കേരളത്തിന് ആശ്വാസമേകാൻ മഴയെത്തുന്നു; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദ സാധ്യത രൂപപ്പെടുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സെപ്റ്റംബർ 13 വരെ സംസ്ഥാനത്ത് വ്യാപകമായി നേരിയ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇത് നിലവിൽ അനുഭവപ്പെടുന്ന കനത്ത ചൂടിൽ നിന്നും ജനങ്ങൾക്ക് വലിയ ആശ്വാസമാകും.

മഴ മുന്നറിയിപ്പിന്റെ ഭാഗമായി സെപ്റ്റംബർ 10 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്.ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി നിലവിൽ ഒരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി സെപ്റ്റംബർ 10-ഓടെ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി പുതിയൊരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും കന്യാകുമാരിയിലും കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിശകലന കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ ഇന്ന് രാവിലെ 8:30 മുതൽ വെള്ളിയാഴ്ച രാവിലെ 8:30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകാം. കൂടാതെ, കന്യാകുമാരി തീരത്ത് വെള്ളിയാഴ്ച രാത്രി 11:30 വരെ 1.2 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരവാസികൾ ജാഗ്രത പാലിക്കണം.

Leave a Reply

Your email address will not be published. Required fields are marked *