കൊച്ചി: പരീക്ഷ നടത്തിപ്പിലടക്കം കേരള പബ്ലിക് സര്‍വീസ് കമ്മീഷനിലെ (പി.എസ്.സി) വഴിവിട്ട ഇടപാടുകള്‍ക്കും സ്വജനപക്ഷപാതത്തിനുമെതിരെ കര്‍ശന നിലപാടെടുത്ത ഗവര്‍ണറുടെ നടപടിയെ ട്വന്റി20 പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സാബു എം. ജേക്കബ് അഭിനന്ദിച്ചു. പി.എസ്.സി ചെയര്മാന് ഡോ. എം.ആര്. ബൈജുവിനെയും ഭരണസമിതി അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ശുപാര്‍ശ നല്കിയ ഗവര്‍ണറുടെ നീക്കം സംസ്ഥാന ചരിത്രത്തിലെ സുപ്രധാനമായ വഴിത്തിരിവാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയെ രാഷ്ട്രീയ പാര്‍ട്ടികളുടെ തൊഴുത്താക്കി മാറ്റിയ ഭരണപ്രതിപക്ഷ ഒത്തുകളിക്കേറ്റ കനത്ത പ്രഹരമാണിത്. ആസൂത്രണ ബോര്‍ഡിലേക്കുള്ള നിയമനങ്ങളിലടക്കം പ്രകടമായ ക്രമക്കേടുകള്‍ കണ്ടെത്തുകയും കോടതികളില്‍നിന്ന് തുടര്‍ച്ചയായി രൂക്ഷവിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തിട്ടും പി.എസ്.സി നേതൃത്വം തെല്ലും കുലുങ്ങിയിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തോട് പോലും സഹകരിക്കാതെ ചെയര്‍മാനും ഉദ്യോഗസ്ഥരും ഒളിച്ചുകളി നടത്തുമ്പോള്‍ സര്‍ക്കാരും പി.എസ്.സിയും തമ്മില്‍ ‘ഭായ്-ഭായ് കളിക്കുകയാണോ’ എന്ന ഹൈക്കോടതിയുടെ രൂക്ഷപരാമര്‍ശം നിലവിലെ വ്യവസ്ഥിതിയുടെ ജീര്‍ണ്ണത വ്യക്തമാക്കുന്നതാണ്.
കേവലം പ്രസ്താവനകളില്‍ മാത്രം അഴിമതിവിരുദ്ധത ഒതുക്കുന്ന പരമ്പരാഗത രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് മുന്നില്‍, നിയമപരമായ പരമാവധി അധികാരങ്ങള്‍ വിനിയോഗിച്ച് ഗവര്‍ണര്‍ നടത്തിയ ഇടപെടല്‍ ജനപക്ഷത്തുനിന്നുള്ള നീതിപൂര്‍വ്വമായ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ലക്ഷക്കണക്കിന് കഠിനാധ്വാനികളായ ചെറുപ്പക്കാരുടെ ഭാവി തകര്‍ക്കുന്ന ഈ രാഷ്ട്രീയ സിന്‍ഡിക്കേറ്റിനെ പൂര്‍ണ്ണമായും പിഴുതെറിയാന്‍ പൊതുസമൂഹവും യുവജനങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും സാബു എം. ജേക്കബ് ആവശ്യപ്പെട്ടു.
