മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. പുത്തൻ സാങ്കേതിക മികവിൽ 4K ദൃശ്യവൽക്കരണത്തിലാണ് ചിത്രം നാളെ (ഒക്ടോബർ 8, വ്യാഴാഴ്ച) മുതൽ തിയറ്ററുകളിൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഇതിന്റെ ഭാഗമായി ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ 1994-ൽ പുറത്തിറങ്ങിയ ചിത്രം മലയാളികൾ ഒരിക്കലും മറക്കാത്ത ഒന്നാണ്. മോഹൻലാൽ, ശോഭന, നെടുമുടി വേണു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം സംവിധാനം ചെയ്തതും രചിച്ചതും പ്രിയദർശൻ തന്നെയാണ്. എൻ. ഗോപാലകൃഷ്ണൻ നിർമ്മിച്ച ഈ ചിത്രം മാറ്റിനി നൗവും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് 4K യിൽ റീമാസ്റ്റർ ചെയ്തിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ 4കെ ട്രെയിലർ ആരാധകർക്കിടയിൽ വലിയ തരംഗമായിരുന്നു. മാണിക്യൻ, കാർത്തുമ്പി, ശ്രീകൃഷ്ണൻ തമ്പുരാൻ തുടങ്ങിയ പ്രിയ കഥാപാത്രങ്ങളെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാനാകുന്നതിന്റെ ആവേശത്തിലാണ് സിനിമാസ്വാദകർ.ശ്രീനിവാസൻ, കവിയൂർ പൊന്നമ്മ, കെ.പി.എ.സി. ലളിത, സുകുമാരി, കുതിരവട്ടം പപ്പു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ദേശീയ പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ ഈ ചിത്രം, മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിലേക്കുള്ള മടങ്ങിപ്പോവുകൂടിയാകും എന്നതിൽ സംശയമില്ല. ബേണി-ഇഗ്നേഷ്യസ് കൂട്ടുകെട്ടിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങളും തിയറ്ററുകളിൽ വീണ്ടും മാസ് തീർക്കാൻ ഒരുങ്ങുകയാണ്.
