വയനാട് അതിർത്തിയിൽ കടുവയ്ക്കായി വെച്ച കൂട്ടിൽ പുള്ളിപ്പുലി കുടുങ്ങി; 

വയനാട് അതിർത്തി പ്രദേശമായ തമിഴ്‌നാട്ടിലെ ഓവേലിയിൽ കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുള്ളിപ്പുലി കുടുങ്ങി. ബാരത്ത് വനമേഖലയോട് ചേർന്ന് സ്ഥാപിച്ച കൂടുകളിലൊന്നിലാണ് മൂന്നര വയസ്സുള്ള പുലി അകപ്പെട്ടത്. പിടിയിലായ പുലിയെ മയക്കുവെടി വെച്ച് മുതുമലയിലെ ഉൾക്കാട്ടിൽ തുറന്നുവിട്ടു.

ഓവേലി ലാറൻസ്റ്റണിലെ തേയിലത്തോട്ടം തൊഴിലാളികളായ ബാലകൃഷ്ണൻ (61), രവിചന്ദ്രൻ (55) എന്നിവരെ ഓഗസ്റ്റിൽ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്ന് വൻ ജനകീയ പ്രതിഷേധമാണ് പ്രദേശത്തുണ്ടായത്. തുടർന്നാണ് കടുവയെ പിടികൂടാനായി 40 കൂടുകളും 130 ക്യാമറകളും വനംവകുപ്പ് സ്ഥാപിച്ചത്. കടുവയ്ക്കായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് സെപ്റ്റംബർ 9 ബുധനാഴ്ച പുലർച്ചെയോടെ പുള്ളിപ്പുലി കൂട്ടിലായത്. കഴിഞ്ഞ ദിവസം പ്രദേശത്തെ ബാലവാടിക്ക് സമീപം ആടുകളെ ആക്രമിച്ച പുലിയാണ് ഇതെന്നാണ് വനപാലകരുടെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *