ഇസ്രയേലിനെതിരെ പ്രാദേശിക സഖ്യകക്ഷികളെ അണിനിരത്തി ഒരേസമയം ആക്രമണം നടത്താൻ ഇറാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. 2023 ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണത്തിന് സമാനമായ രീതിയിൽ ഇസ്രയേലിനെ വടക്കുനിന്നും തെക്കുനിന്നും വളഞ്ഞ് സമ്മർദത്തിലാക്കാനാണ് നീക്കമെന്നാണ് ദ് ജറുസലം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേൽ ഇന്റലിജൻസ് വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട് പ്രകാരം, ഇറാൻ റവല്യൂഷനറി ഗാർഡിലെയും ഖുദ്സ് സേനയിലെയും ഉന്നത ഉദ്യോഗസ്ഥർ ലബനനിലെ ഹിസ്ബുല്ല, യെമനിലെ ഹൂതി കമാൻഡർമാരുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തിയിട്ടുണ്ട്.
ഹിസ്ബുല്ല, ഹൂതികൾ, ഹമാസ് എന്നിവയ്ക്കൊപ്പം ഇറാഖിലെയും സിറിയയിലെയും ഇറാൻ അനുകൂല സംഘടനകളെയും ആക്രമണത്തിൽ ഉൾപ്പെടുത്താനാണ് പദ്ധതിയെന്നാണ് റിപ്പോർട്ട്. ധാരണയുടെ അടിസ്ഥാനത്തിൽ ഹമാസും ഹിസ്ബുല്ലയും ഇറാന്റെ സഹായത്തോടെ അതിർത്തിയിലെ പ്രവർത്തനങ്ങൾ ഇതിനകം ശക്തമാക്കിയതായും ജറുസലം പോസ്റ്റ് അവകാശപ്പെടുന്നു. അതേസമയം, യുഎസുമായും ഇസ്രയേലുമായും നടന്ന യുദ്ധത്തിൽ ക്ഷയിച്ച ആയുധശേഖരം പുനർനിർമിക്കാനുള്ള ശ്രമങ്ങളും ഇറാൻ ആരംഭിച്ചതായി റിപ്പോർട്ടുണ്ട്. മിസൈൽ, ഡ്രോൺ ഉൽപാദനം ഇറാൻ വേഗത്തിലാക്കിയതായാണ് വിവരം.ഇസ്രയേൽ ആക്രമണത്തിൽ ഹിസ്ബുല്ലയ്ക്ക് കനത്ത തിരിച്ചടി നേരിട്ടതും സിറിയയിൽ അസദ് ഭരണകൂടം വീണതും മേഖലയിൽ ഇറാനുള്ള പിന്തുണ കുറയുന്നതായി വിലയിരുത്തലുകൾ ഉയരുന്നതിനിടെയാണ് പുതിയ നീക്കമെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. 2023 ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണത്തിൽ സഖ്യകക്ഷികളെ നേരിട്ട് പങ്കെടുപ്പിച്ചിരുന്നില്ല. എന്നാൽ ഹിസ്ബുല്ലയെയും ഇറാനെയും കൂടി ഉൾപ്പെടുത്തി വിശാലമായ ആക്രമണം നടത്താൻ ഹമാസ് നേതാവ് യഹ്യ സിൻവർ പദ്ധതിയിട്ടിരുന്നതായി ഗാസയിൽനിന്ന് പിടിച്ചെടുത്ത രേഖകളിൽ വ്യക്തമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അന്ന് ഉണ്ടായ ഏകോപനമില്ലായ്മ ഒഴിവാക്കി ഇത്തവണ കൂടുതൽ ഏകോപിതവും പഴുതടച്ചതുമായ ആക്രമണത്തിലൂടെ ഇസ്രയേലിനെ വിവിധ ദിശകളിൽ നിന്ന് വളയുകയാണ് ഇറാന്റെ ലക്ഷ്യമെന്നാണ് റിപ്പോർട്ടിന്റെ സൂചന. എന്നാൽ ഇത്തരമൊരു ആക്രമണപദ്ധതി സംബന്ധിച്ച വിവരങ്ങൾ നിലവിൽ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇറാന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ലെന്നും ശ്രദ്ധിക്കേണ്ടതാണ്.
