മാധ്യമങ്ങൾക്ക് MIBയുടെ വൻ മുന്നറിയിപ്പ്!

രാജ്യത്തെ ദൃശ്യമാധ്യമങ്ങൾക്കും ടിവി ചാനലുകൾക്കും കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം, അഥവാ MIB അയച്ച ഒരു പുതിയ സർക്കുലറാണ് ഇപ്പോൾ മാധ്യമ ലോകത്ത് വലിയ ചർച്ചയായി മാറുന്നത്. ഒറ്റനോട്ടത്തിൽ ഇത് കേവലം നിയമങ്ങൾ ഓർമ്മിപ്പിക്കുന്ന സാധാരണ ഒരു സർക്കുലർ ആയി തോന്നാം. എന്നാൽ ഇതിന്റെ വരികൾക്കിടയിൽ ഒളിഞ്ഞിരിക്കുന്നത് കേരളത്തിലെ പ്രമുഖ മലയാള മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവർക്ക് കിട്ടിയ വലിയൊരു കടിഞ്ഞാണാണ്.
ദേശീയ സുരക്ഷ, കലാപങ്ങൾ റിപ്പോർട്ട് ചെയ്യൽ, അതുപോലെ വൈകുന്നേരങ്ങളിലെ പ്രൈം ടൈം ചാനൽ ചർച്ചകൾ എന്നിവയിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്നിരിക്കുന്ന ഈ പുതിയ നിർദ്ദേശങ്ങൾ എന്തൊക്കെയാണ്? എന്തുകൊണ്ടാണ് കേരളത്തിലെ പല പ്രമുഖ ചാനലുകളും ഈ സർക്കുലറിനെക്കുറിച്ച് മിണ്ടാൻ പോലും മടിക്കുന്നത്?

 സർക്കുലറിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിന് മുൻപ്, ഈ സമയത്ത് തന്നെ കേന്ദ്ര സർക്കാർ ഇത്തരമൊരു നിലപാട് എടുക്കാൻ എന്താണ് കാരണം എന്ന് നമ്മൾ പരിശോധിക്കേണ്ടതുണ്ട്. അടുത്തിടെ ഡൽഹിയിൽ കേന്ദ്ര സർക്കാരിനെതിരെ വലിയൊരു പ്രക്ഷോഭം നടക്കുകയുണ്ടായി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും, സി.പി.എമ്മിന്റെ എം.എ. ബേബിയും, അതിതീവ്ര ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ ഐസയുടെ നേതാവ് നേഹ ബോറയും ഉൾപ്പെടെയുള്ള പ്രമുഖർ ഒന്നിച്ച് അണിനിരന്ന ഒരു പ്രതിഷേധമായിരുന്നു അത്. 'റെജീം ചേഞ്ച്' അഥവാ ഭരണമാറ്റം ലക്ഷ്യമിട്ട് നടന്ന ഈ നീക്കത്തിന് പക്ഷേ പ്രതീക്ഷിച്ച പൊതുജന പിന്തുണ ലഭിച്ചില്ല.

എന്നാൽ ഈ പ്രക്ഷോഭത്തെ ആഘോഷമാക്കിയത് കേരളത്തിലെ ചില പ്രമുഖ മാധ്യമങ്ങളായിരുന്നു. വെറും കുറച്ചുപേർ ചേർന്നൊരുക്കിയ പ്രതിഷേധത്തെപ്പോലും “ഡൽഹി കത്തി തുടങ്ങി” എന്നും “ഇന്ത്യയിൽ ആഭ്യന്തര കലാപം പടരുന്നു” എന്ന രീതിയിലുമുള്ള ഭീതിജനകമായ തലക്കെട്ടുകളോടെയാണ് ചില പത്രങ്ങളും ദൃശ്യമാധ്യമങ്ങളും ജനങ്ങളിലേക്ക് എത്തിച്ചത്. മുൻപ് ഫ്രാൻസിൽ നടന്ന കലാപത്തിന് സമാനമായി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ പ്രേരണ നൽകുന്ന ഇത്തരം റിപ്പോർട്ടിംഗുകൾ സർക്കാരിന്റെയും സുരക്ഷാ ഏജൻസികളുടെയും ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് എല്ലാ ചാനലുകൾക്കും താക്കീതായി ഈ കർശന സർക്കുലർ പുറത്തിറങ്ങുന്നത്.

  ഈ സർക്കുലറിലെ ആദ്യത്തെ പ്രധാനപ്പെട്ട ക്ലോസ് ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ റിപ്പോർട്ടിംഗുമായി ബന്ധപ്പെട്ടതാണ്. രാജ്യത്തെ സൈന്യമോ അർദ്ധസൈനിക വിഭാഗങ്ങളോ മറ്റ് സുരക്ഷാ ഏജൻസികളോ ഭീകരർക്കെതിരെ നടത്തുന്ന നീക്കങ്ങൾ ഇനി ഒരു കാരണവശാലും 'ലൈവ്' ആയി ടെലികാസ്റ്റ് ചെയ്യാൻ പാടില്ല എന്ന് കേന്ദ്രം കർശനമായി നിർദ്ദേശിക്കുന്നു.
    ഇതൊരു പുതിയ നിയമമല്ലെങ്കിലും, വീണ്ടും ഇത് എടുത്തുപറയേണ്ടി വന്നതിന് കൃത്യമായ ചരിത്രപരമായ കാരണങ്ങളുണ്ട്. 1999-ലെ കാർഗിൽ യുദ്ധസമയത്തും 2008-ലെ മുംബൈ ഭീകരാക്രമണ സമയത്തും നമ്മുടെ മാധ്യമങ്ങൾ കാണിച്ച ഉത്തരവാദിത്തമില്ലായ്മ നമ്മൾ കണ്ടതാണ്. മുംബൈയിൽ ഭീകരാക്രമണം നടക്കുമ്പോൾ, നമ്മുടെ ചാനലുകൾ കാണിച്ച തത്സമയ ലൈവ് ദൃശ്യങ്ങൾ നോക്കിയാണ് പാകിസ്ഥാനിലിരുന്ന ഹാൻഡ്‌ലർമാർ ഭീകരർക്ക് വഴികളും സുരക്ഷാ സേനയുടെ നീക്കങ്ങളും ഉപദേശിച്ചു നൽകിയത്. കാർഗിൽ യുദ്ധസമയത്തും   മാധ്യമപ്രവർത്തകരുടെ ലൊക്കേഷൻ ട്രാക്ക് ചെയ്ത് ആക്രമണം നടത്താൻ ശത്രുക്കൾക്ക് സാധിച്ചിരുന്നു.

  ദേശീയ സുരക്ഷയെ അപായപ്പെടുത്തുന്ന ഇത്തരമൊരു സ്ഥിതി ഇനി അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. ഇനി മുതൽ ജമ്മു കശ്മീരിലോ അല്ലെങ്കിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പോപ്പുലർ ഫ്രണ്ട് പോലുള്ള നിരോധിത സംഘടനകൾക്കെതിരെയോ നടത്തുന്ന വലിയ സുരക്ഷാ റെയ്ഡുകളും ഓപ്പറേഷനുകളും ലൈവായി കാണിക്കാൻ മാധ്യമങ്ങൾക്ക് സാധിക്കില്ല. വാർത്തകൾ റിപ്പോർട്ട് ചെയ്യാം, എന്നാൽ ലൈവ് ഫീഡുകൾ പൂർണ്ണമായും കുറ്റകരമായി മാറും.

   സർക്കുലറിലെ രണ്ടാമത്തെ പ്രധാനം അക്രമങ്ങളും ദുരന്തങ്ങളും റിപ്പോർട്ട് ചെയ്യുമ്പോൾ പാലിക്കേണ്ട മാധ്യമ ധർമ്മമാണ്. സമൂഹത്തിൽ ക്രൂരമായ അക്രമങ്ങളോ കൊലപാതകങ്ങളോ നടക്കുമ്പോൾ ചോരയിറ്റുന്ന ദൃശ്യങ്ങളും ശവശരീരങ്ങളും ഭീതിപ്പെടുത്തുന്ന രംഗങ്ങളും ലൈവിലോ അല്ലാതെയോ കാണിക്കുന്നത് ഒഴിവാക്കണം. കുട്ടികളടക്കമുള്ള പ്രേക്ഷകർ കാണുന്ന ടെലിവിഷൻ മാധ്യമങ്ങൾ കൂടുതൽ സ്വയം നിയന്ത്രണം പാലിക്കണം.
  അതുപോലെതന്നെ പ്രകൃതി ദുരന്തങ്ങളോ വലിയ അപകടങ്ങളോ ഉണ്ടാകുമ്പോൾ ജനങ്ങളിൽ അനാവശ്യമായ പരിഭ്രാന്തി സൃഷ്ടിക്കുന്ന രീതിയിൽ വാർത്തകൾ പെരുപ്പിച്ചു കാണിക്കരുത്. ടി.ആർ.പിക്ക് വേണ്ടിയും സെൻസേഷണലിസത്തിന് വേണ്ടിയും രാജ്യത്തിന്റെ ആത്മവിശ്വാസത്തെത്തന്നെ തകർക്കുന്ന തരത്തിലുള്ള കവറേജുകൾ പലപ്പോഴും മലയാള മാധ്യമങ്ങളിൽ പോലും കണ്ടുവരാറുണ്ട്. ദുരന്ത ഘട്ടങ്ങളിൽ ഭരണകൂടത്തിനും അധികൃതർക്കും എതിരെ ജനങ്ങളിൽ മനഃപൂർവം രോഷം ഉണ്ടാക്കിയെടുക്കുന്ന റിപ്പോർട്ടിംഗ് ശൈലിയെയാണ് സർക്കുലറിലൂടെ കേന്ദ്രം ചോദ്യം ചെയ്യുന്നത്. കൂടാതെ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായവരുടെ വിവരങ്ങളോ പേരോ വെളിപ്പെടുത്തരുതെന്ന മുൻ നിയമങ്ങളും കർശനമായി തുടരും.

 ഇനി വരുന്നത് ഈ സർക്കുലറിന്റെ ഏറ്റവും നിർണായകമായ ക്ലോസ് 6 (Clause 6) ആണ്. ഇത് കൃത്യമായി നമ്മുടെ വൈകുന്നേരങ്ങളിലെ പ്രൈം ടൈം ചാനൽ ചർച്ചകൾക്ക് ലഭിച്ച തിരിച്ചടിയാണ്.
നമ്മൾ എന്നും ടിവിയിൽ കാണാറുണ്ട്, ചാനൽ ചർച്ചകളിൽ പങ്കടുക്കുന്ന ചില അതിഥികൾ അഥവാ പാനലിസ്റ്റുകൾ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയിലോ രാജ്യത്തിനെതിരെ വിദ്വേഷം വളർത്തുന്ന രീതിയിലോ സംസാരിക്കും. ചർച്ച കഴിഞ്ഞ് വിളിച്ച് ഇരുത്തിയ ആളോട് എതിർപ്പൊന്നും കാണിക്കാതെ, താഴെ ചെറിയ അക്ഷരത്തിൽ ഒരു ഡിസ്‌ക്ലെയിമർ കാണിക്കും — "ഇത് അതിഥിയുടെ വ്യക്തിപരമായ അഭിപ്രായമാണ്, ചാനലിന് ഇതിൽ ഉത്തരവാദിത്തമില്ല" എന്ന്.

എന്നാൽ പുതിയ റൂൾ 6(1)(c), (d) പ്രകാരം ഇനി ആ ഒഴിഞ്ഞുമാറൽ നടപ്പില്ല! ചർച്ചയിൽ പങ്കടുക്കുന്ന പാനലിസ്റ്റുകളെ തെരഞ്ഞെടുക്കുന്നതിൽ ചാനലുകൾക്ക് കൃത്യമായ ‘എഡിറ്റോറിയൽ കൺട്രോൾ’ (Editorial Control) ഉണ്ടായിരിക്കണം. ഫ്ലോറിൽ ആര് വന്ന് എന്ത് സംസാരിക്കും എന്ന് മുൻകൂട്ടി പരിശോധിക്കണം. ചാനൽ ഫ്ലോറിൽ വന്നിരുന്ന് ഏതെങ്കിലും അതിഥി വർഗീയതയോ രാജ്യവിരുദ്ധതയോ വിളിച്ചുപറഞ്ഞാൽ, അതിന് ഉത്തരവാദി ആ അതിഥി മാത്രമല്ല, ആ ചാനൽ മാനേജ്‌മെന്റും ആങ്കറും കൂടിയായിരിക്കും. അതായത്, അതിഥികളുടെ മറവിൽ നിന്ന് വിഷം പ്രചരിപ്പിക്കുന്ന ചാനൽ തന്ത്രങ്ങൾക്ക് ഇനി കേന്ദ്രം പൂട്ടിടുകയാണ്.
1995-ലെ കേബിൾ ടിവി നെറ്റ്‌വർക്ക് റെഗുലേഷൻ ആക്ട് മുന്നിൽ നിർത്തിക്കൊണ്ടാണ് കേന്ദ്ര സർക്കാർ ഈ നടപടികൾ കർശനമാക്കുന്നത്. സർക്കാരിന്റെ കോടിക്കണക്കിന് രൂപയുടെ പരസ്യങ്ങൾ വാങ്ങിക്കൂട്ടുകയും, മറുവശത്ത് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ കൂട്ടുനിൽക്കുകയും ചെയ്യുന്ന മാധ്യമ ഭീമന്മാർക്കുള്ള വ്യക്തമായ മുന്നറിയിപ്പാണിത്. ഈ ചട്ടങ്ങൾ ലംഘിക്കുന്ന ചാനലുകളുടെ ലൈസൻസ് വരെ റദ്ദാക്കാൻ സർക്കാരിന് അധികാരമുണ്ട്.നിയമലംഘനം നടത്തുന്ന ചാനലുകൾക്കെതിരെ കേസ് എടുക്കാനും ലൈസൻസ് റദ്ദാക്കാനും ഈ നിയമത്തിലൂടെ കേന്ദ്ര സർക്കാരിന് സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *