സംസ്ഥാനത്ത് 38 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്;

സംസ്ഥാനത്തെ 38 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് വൈകീട്ട് ആറുമണിക്ക് അവസാനിക്കും. ജില്ലാ പഞ്ചായത്ത് മുതൽ കോർപ്പറേഷൻ വാർഡുകൾ വരെയുള്ള വിവിധയിടങ്ങളിലായി ആകെ 126 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.

എം.എൽ.എമാരായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് സുധീർഷ പാലോട്, വിനു ജോബ്, കെ.വി. ശാന്തകുമാർ, ഉഷ വിജയൻ, ദീപക് ജോയ്, ഫാത്തിമ തഹലിയ എന്നിവർ രാജിവെച്ച ആറിടങ്ങളിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് എന്ന നിലയിൽ രാഷ്ട്രീയ കേരളം ഇത് ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.കൊച്ചി, കോഴിക്കോട് കോർപ്പറേഷനുകൾ, മട്ടന്നൂർ, ചിറ്റൂർ-തത്തമംഗലം, ചാലക്കുടി നഗരസഭകൾ, തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിലെ ഓരോ വാർഡുകൾ, 7 ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നാളെയാണ് വോട്ടെണ്ണൽ നടക്കുന്നത്.

ഈ ഉപതെരഞ്ഞെടുപ്പ് സർക്കാരിന്റെ പ്രകടനം വിലയിരുത്തുന്ന ഒന്നായാണ് കണക്കാക്കപ്പെടുന്നത്. സീറ്റുകൾ നിലനിർത്തി ഭരണവിരുദ്ധ വികാരമില്ലെന്ന് തെളിയിക്കാൻ യു.ഡി.എഫ് ശ്രമിക്കുമ്പോൾ, കൂടുതൽ സീറ്റുകൾ പിടിച്ചെടുത്ത് ശക്തമായ തിരിച്ചുവരവാണ് എൽ.ഡി.എഫ് ലക്ഷ്യമിടുന്നത്. ഒപ്പം കരുത്ത് തെളിയിക്കാൻ ബി.ജെ.പിയും മത്സരരംഗത്തുണ്ട്. പ്രിയദർശിനി പദ്ധതി, ആശ വർക്കർമാരുടെ ഓണറേറിയം വർദ്ധനവ്, വി.ഡി. സതീശന്റെ വികസന കാഴ്ചപ്പാടുകൾ എന്നിവയാണ് യു.ഡി.എഫ് മുഖ്യ പ്രചാരണായുധമാക്കുന്നത്. എന്നാൽ കറന്റ് കട്ട് അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ പത്ത് വർഷത്തെ എൽ.ഡി.എഫ് ഭരണം മികച്ചതായിരുന്നുവെന്ന അവകാശവാദമാണ് ഇടതുപക്ഷം മുന്നോട്ടുവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *