‘രാമായണ’; റിലീസിനും മുൻപ് വൻ കളക്ഷൻ റെക്കോർഡ്

രൺബീർ കപൂർ, സായ് പല്ലവി, യാഷ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ അഡ്വാൻസ് ബുക്കിംഗിലൂടെ ബോക്സ് ഓഫീസിൽ ചരിത്രനീക്കം തുടരുന്നു. നവംബർ 5-ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം റിലീസിനും മുൻപ് തന്നെ അഡ്വാൻസ് ടിക്കറ്റ് വിൽപ്പനയിലൂടെ 10 കോടിയോളം രൂപയാണ് സമാഹരിച്ചിരിക്കുന്നത്. സക്നിൽക് നൽകിയ കണക്കുകൾ പ്രകാരം വെള്ളിയാഴ്ച (ഒക്ടോബർ 23) രാവിലെ 10 മണി വരെയുള്ള കണക്കുപ്രകാരം ചിത്രം 8.27 കോടി രൂപ ഇതിനോടകം നേടിയിട്ടുണ്ട്. വിവിധ ഭാഷകളിലായി ഇതുവരെ 3,964 ഷോകളിലായി 1.47 ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞിരിക്കുന്നത്.

ഹിന്ദി വിപണികളിലാണ് ചിത്രത്തിന് ഏറ്റവും കൂടുതൽ ഡിമാൻഡുള്ളത്. നിതേഷ് തിവാരി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം 7.48 കോടി രൂപ അഡ്വാൻസ് ബുക്കിംഗിലൂടെ നേടി. കന്നഡ പതിപ്പിന് 57.69 ലക്ഷം രൂപയും തെലുങ്ക് പതിപ്പിന് 21.11 ലക്ഷം രൂപയും ഇതുവരെ ലഭിച്ചിട്ടുണ്ട്. നഗരങ്ങളുടെ അടിസ്ഥാനത്തിൽ ഡൽഹി-എൻ.സി.ആർ. മേഖലയാണ് ബുക്കിംഗിൽ മുന്നിൽ നിൽക്കുന്നത്. ഇവിടെ മാത്രം ചിത്രം രണ്ട് കോടിയിലധികം രൂപ നേടി. മുംബൈയിൽ 1.49 കോടിയും, ഹൈദരാബാദിൽ 47 ലക്ഷവും, ബെംഗളൂരുവിൽ 44.97 ലക്ഷവും, പൂനെയിൽ 42.6 ലക്ഷം രൂപയും ചിത്രം സ്വന്തമാക്കി. സംസ്ഥാനങ്ങളുടെ കണക്കെടുപ്പിൽ മഹാരാഷ്ട്ര, ഡൽഹി, കർണാടക, ഗുജറാത്ത്, തെലങ്കാന എന്നിവയാണ് മുന്നിലുള്ള ആദ്യ അഞ്ച് സ്ഥാനങ്ങളിൽ. ചിത്രത്തിന്റെ നൈറ്റ് ഷോകൾക്കാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. ഇതുവഴി മാത്രം 2.77 കോടി രൂപയാണ് കളക്ഷൻ ലഭിച്ചത്.ചിത്രത്തിൽ ശ്രീരാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും രാവണനായി യാഷും വേഷമിടുന്നു. രവി ദുബെ, സണ്ണി ഡിയോൾ, ലാറ ദത്ത, അരുൺ ഗോവിൽ, രാകുൽ പ്രീത് സിംഗ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. സിനിമയുടെ വിഷ്വൽ ഇഫക്റ്റുകളിലെ ചെറിയ പിഴവുകൾ തിരയുന്നതിനേക്കാൾ, തുറന്ന മനസ്സോടെ തിയേറ്ററുകളിലെത്തി സിനിമ ആസ്വദിക്കണമെന്ന് അടുത്തിടെ കെ.ജി.എഫ്. താരം യാഷ് ആരാധകരോട് അഭ്യർത്ഥിച്ചിരുന്നു. ആഗോള പ്രേക്ഷകർക്കായി ഈ ഇതിഹാസ കഥ സിനിമയാക്കാൻ വലിയ പരിശ്രമവും മുതൽമുടക്കുമാണ് അണിയറപ്രവർത്തകർ നടത്തിയിരിക്കുന്നത്. രാമായണത്തിന്റെ ഒന്നാം ഭാഗം നവംബർ 5-ന് തിയേറ്ററുകളിൽ എത്തുമ്പോൾ, ചിത്രത്തിന്റെ രണ്ടാം ഭാഗം 2027-ൽ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *