പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

ദുബായിൽനിന്ന് ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായ വൻ ദുരന്തം തടഞ്ഞ പൈലറ്റ് സ്മിത് മച്ചാറിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഗുരുതരമായി പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ അദ്ദേഹം പ്രകടിപ്പിച്ച ധൈര്യവും നിശ്ചയദാർഢ്യവും രാജ്യത്തിന് അഭിമാനമാണെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. പൈലറ്റ് വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. മുംബൈ സ്വദേശിയായ ക്യാപ്റ്റൻ സ്മിത് മച്ചാർ ബോയിങ് 737 വിമാനങ്ങൾ പറത്തുന്നതിൽ 13 വർഷത്തിലേറെ പരിചയസമ്പന്നനായ മുതിർന്ന പൈലറ്റാണ്.

വിമാനം ഇസ്രയേൽ അതിർത്തിയിലേക്ക് അടുക്കവേയാണ് നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. വിമാനത്തിലെ ഒമാൻ പൗരനായ പൈലറ്റുമാരിലൊരാൾ സഹപൈലറ്റായ സ്മിത് മച്ചാറിനെ ആക്രമിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. ആത്മഹത്യയ്ക്കും വിമാനം ഇടിച്ചിറക്കാനും അക്രമി ശ്രമിച്ചതായി ഭയന്നുവിറച്ച യാത്രക്കാർ വെളിപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റെങ്കിലും യാത്രക്കാരും ജീവനക്കാരും ചേർന്ന് അക്രമിയെ കീഴ്‌പ്പെടുത്തി. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പൈലറ്റുമാർ നിയന്ത്രണം ഏറ്റെടുക്കുകയും, സൗദി അറേബ്യയിലെ തബൂക്കിൽ വിമാനം സുരക്ഷിതമായി അടിയന്തരമായി ഇറക്കുകയും ചെയ്തു.ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റൻ മച്ചാറിന് വിമാനത്തിലുണ്ടായിരുന്ന ഒരു ഇസ്രയേലി ദന്തഡോക്ടറാണ് അടിയന്തരമായി പ്രഥമശുശ്രൂഷ നൽകിയത്. മുൻപ് 10 വർഷത്തോളം ഇന്ത്യയിലെ സ്പൈസ്ജെറ്റിൽ സീനിയർ കമാൻഡറായും ലൈൻ ട്രെയിനിങ് ക്യാപ്റ്റനായും സേവനമനുഷ്ഠിച്ചിട്ടുള്ള മച്ചാർ, 2022 ജൂണിലാണ് ഫ്ലൈ ദുബായിൽ ക്യാപ്റ്റനായി ചേർന്നത്. 9,750-ലധികം ഫ്ലൈയിംഗ് മണിക്കൂറുകളുള്ള അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടലാണ് നൂറുകണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *