മ ലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടിക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് നടി മിയ കുറിച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. “ആനയെയും മമ്മൂട്ടിയെയും എത്രനേരം വേണമെങ്കിലും നോക്കിയിരിക്കാം… അത് പരമമായ സത്യമാണ്” എന്നാണ് മമ്മൂക്കയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം മിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
ഡബ്ബിങ് സ്റ്റുഡിയോയിൽ വെച്ചാണ് യാദൃശ്ചികമായി മിയ മലയാളത്തിൻ്റെ ഇതിഹാസ താരത്തെ കണ്ടുമുട്ടിയത്. മുമ്പ് ആരോ കൃത്യമായി പറഞ്ഞതുപോലെ മമ്മൂക്കയെ എത്ര നോക്കിനിന്നാലും മതിവരില്ലെന്ന് മിയ അനുഭവത്തിലൂടെ വ്യക്തമാക്കുന്നു. ഇരുവർക്കുമൊപ്പമുള്ള ഈ മനോഹര ചിത്രം പകർത്തിയത് രമേഷ് പിഷാരടിയാണ്. പിഷാരടിയുടെ ഫോട്ടോഗ്രാഫി സ്കില്ലിനും മിയ പോസ്റ്റിലൂടെ പ്രത്യേക നന്ദി അറിയിച്ചിട്ടുണ്ട്.ചിത്രം നിമിഷങ്ങൾക്കകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. “ഏതാ ഈ ചെക്കൻ, ഇങ്ങർക്ക് എന്താ പ്രായമാകാത്തത്?”, “താജ്മഹലിനെ കണ്ടാലും മമ്മൂട്ടിയെ കണ്ടാലും കണ്ണെടുക്കാൻ തോന്നില്ല… ഒന്ന് ലോകാദ്ഭുതം ആണെങ്കിൽ മറ്റൊന്ന് മലയാള സിനിമയുടെ മഹാദ്ഭുതമാണ്” എന്നിങ്ങനെ രസകരവും ആരാധന നിറഞ്ഞതുമായ നിരവധി കമൻ്റുകളാണ് ചിത്രത്തിന് താഴെ നിറയുന്നത്.
