ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ദില്ലിയിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ സുപ്രധാനമായ ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ അതൊരു വലിയ വഴിത്തിരിവാകുമെന്നാണ് അന്ന് രാഷ്ട്രീയ നിരീക്ഷകരെല്ലാം വിലയിരുത്തിയത്. എന്നാൽ, ആ ചർച്ചകൾ അവസാനിച്ച് ആഴ്ചകൾ മാത്രം പിന്നിടുമ്പോൾ, അരുണാചൽ പ്രദേശിൽ ചൈന വലിയ തോതിലുള്ള പ്രകോപനം സൃഷ്ടിക്കുകയാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്ത്യൻ പ്രദേശങ്ങൾ പിടിച്ചെടുക്കാൻ ചൈന ശ്രമിക്കുന്നുണ്ടെന്നും, അതിർത്തിയിലെ പല പോസ്റ്റുകളുടെയും നിയന്ത്രണം ഇന്ത്യക്ക് നഷ്ടമായെന്നുമുള്ള അതീവ ഗൗരവകരമായ ആരോപണമാണ് ഇപ്പോൾ കോൺഗ്രസ് ഉന്നയിച്ചിരിക്കുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ദില്ലിയിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ സുപ്രധാനമായ ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ അതൊരു വലിയ വഴിത്തിരിവാകുമെന്നാണ് അന്ന് രാഷ്ട്രീയ നിരീക്ഷകരെല്ലാം വിലയിരുത്തിയത്. എന്നാൽ, ആ ചർച്ചകൾ അവസാനിച്ച് ആഴ്ചകൾ മാത്രം പിന്നിടുമ്പോൾ, അരുണാചൽ പ്രദേശിൽ ചൈന വലിയ തോതിലുള്ള പ്രകോപനം സൃഷ്ടിക്കുകയാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്ത്യൻ പ്രദേശങ്ങൾ പിടിച്ചെടുക്കാൻ ചൈന ശ്രമിക്കുന്നുണ്ടെന്നും, അതിർത്തിയിലെ പല പോസ്റ്റുകളുടെയും നിയന്ത്രണം ഇന്ത്യക്ക് നഷ്ടമായെന്നുമുള്ള അതീവ ഗൗരവകരമായ ആരോപണമാണ് ഇപ്പോൾ കോൺഗ്രസ് ഉന്നയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനക്ക് ക്ലീൻ ചിറ്റ് നൽകി അതിർത്തിയിലെ യഥാർത്ഥ വിവരങ്ങൾ ബോധപൂർവ്വം മറച്ചുവെക്കുകയാണെന്നാണ് കോൺഗ്രസ് നേതാവ് ജയറാം രമേഷ് സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്നത്.
എന്നാൽ ഈ വാർത്തയുടെ യാഥാർത്ഥ്യം എന്താണെന്ന് നമുക്ക് പരിശോധിക്കാം. കോൺഗ്രസിന്റെ ഈ ആരോപണത്തിന് പ്രധാനമായും ആധാരമായിരിക്കുന്നത് ഐടിബിപി (ITBP) മേധാവി ശത്രുജിത് സിംഗ് കപൂറിന്റെ ഒരു പ്രസംഗമാണ്. രാജസ്ഥാനിൽ വെച്ച് നടന്ന ഐടിബിപിയുടെ റൈസിങ് ഡേ പരേഡുമായി ബന്ധപ്പെട്ട പരിപാടിയിൽ സേനാംഗങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് അദ്ദേഹം അതിർത്തിയിലെ സുപ്രധാന വിവരങ്ങൾ വെളിപ്പെടുത്തിയത്. അരുണാചൽ പ്രദേശ് അതിർത്തി പ്രദേശങ്ങളിൽ ചൈനീസ് സൈന്യവുമായി പലയിടങ്ങളിലും നിരന്തരം സംഘർഷങ്ങൾ നടക്കാറുണ്ടെന്നും, എന്നാൽ ഇന്ത്യയുടെ ‘ശൗര്യ കമാൻഡോസ്’ അതിനെ വളരെ ഫലപ്രദമായി പ്രതിരോധിച്ചു എന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നാൽ ഈ പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്തുകൊണ്ട്, അരുണാചൽ പ്രദേശിൽ വലിയ പ്രശ്നങ്ങൾ നടക്കുന്നുണ്ടെന്നും ഇന്ത്യക്ക് പോസ്റ്റുകളുടെ നിയന്ത്രണം നഷ്ടപ്പെട്ടു എന്നുമൊക്കെയുള്ള രീതിയിൽ പ്രതിപക്ഷം ഇതിനെ വലിയ രാഷ്ട്രീയ ആയുധമാക്കുകയാണ്. എന്നാൽ, ഐടിബിപി മേധാവിയുടെ പ്രസംഗത്തിൽ എവിടെയും പോസ്റ്റുകൾ നഷ്ടപ്പെട്ടു എന്നോ, ഇന്ത്യക്ക് തിരിച്ചടി നേരിട്ടു എന്നോ പറയുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
ഇവിടെ സ്വാഭാവികമായും നമ്മുടെ മനസ്സിൽ ഒരു ചോദ്യം ഉയരാം; ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുന്നു എന്ന് പറയുമ്പോൾ പിന്നെ എന്തുകൊണ്ടാണ് ചൈന വീണ്ടും അരുണാചൽ പ്രദേശിൽ ഇത്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്? ഇത് പൂർണ്ണമായി മനസ്സിലാക്കണമെങ്കിൽ നമ്മൾ 2020-ലെ ഗാൽവാൻ സംഘർഷത്തിലേക്ക് തിരിഞ്ഞുനോക്കേണ്ടതുണ്ട്. 2020-ൽ ലഡാക്കിലെ ഗാൽവനിൽ ഇന്ത്യൻ ഭൂപ്രദേശം പിടിച്ചെടുക്കാൻ ചൈന നടത്തിയ ശ്രമമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഏറ്റവും മോശമായ അവസ്ഥയിലേക്ക് നയിച്ചത്. അന്ന് ഇന്ത്യൻ സൈന്യം അതിശക്തമായി തന്നെ ചൈനയെ ചെറുത്തുതോൽപ്പിച്ചു. ആ കടുത്ത പോരാട്ടത്തിൽ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു വരിക്കേണ്ടി വന്നെങ്കിലും, ചൈനീസ് ഭാഗത്ത് ഇതിനേക്കാൾ ഇരട്ടി ആൾനാശം ഉണ്ടായി എന്നുള്ളതാണ് യാഥാർത്ഥ്യം. ഗാൽവാൻ സംഘർഷത്തിനുശേഷം ഏകദേശം 3,500 കിലോമീറ്ററോളം വരുന്ന ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിൽ (LAC) ഇരു രാജ്യങ്ങളുടെയും സേനകൾ മുഖാമുഖം നിലയുറപ്പിക്കുന്ന സവിശേഷമായ സ്ഥിതിവിശേഷം ഉണ്ടാവുകയായിരുന്നു. ഒരിഞ്ച് ഭൂമി പോലും ശത്രുവിന് വിട്ടുകൊടുക്കാതിരിക്കാൻ കഴിഞ്ഞ നാല് വർഷമായി ഇന്ത്യൻ സൈന്യം വലിയ ത്യാഗങ്ങളാണ് സഹിച്ചത്.
പിന്നീട് ആഗോളതലത്തിലുള്ള സാമ്പത്തിക-വ്യാപാര സമവായങ്ങളുടെയും അമേരിക്കയുടെ നയപരമായ നിലപാടുകളുടെയും പശ്ചാത്തലത്തിൽ, ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താൻ ചൈനയുടെ ഭാഗത്തുനിന്ന് തന്നെ താൽപ്പര്യങ്ങൾ വന്നുചേരുകയായിരുന്നു. ഇന്ത്യയുടെ ശക്തമായ നിലപാടിനെ തുടർന്ന്, നിയന്ത്രണരേഖയിൽ മുഖാമുഖം നിന്നിരുന്ന സേനയെ ചൈന ആദ്യം പിൻവലിക്കുകയും, പിന്നീട് ഇന്ത്യയും അവരുടെ സേനയെ പിൻവലിക്കുകയും ചെയ്തു. തുടർന്ന് അതിർത്തിയിൽ പെട്രോളിങ് നടത്താനുള്ള അവകാശങ്ങൾ ഘട്ടംഘട്ടമായി പുഃസ്ഥാപിക്കപ്പെടുകയും ചെയ്തു. എന്നാൽ, നയതന്ത്രതലത്തിൽ കാര്യങ്ങൾ മെച്ചപ്പെടുമ്പോഴും അതിർത്തിയിലെ യഥാർത്ഥ സ്ഥിതി അതല്ലെന്ന് ഇന്ത്യൻ സൈന്യം എപ്പോഴും വ്യക്തമാക്കാറുണ്ട്. പാകിസ്ഥാനുമായി അതിർത്തിയിൽ സംഘർഷങ്ങൾ ഉണ്ടായപ്പോഴൊക്കെ ചൈനീസ് നിർമ്മിത ആയുധങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളുമാണ് പാകിസ്ഥാൻ പ്രധാനമായും ഉപയോഗിച്ചത്. എന്നാൽ ഇന്ത്യൻ മിസൈലുകൾക്ക് മുന്നിൽ അവയെല്ലാം തകർന്നു തരിപ്പണമാകുകയാണുണ്ടായത്. അന്നേ ഇന്ത്യൻ സൈന്യം വളരെ വ്യക്തമായി പറഞ്ഞിരുന്നു; ഡിപ്ലമാറ്റിക് ലെവലിൽ എത്ര ചർച്ചകൾ നടന്നാലും അതിർത്തിയിൽ ചൈന ശത്രുവിനെപ്പോലെ തന്നെയാണ് പെരുമാറുന്നത്, അതിനാൽ ഞങ്ങൾ സദാ ജാഗരൂകരായിരിക്കും എന്ന്.
അരുണാചൽ പ്രദേശിന്റെ കാര്യത്തിലേക്ക് വരുമ്പോൾ, അരുണാചൽ പ്രദേശ് മുഴുവൻ തങ്ങളുടെ പ്രദേശമാണെന്നാണ് ചൈനീസ് വാദം. അതുകൊണ്ടാണ് അരുണാചൽ പ്രദേശിലെ പല പ്രധാന സ്ഥലങ്ങളുടെയും പേരുകൾ മാറ്റി ഔദ്യോഗിക നോട്ടിഫിക്കേഷൻ ഇറക്കുന്നതും, അരുണാചലിനെ തങ്ങളുടെ മാപ്പിൽ ഉൾപ്പെടുത്തി ചൈന ഇടയ്ക്കിടെ പ്രകോപനങ്ങൾ സൃഷ്ടിക്കുന്നതും. പലതവണ അരുണാചൽ അതിർത്തിയിലേക്ക് കടന്നുകയറാൻ അവർ ശ്രമിച്ചിട്ടുമുണ്ട്. എന്നാൽ അത്തരത്തിലുള്ള എല്ലാ ഫേസ് ഓഫുകളെയും നമ്മുടെ ശൗര്യ കമാൻഡോസ് ഫലപ്രദമായി നേരിട്ടിട്ടുണ്ട്. മലനിരകളിൽ അതിവിദഗ്ദ്ധമായി യുദ്ധം ചെയ്യാൻ വേണ്ടി ഐടിബിപി രൂപീകരിച്ച പ്രത്യേക വിഭാഗമാണ് ശൗര്യ കമാൻഡോസ്. പരമ്പരാഗത യുദ്ധമുറകൾക്ക് പുറമേ, ഡ്രോണുകളും ആധുനിക ആന്റി-ഡ്രോൺ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ച് അതിർത്തികൾ കൂടുതൽ മോഡണൈസ് ചെയ്യാനുള്ള പ്രവർത്തനങ്ങൾ നിലവിൽ നടന്നുവരികയാണ്. 2027-ഓടെ ഐടിബിപിയുടെ മുഴുവൻ സൈനികരും ഇതിനായി പൂർണ്ണമായി സജ്ജമാകും.
രാജ്യസുരക്ഷ എന്നത് ബിജെപിയുടെ ഏറ്റവും വലിയ രാഷ്ട്രീയ കരുത്താണ്. പാകിസ്ഥാനായാലും ചൈനയായാലും അതിർത്തിയിലെ സുരക്ഷാ കാര്യങ്ങളിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന ശക്തമായ നിലപാടുകൾ വോട്ടർമാരുടെ ഇടയിൽ വലിയ അംഗീകാരം നേടുന്നുണ്ട്. ഇത് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഐടിബിപി മേധാവിയുടെ പ്രസംഗത്തിലെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത്, കേന്ദ്ര സർക്കാരിതിരെ അവർ വീണ്ടും ശക്തമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ അരുണാചൽ പ്രദേശിൽ പുതിയൊരു അടിയന്തിര സാഹചര്യമോ സൈനിക പോസ്റ്റുകൾ നഷ്ടപ്പെടുന്ന അവസ്ഥയോ ഉണ്ടായിട്ടില്ല. നമ്മുടെ സേന അതിർത്തിയിൽ അതിശക്തമായ ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ടെന്നും, ഒരു തരി മണ്ണ് പോലും ശത്രുവിന് വിട്ടുകൊടുത്തിട്ടില്ലെന്നും സൈന്യവും സർക്കാരും ഒരേസ്വരത്തിൽ വ്യക്തമാക്കുന്നു. ചുരുക്കത്തിൽ, പതിവായി അതിർത്തിയിൽ നടക്കുന്ന ചെറിയ പ്രകോപനങ്ങളെ നമ്മുടെ സൈന്യം എക്കാലത്തും വിജയകരമായി പ്രതിരോധിക്കുന്നുണ്ട് എന്നതാണ് വാസ്തവം.
