മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് നീങ്ങുന്ന അന്വേഷണത്തിന്റെ അടുത്ത ഘട്ടം കേരള രാഷ്ട്രീയത്തിൽ വലിയൊരു തിരിച്ചടിക്ക് വഴിയൊരുക്കുമോ? പിണറായി വിജയനെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്താൽ, അതേ അന്വേഷണത്തിന്റെ നിയമപരമായ യുക്തി നിലവിലെ സർക്കാറിലെ പ്രമുഖരിലേക്കും നീളേണ്ടിവരുമോ? ഇതാണ് ഇപ്പോൾ ഉയരുന്ന ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ ചോദ്യം.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ പിണറായി വിജയനെതിരെ സംസ്ഥാന സർക്കാറിൻ്റെ നിർദ്ദേശപ്രകാരം വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യുന്ന സാഹചര്യമുണ്ടായാൽ, അതിന്റെ പ്രത്യാഘാതം പിണറായി വിജയനിലും കുടുംബത്തിലും മാത്രം ഒതുങ്ങുമെന്ന് എന്തായാലും ഉറപ്പിച്ചു പറയാനാവില്ല.
കാരണം, CMRL-മായി ബന്ധപ്പെട്ട പണമിടപാടുകളിൽ കേരളത്തിലെ വിവിധ രാഷ്ട്രീയ നേതാക്കളുടെ പേരുകളും നേരത്തെ പൊതുചർച്ചയായിട്ടുണ്ട്. ഇവിടെയാണ് യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തലയുടെയും പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും പേരുകൾ വീണ്ടും ചർച്ചയിലേക്ക് വരുന്നത്.
CMRL-മായി ബന്ധപ്പെട്ട രേഖകളിൽ പരാമർശിക്കപ്പെട്ട പണം സംബന്ധിച്ച്, തങ്ങൾക്ക് ലഭിച്ചത് വ്യക്തിപരമായ പണമല്ലെന്നും പാർട്ടി ആവശ്യങ്ങൾക്കായി സ്വീകരിച്ചതാണെന്നുമുള്ള വിശദീകരണങ്ങളാണ് വിവിധ ഘട്ടങ്ങളിൽ രാഷ്ട്രീയ നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. അങ്ങനെയെങ്കിൽ ഒരു നിർണായക ചോദ്യം അവിടെ തന്നെ ഉയരുന്നുണ്ട്.
പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ട പണമിടപാടിന്റെ പിന്നിൽ എന്തെങ്കിലും ഔദ്യോഗിക സഹായമോ സ്വാധീനമോ ഉണ്ടായിരുന്നോ എന്നത് അന്വേഷിക്കാമെങ്കിൽ, മറ്റ് രാഷ്ട്രീയ നേതാക്കൾക്ക് നൽകിയതായി പറയപ്പെടുന്ന പണത്തിന്റെ ലക്ഷ്യവും അന്വേഷിക്കേണ്ടതില്ലേ?
ഇതാണ് ഈ കേസിന്റെ രാഷ്ട്രീയവും നിയമപരവുമായ ഏറ്റവും അപകടകരമായ ഭാഗം.
ഒരു വ്യക്തിക്കെതിരെ മാത്രം ഒരു പ്രത്യേക മാനദണ്ഡം സ്വീകരിക്കുകയും, അതേ രേഖകളിൽ പരാമർശിക്കപ്പെടുന്ന മറ്റുള്ളവരുടെ കാര്യത്തിൽ മറ്റൊരു സമീപനം സ്വീകരിക്കുകയും ചെയ്താൽ, അന്വേഷണ ഏജൻസികൾ കോടതിയിൽ അതിന് വിശദീകരണം നൽകേണ്ട സാഹചര്യം ഉണ്ടാകാം.
ഇവിടെ മറ്റൊരു പ്രധാന വിഷയം കൂടിയുണ്ട്. രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്ന സംഭാവനകൾക്ക് ആദായനികുതി നിയമം ഉൾപ്പെടെയുള്ള നിയമങ്ങളിൽ അക്കൗണ്ടിംഗ്, രേഖപ്പെടുത്തൽ, നികുതി ഇളവ് തുടങ്ങിയ കാര്യങ്ങളിൽ വ്യവസ്ഥകളുണ്ട്. പ്രത്യേകിച്ച് 20,000 ൽ കൂടുതൽ പണം അക്കൗണ്ട് മുഖാന്തരമല്ലാതെ നേരിട്ട് വാങ്ങാനേ പാടില്ല.
CMRL-മായി ബന്ധപ്പെട്ട ആദായനികുതി അന്വേഷണ രേഖകളിൽ രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയ വിവിധ വിഭാഗങ്ങളിലേക്കുള്ള പണമിടപാടുകളെക്കുറിച്ച് ഗുരുതരമായ പരാമർശങ്ങൾ പുറത്തുവന്നിട്ടുണ്ട്. അത്തരം പണമിടപാടുകളുടെ ലക്ഷ്യം കമ്പനിയുടെ ബിസിനസ് താൽപര്യങ്ങൾ സംരക്ഷിക്കലായിരുന്നുവോ എന്നതാണ് അന്വേഷിക്കപ്പെടേണ്ട അടിസ്ഥാന ചോദ്യം. അങ്ങനെയാണെങ്കിൽ അന്വേഷണം ഒരാളിൽ അവസാനിക്കേണ്ട കാര്യമല്ല.
ആർക്കൊക്കെ പണം നൽകി?
എന്തിനാണ് നൽകിയത്?
പണം സ്വീകരിച്ച സമയത്ത് അവർ വഹിച്ചിരുന്ന ഔദ്യോഗിക സ്ഥാനങ്ങൾ എന്തൊക്കെയായിരുന്നു?
CMRL-ന് വേണ്ടി അവർ ഏതെങ്കിലും സഹായം ചെയ്തിട്ടുണ്ടോ?
സർക്കാർ തീരുമാനങ്ങളുമായി പണമിടപാടുകൾക്ക് ബന്ധമുണ്ടോ?
ഇവയെല്ലാം പരിശോധിക്കേണ്ട വിഷയങ്ങളായി മാറും.
വീണ വിജയന്റെ കമ്പനിക്ക് CMRL നൽകിയ പണം സേവനങ്ങൾക്ക് നൽകിയ പ്രതിഫലമാണെന്നാണ് വീണയുടെ ഭാഗത്തുനിന്നും സി.പി.എം നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഉയർന്നിട്ടുള്ള വിശദീകരണം. അതേസമയം അന്വേഷണ ഏജൻസികളുടെ ആരോപണം അതിൽനിന്നും തികച്ചും വ്യത്യസ്തവുമാണ്.
ഇവിടെ അന്തിമമായി ഏത് വാദമാണ് ശരിയെന്ന് തീരുമാനിക്കേണ്ടത് അന്വേഷണവും തെളിവുകളും തുടർന്ന് കോടതിയുമാണ്. എന്നാൽ രാഷ്ട്രീയമായി ഉയരുന്ന ചോദ്യം മറ്റൊന്നാണ്.
വീണയുടെ കമ്പനിക്ക് ലഭിച്ച പണത്തിന്റെ പിന്നിൽ പിണറായി വിജയന്റെ ഔദ്യോഗിക സ്വാധീനം അന്വേഷിക്കാമെങ്കിൽ, മറ്റുള്ളവർക്ക് നൽകിയ പണത്തിന്റെ പിന്നിലെ സാധ്യതയുള്ള quid pro quo-യും അന്വേഷിക്കേണ്ടതല്ലേ? ഈ ചോദ്യം തന്നെയാണ് മാസപ്പടി കേസിനെ കേരളത്തിലെ ഒരു കുടുംബത്തെ മാത്രം ബാധിക്കുന്ന കേസിൽനിന്ന് വലിയൊരു രാഷ്ട്രീയ ധനകാര്യ അന്വേഷണമായി മാറ്റാൻ സാധ്യതയുള്ളത്.
പിണറായി വിജയനെയും ബന്ധപ്പെട്ടവരെയും ഉൾപ്പെടുത്തി സംസ്ഥാന വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യുന്ന സാഹചര്യമുണ്ടായാൽ, അന്വേഷണത്തിൽ തുല്യപരിഗണന ആവശ്യപ്പെട്ട് സി.പി.എം അനുഭാവികൾ തന്നെ കോടതിയെ സമീപിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
അത്തരം ഒരു ഹർജിയിൽ ഹർജിക്കാർക്ക് ചോദിക്കാവുന്ന ചോദ്യം വളരെ ലളിതവുമായിരിക്കും.
ഒരേ കമ്പനിയുടെ രേഖകളിൽ പേരുള്ളവരിൽ ചിലരുടെ പണമിടപാട് മാത്രം അന്വേഷിച്ച് മറ്റുള്ളവരെ ഒഴിവാക്കുന്നതിന്റെ മാനദണ്ഡം എന്താണ് എന്നതായിരിക്കും ആ ചോദ്യം.
കോടതിയെ സംബന്ധിച്ച് ഈ കേസിൽ അന്വേഷണം വ്യാപിപ്പിക്കണമോ, മറ്റുള്ളവരുടെ ഇടപാടുകൾ പരിശോധിക്കണമോ എന്നതെല്ലാം, കോടതിക്ക് മുന്നിലെ രേഖകളും നിയമപരമായ സാഹചര്യങ്ങളും ആശ്രയിച്ചാണ് പരിഗണിക്കുക. ഇപ്പോഴത്തെ സാഹചര്യത്തിൽ അത്തരമൊരു നിയമപോരാട്ടം ആരംഭിച്ചാൽ മാസപ്പടി കേസിന്റെ രാഷ്ട്രീയ സ്വഭാവം തന്നെ മാറാൻ സാധ്യതയുണ്ട്.
ഇവിടെയാണ് വിഷയം കൂടുതൽ സ്ഫോടനാത്മകമാകുന്നത്. CMRL പണമിടപാടുകളുമായി ബന്ധപ്പെട്ട പഴയ ആരോപണങ്ങൾ നിലവിലെ ഭരണനിരയിലെ പ്രമുഖരിലേക്ക് തിരിച്ചെത്തുന്ന സാഹചര്യമുണ്ടായാൽ, അത് വെറുമൊരു അന്വേഷണ വിഷയമായി മാത്രം നിൽക്കില്ല.
പ്രതിപക്ഷത്തിരുന്നപ്പോൾ ഒരാൾക്കെതിരെ ആവശ്യപ്പെട്ട അന്വേഷണ മാനദണ്ഡം അധികാരത്തിലെത്തിയ ശേഷം സ്വന്തം നേതാക്കൾക്കും ബാധകമാക്കുമോ എന്ന ചോദ്യം സർക്കാറിന് നേരിടേണ്ടിവരും. പിണറായി വിജയന് ഒരു നിയമം, ഭരണപക്ഷത്തെ നേതാക്കൾക്ക് മറ്റൊരു നിയമം എന്ന സമീപനം സ്വീകരിക്കാൻ, കേരളത്തിലെ ഏതെങ്കിലും ഒരു അന്വേഷണ ഏജൻസിക്കും കഴിയുമോ? അതായിരിക്കും പിണറായിക്ക് എതിരെ കേസെടുത്താൽ വിജിലൻസും സർക്കാരും നേരിടാൻ പോകുന്ന വെല്ലുവിളി.
ഇവിടെ മറ്റൊരു രാഷ്ട്രീയ ആരോപണവും ഉയരാൻ സാധ്യതയുണ്ട്. പിണറായി വിജയനെതിരെ കേസ് എടുക്കുന്നതിന്റെ മറവിൽ കോൺഗ്രസിനകത്തെ അധികാരസമവാക്യങ്ങൾ മാറ്റാനുള്ള നീക്കമാണോ നടക്കുന്നതെന്ന സംശയം എതിരാളികൾ ഉയർത്തിയാൽ അത്ഭുതപ്പെടേണ്ടതില്ല.
എന്നാൽ അത്തരമൊരു ഗൂഢാലോചന നടക്കുന്നു എന്നത് തെളിവില്ലാതെ ഇപ്പോ ഉറപ്പിച്ചു പറയാനാവില്ലങ്കിലും, സാധ്യത വളരെ കൂടുതൽ തന്നെയാണ്.
പ്രത്യേകിച്ച് വിജിലൻസ് പോലുള്ള ശക്തമായ വകുപ്പ് കൈകാര്യം ചെയ്യുന്ന നേതാവിനെതിരേ തന്നെ അന്വേഷണം ഉയർന്നാൽ, അദ്ദേഹത്തിന് ആ വകുപ്പ് കൈവശം വച്ച് മന്ത്രിസ്ഥാനത്ത് തുടരാനാകുമോ എന്ന രാഷ്ട്രീയവും ധാർമ്മികവുമായ ചോദ്യം സ്വാഭാവികമായി തന്നെ ഉയരും.
അതാണ് ഈ കേസിലെ മറ്റൊരു ട്വിസ്റ്റ്.
അതുകൊണ്ട് മാസപ്പടി കേസ് പിണറായി വിജയന്റെയും വീണ വിജയന്റെയും മാത്രം പ്രശ്നമാണെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ, കോൺഗ്രസ്സ് നേതാക്കൾ തന്നെ വിശ്വസിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. മാത്രമല്ല, യുഡിഎഫ് മന്ത്രിമാർ പ്രതികളാകുന്ന സാഹചര്യം ഉണ്ടായാൽ, ആ നിമിഷം ഇഡിയും നിലപാട് മാറ്റാനുള്ള സാധ്യതയും വളരെ കൂടുതലാണ്. കേരളത്തിലെ ബി.ജെ.പിയുടെ ടാർഗറ്റ് തന്നെ ഭരണം പിടിക്കുക എന്നത് ആയതിനാൽ, സി.പി.എം മാത്രമല്ല, കോൺഗ്രസ്സും തകരണം എന്നാണ് കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നത്.
CMRL-ന്റെ മുഴുവൻ പണമിടപാടുകളും ഒരേ മാനദണ്ഡത്തിൽ പരിശോധിക്കാൻ വിജിലൻസും ഇഡിയും തീരുമാനിച്ചാൽ, ഭരണപക്ഷത്തെ പല രാഷ്ട്രീയ കേന്ദ്രങ്ങൾക്കും അസ്വസ്ഥതയുണ്ടാകും.
ഇടതുപക്ഷമായാലും കോൺഗ്രസായാലും മുസ്ലിം ലീഗായാലും മറ്റേതെങ്കിലും രാഷ്ട്രീയ ശക്തിയായാലും നിയമത്തിന്റെ മാനദണ്ഡം ഒരുപോലെ ആയിരിക്കണം. പണം വാങ്ങിയത് ആരാണ് എന്നതല്ല പ്രധാന ചോദ്യം.
എന്തിനാണ് പണം നൽകിയത്?
പകരമായി എന്തെങ്കിലും സഹായം ലഭിച്ചോ?
പണം നിയമപരമായി അക്കൗണ്ട് ചെയ്തിട്ടുണ്ടോ?
പൊതുപദവി ദുരുപയോഗം ചെയ്തിട്ടുണ്ടോ?
ഇവയാണ് അന്വേഷിക്കേണ്ടത്.
അതിനാൽ തന്നെ,മാസപ്പടി കേസിന്റെ അടുത്ത അധ്യായം പിണറായി വിജയന്റെ രാഷ്ട്രീയഭാവി മാത്രം തീരുമാനിക്കുന്ന ഒന്നായിരിക്കണമെന്നില്ല. മറിച്ച് കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ കോർപ്പറേറ്റ് ഫണ്ടിങ്ങിനെക്കുറിച്ചുള്ള വലിയൊരു അന്വേഷണം തുറന്നുവിടുന്ന വാതിലായും കോടതി ഇടപെടൽ വഴി അത് മാറിയാലും അത്ഭുതപ്പെടേണ്ടതില്ല.
CMRL-ന്റെ പണം പിണറായിയുടെ കുടുംബത്തിലേക്ക് എത്തിയപ്പോൾ മാത്രം അഴിമതി പണമാവുകയും, മറ്റുള്ള രാഷ്ട്രീയ നേതാക്കളിലേക്ക് എത്തിയപ്പോൾ പാർട്ടി ഫണ്ടാകുകയും ചെയ്യുന്ന ഏർപ്പാട് എന്താണ് എന്നത് ജനങ്ങൾക്ക് എന്തായാലും വ്യക്തമാകേണ്ടതുണ്ട്.
ഒരേ കമ്പനിയുടെ പണമാണെങ്കിൽ, എല്ലാവരുടെയും കാര്യത്തിൽ ഒരേ അന്വേഷണം തന്നെയാണ് നടക്കേണ്ടത്. ഇക്കാര്യങ്ങൾക്ക് സർക്കാറും വിജിലൻസും ഇഡിയും നൽകുന്ന മറുപടിയായിരിക്കും മാസപ്പടി കേസിന്റെ അടുത്ത രാഷ്ട്രീയ സ്ഫോടനം തീരുമാനിക്കുവാൻ പോകുന്നത്.
പിണറായിയെ കുടുക്കാൻ എറിയുന്ന വലയിൽ ഭരണപക്ഷത്തെ പ്രമുഖരും കുടുങ്ങുമോ? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് രാഷ്ട്രീയ കേരളം ഇപ്പോൾ തേടുന്നത്.
