ഡൽഹിയിൽ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയ നടപടിയിൽ സുപ്രീം കോടതിയിൽ നിരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ ആണ് കോടതിയിൽ മാപ്പപേക്ഷ സമർപ്പിച്ചത്. സർക്കാരിന്റെ നടപടിക്കെതിരെ കോടതി അലക്ഷ്യ നടപടികൾ ആരംഭിച്ചിരുന്നു. ഇത് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം മാപ്പപേക്ഷയുമായി രംഗത്തെത്തിയത്.
പ്രമുഖ അഭിഭാഷക മനേക ഗുരുസ്വാമി ഉൾപ്പെടെയുള്ളവരാണ് കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനുമെതിരെ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തത്. സിജെപി സമരത്തിന്റെ ഭാഗമായി ഡൽഹിയിൽ കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ഇതിന്റെ ഭാഗമായി ട്രെയിനുകൾ റദ്ദാക്കുകയും മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ചെയ്തിരുന്നു. എന്നാൽ ജനങ്ങളുടെ സ്വതന്ത്ര സഞ്ചാരത്തിന് തടസ്സം നിൽക്കുന്ന ഇത്തരം നടപടികൾ സ്വീകരിക്കരുതെന്ന് കോടതി നേരത്തെ കർശന നിർദ്ദേശം നൽകിയിരുന്നു.ഇത് മറികടന്നുകൊണ്ട് വീണ്ടും ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയതാണ് കോടതി അലക്ഷ്യ നടപടികളിലേക്ക് നയിച്ചത്. അതേസമയം, ആവശ്യമായ ഘട്ടങ്ങളിൽ ഇന്റർനെറ്റിന് നിയന്ത്രണം ഏർപ്പെടുത്താൻ അനുമതി നൽകണമെന്നും, ഒക്ടോബറിലെ മുൻ ഉത്തരവിൽ ആവശ്യമായ ഭേദഗതി വരുത്തണമെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
