കിഫ്ബിക്ക് പൂട്ടിടാൻ സർക്കാർ നീക്കം! കടുപ്പിച്ച് പ്രതിപക്ഷം; 

കിഫ്ബിക്ക് കടിഞ്ഞാണിടാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ വിമർശനം കടുപ്പിച്ച് പ്രതിപക്ഷം. കിഫ്ബി പദ്ധതികൾ വേണ്ടെന്നുവെക്കുന്നത് കേരളത്തിന്റെ വികസനത്തെ ഗുരുതരമായി ബാധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. സംസ്ഥാനത്തിന്റെ വികസനം യുഡിഎഫിന് ഒരു പ്രശ്നമല്ലെന്നും എല്ലാ മേഖലകളും സ്വകാര്യവൽക്കരിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദൻ റിപ്പോർട്ടറിനോട് സംസാരിക്കവെ പറഞ്ഞു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ പ്രൊജക്റ്റുകളാണ് കിഫ്ബി വഴി പ്ലാൻ ചെയ്ത് നടപ്പിലാക്കിയത്. ഇതെല്ലാം ഉപേക്ഷിക്കുന്നത് വികസനത്തെ പ്രതികൂലമായി ബാധിക്കും. ഭരണകൂടം മാറിയതുകൊണ്ട് മാത്രം മുൻ സർക്കാരിന്റെ വികസന പദ്ധതികൾ അവസാനിപ്പിക്കുന്നത് ശരിയായ നിലപാടല്ലെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. കിഫ്ബി പദ്ധതികൾ ഇനി എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുൻ ധനമന്ത്രി കെ എൻ ബാലഗോപാലും ആവശ്യപ്പെട്ടു. കിഫ്ബി എന്തോ വലിയ അപകടകരമാണെന്നും അത് നിർത്താൻ പോകുകയാണെന്നും മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.അതേസമയം, കിഫ്ബി സർക്കാരിന് വൻ സാമ്പത്തിക ബാധ്യത വരുത്തിവെച്ചെന്നും ഈ രീതിയിലുള്ള പ്രവർത്തനം ഇനി തുടരേണ്ടതില്ലെന്നുമാണ് സുധാപ്പിള്ള അധ്യക്ഷയായ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. കിഫ്ബിയിൽ സമഗ്രമായ അഴിച്ചുപണിയാണ് വിദഗ്ധ സമിതി നിർദേശിക്കുന്നത്. കിഫ്ബി സർക്കാരിന് വലിയ കടബാധ്യത ഉണ്ടാക്കിയെന്ന് മുഖ്യമന്ത്രിയും സമ്മതിച്ചിരുന്നു. ഇത്രയും നാൾ കിഫ്ബി ഒരു സ്വതന്ത്ര സാമ്രാജ്യമായാണ് പ്രവർത്തിച്ചതെന്നും, ലഭിച്ച വരുമാനത്തിന്റെ 99.4 ശതമാനവും വായ്പ തിരിച്ചടവിനാണ് ഉപയോഗിച്ചതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. ഇതിനുപുറമെ 25,932.55 കോടി രൂപയുടെ കടമെടുപ്പ് പരിധി കുറയാൻ കിഫ്ബി കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *