തെളിവുകൾ കുറവായ കേസുകൾ പോലും ശാസ്ത്രീയ അന്വേഷണത്തിലൂടെ ചുരുളഴിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിച്ച പോലീസ് ഉദ്യോഗസ്ഥനായിരുന്നു ശനിയാഴ്ച അന്തരിച്ച കോഴിക്കോട് സിറ്റി നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.ജെ. ജോൺസൺ. പാറശ്ശാല ഷാരോൺ വധക്കേസ് മുതൽ ‘പാത്തൂട്ടി’യുടെ ആത്മാവിന്റെ പേരിൽ ഭീതിപരത്തിയ ‘ജിന്നുമ്മ’ കേസ് വരെയുള്ള നിരവധി സങ്കീർണ കേസുകളിൽ ജോൺസന്റെ അന്വേഷണ മികവ് ശ്രദ്ധേയമായിരുന്നു.
ഷാരോൺ വധക്കേസിൽ കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകിയ സംഭവം ആദ്യം സാധാരണ മരണമെന്നാണ് കരുതപ്പെട്ടത്. എന്നാൽ മൊഴികളിലെ വൈരുധ്യങ്ങൾ, ഡിജിറ്റൽ തെളിവുകൾ, ശാസ്ത്രീയ വിശകലനം എന്നിവ കൃത്യമായി പരിശോധിച്ചാണ് ഗ്രീഷ്മയിലേക്ക് അന്വേഷണം എത്തിയത്. ആഭിചാരക്രിയകളുടെ മറവിൽ 596 പവൻ സ്വർണം തട്ടിപ്പറിക്കുകയും ഒരാളെ ഭിത്തിയിലിടിച്ച് കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ‘ജിന്നുമ്മ’ എന്ന ഷെമീനയെയും സംഘത്തെയും പിടികൂടുന്നതിലും ജോൺസന്റെ അന്വേഷണത്തിന് ഒന്നരവർഷത്തെ പരിശ്രമം വേണ്ടിവന്നു.തെളിവുകളുടെ അഭാവത്തിലും കുറ്റകൃത്യങ്ങളുടെ പിന്നിലെ സത്യം പുറത്തുകൊണ്ടുവരുന്നതിൽ ജോൺസന് പ്രത്യേക വൈദഗ്ധ്യമുണ്ടായിരുന്നു. പൂവാർ ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകക്കേസിൽ 11 വർഷം മുൻപ് അമ്മയെയും മകളെയും കാണാതായ സംഭവം കടലിൽ തള്ളിക്കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയും മുഖ്യപ്രതിയായ മാഹിൻ കണ്ണിനെ ചോദ്യം ചെയ്ത് സത്യം പുറത്തുകൊണ്ടുവരികയും ചെയ്തത് അദ്ദേഹത്തിന്റെ അന്വേഷണ മികവിലൂടെയായിരുന്നു. കാസർകോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി ഗഫൂർഹാജിയുടെ ദുരൂഹമരണം കൊലപാതകമാണെന്ന് തെളിയിച്ചതും ജോൺസന്റെ നേതൃത്വത്തിലായിരുന്നു. ശാസ്ത്രീയ തെളിവുകൾ വിശകലനം ചെയ്യുന്നതിലെ അസാമാന്യ കഴിവും അന്വേഷണത്തിലെ വിട്ടുവീഴ്ചയില്ലാത്ത സമീപനവും അദ്ദേഹത്തെ വ്യത്യസ്തനായ ഉദ്യോഗസ്ഥനാക്കി.
തിരുവനന്തപുരം റൂറൽ പോലീസിൽ സേവനമനുഷ്ഠിച്ച കാലത്തും മികവുറ്റ പ്രവർത്തനങ്ങളിലൂടെ ജനകീയനായ ഉദ്യോഗസ്ഥനായിരുന്നു ജോൺസൺ. ആത്മാർഥതയ്ക്കും സത്യസന്ധതയ്ക്കും നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ഞായറാഴ്ച കോഴിക്കോട് സിറ്റി കൺട്രോൾ റൂം പരിസരത്ത് മൃതദേഹം പൊതുദർശനത്തിന് വെച്ചു. സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി, ഡി.സി.പി. പദംസിങ്, അഡീഷണൽ എസ്.പി. ഇ. സുനിൽകുമാർ എന്നിവർ അന്തിമോപചാരമർപ്പിച്ചു. ഐ.ജി. പുട്ട വിമലാദിത്യ, ഡി.ഐ.ജി. കെ. കാർത്തിക് എന്നിവർക്കുവേണ്ടിയും റീത്ത് സമർപ്പിച്ചു. തുടർന്ന് മൃതദേഹം സ്വദേശമായ വയനാട്ടിലേക്ക് കൊണ്ടുപോയി.
