തമിഴകത്തെ യുവനിരയിൽ ശ്രദ്ധേയനായ നടൻ അശോക് സെൽവൻ നായകനായെത്തിയ പുതിയ ചിത്രം ‘അൻപിൽ അവൻ’ തിയേറ്ററുകളിൽ വിജയകരമായി മുന്നേറുന്നു. പ്രീതി മുകുന്ദൻ നായികയായി എത്തിയ ചിത്രം ഇതിനോടകം ബോക്സ് ഓഫീസിൽ നിന്ന് 8 കോടി രൂപ സ്വന്തമാക്കിക്കഴിഞ്ഞു. ചിത്രത്തിന്റെ ടൈറ്റിലും ടീസറും ഇതിനകം തന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.
നവാഗതനായ ആർ. കാർത്തികേയനാണ് ചിത്രം സംവിധാനം ചെയ്തത്. വിഘ്നേഷ് ശിവ, അശോക് സെൽവൻ എന്നിവരോടൊപ്പം സംവിധായകൻ ആർ. കാർത്തികേയനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ‘പോർ തൊഴിൽ’, ‘കര’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ വിഘ്നേഷ് രാജയും അശമീര അയപ്പനും ചേർന്ന് ചിത്രത്തിന് അഡീഷണൽ സ്ക്രീൻപ്ലേ ഒരുക്കിയിരിക്കുന്നു. നവ ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസറിൽ നിന്ന് വ്യക്തമാകുന്നത്. സാബുമോൻ അബ്ദുസമദ്, കതിർബാലു, മഹാ ഡെൽഹി ഗണേഷ് തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.ചിത്രത്തിന്റെ സംഗീതവും ഗാനരചനയും നിർവഹിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയാണ്. ഗൗതം രാജേന്ദ്രൻ ഛായാഗ്രഹണവും സെൽവ ആർ.കെ. എഡിറ്റിങ്ങും നിർവഹിക്കുന്നു. മണികണ്ഠൻ ശ്രീനിവാസനാണ് കലാസംവിധാനം. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനം ഒരുക്കിയിരിക്കുന്നത് പീറ്റർ ഹെയ്ൻ ആണ്. അശോക് സെൽവനും അഭിനയ സെൽവനും ചേർന്ന് ഹാപ്പി ഹൈ പിക്ചേഴ്സിന്റെ ബാനറിലും, കെ. കരുണാമൂർത്തി അയ്യങ്കരൻ ഇന്റർനാഷണലിന്റെ ബാനറിലും സംയുക്തമായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
