.
